Connect with us

Kerala

ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി; വി ഡി സതീശന്‍

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ തെളിവാണ് ജനവിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിന്റെ വീഴ്ചകളും ജനദ്രോഹ നടപടികളും തുറന്നു കാട്ടുന്നതില്‍ യുഡിഎഫ് വിജയിച്ചെന്നും ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും സതീശന്‍ പറഞ്ഞു.

കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് മിണ്ടുന്നില്ല. മാധ്യമങ്ങളെ കാണാനോ ചോദ്യങ്ങളെ നേരിടാനോ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനും വ്യാജ പ്രചരണത്തിലൂടെ വര്‍ഗീയത ഉണ്ടാക്കാനും മാത്രമാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും സതീശന്‍ പറഞ്ഞു.

തൃശൂരിലെ സിപിഎം കോട്ടകളില്‍ വ്യാപക വോട്ട് ചോര്‍ച്ചയുണ്ടായി.കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ മരവിപ്പിക്കുന്നതിന് തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയ സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രഹസ്യ ധാരണയ്ക്കപ്പുറം പരസ്യമായ സിപിഐഎം- ബിജെപി ഡീല്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടതെന്നും സതീശന്‍ ആരോപിച്ചു.