Connect with us

Kerala

അവധിക്കാല തിരക്ക്; അന്തര്‍സംസ്ഥാന സ്പെഷ്യല്‍ ബസുകളുമായി കെ എസ് ആര്‍ ടി സി

അടുത്ത മാസം 14 മുതല്‍ നവംബര്‍ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകള്‍ സര്‍വീസ് നടത്തും.

Published

|

Last Updated

തിരുവനന്തപുരം | മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ എസ് ആര്‍ ടി സി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അടുത്ത മാസം 14 മുതല്‍ നവംബര്‍ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകള്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, നിലമ്പൂര്‍, പൊന്നാനി, എറണാകുളം, ചങ്ങനാശ്ശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, അടൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ മൈസൂരുവില്‍ നിന്ന് കണ്ണൂര്‍, മധുര എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മള്‍ട്ടി ആക്‌സില്‍ എ സി ബസുകളാണ്. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് തിരികെ അന്യസംസ്ഥാനങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും പദ്ധതിയുണ്ട്. അവസാന നിമിഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാര്‍ക്ക് www.keralartc.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ എന്റെ കെ എസ് ആര്‍ ടി സി നിയോ ഒ പി ആര്‍ എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാവുന്നതാണ്. ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് ടിക്കറ്റിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കെ എസ് ആര്‍ ടി സി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

Content Highlights:
KSRTC has announced special interstate bus services to accommodate the heavy passenger rush during the upcoming holiday season. These additional buses will operate on key routes connecting major cities across neighboring states. Passengers are advised to utilize online reservation facilities for hassle-free travel booking.

 

Latest