Connect with us

Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സി പി എം

സെക്രട്ടറി, സി പി എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. ഒരു വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടില്ല.

Published

|

Last Updated

കണ്ണൂര്‍ | പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ ആരോപണം സി പി എം തള്ളി. ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയാ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. സെക്രട്ടറി, സി പി എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം മാറ്റിയത്. ഒരു വ്യക്തിയുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടില്ല.

പാര്‍ട്ടി കൃത്യമായി പരിശോധനക്ക് വിധേയമാക്കുന്ന അക്കൗണ്ടാണിത്. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച സമയത്ത് ആരോപണം ഉന്നയിച്ച കുഞ്ഞികൃഷ്ണനും ഇതേ അക്കൗണ്ട് ആണ് ഉപയോഗിച്ചത്. നോട്ട് നിരോധനത്തിന്റെ ഭാഗമായി പല അക്കൗണ്ടുകളിലൂടെ ആ സമയത്ത് പണം പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ പിന്‍വലിക്കപ്പെട്ട സംഖ്യ ആരും വ്യക്തിഗതമായി ഉപയോഗിക്കുന്നതിനു വേണ്ടിയായിരുന്നില്ലെന്നും സി പി എം ജില്ലാ നേതൃത്വം വിശദീകരിച്ചു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടന്നുവെന്നതിന് തെളിവ് പുറത്തുവിട്ട് സി പി എം മുന്‍ നേതാവും യു ഡി എഫ് പിന്തുണക്കുന്ന പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ വി കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട ബേങ്ക് രേഖകളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്. രക്തസാക്ഷി ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഏരിയാ സെക്രട്ടറി സ്വന്തം പേരിലാക്കി. ഈ പണം വീട് നിര്‍മാണത്തിന് ഉപയോഗിച്ചു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അഴിമതിക്കാര്‍ ആരാണെന്ന് ജനം വിലയിരുത്തുമെന്നും പോരാട്ടം തുടരുകയാണെന്നും കുറിപ്പില്‍ പറയുന്നു.

 

 

Latest