Editorial
കാണാതെ പോകുന്ന പ്രവാസത്തിന്റെ കണ്ണീര്‍
പ്രവാസി വെറുമൊരു വരുമാന സ്രോതസ്സല്ല; ഇന്ത്യയുടെ അഭിമാനവും അന്തസ്സുമാണ്. അവരുടെ വിയര്‍പ്പിന്റെ വില കൊണ്ടാണ് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയില്ലാതെ ജീവിക്കുന്നതും നാടിന്റെ ത്വരിത വളര്‍ച്ചയും. പ്രവാസ ഇന്ത്യക്കാരുടെ ക്ഷേമവും ആരോഗ്യവും പ്രയാസരഹിതമായ സാഹചര്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകമാണ് പ്രവാസികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ അയക്കുന്ന പണം നാടിന്റെ സമ്പദ്്വ്യവസ്ഥക്ക് വലിയ ആശ്വാസമാണ്. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രതീക്ഷയും അത്താണിയുമാണ് പ്രവാസികള്‍. എന്നാല്‍, തൊഴിലെടുക്കുന്ന രാജ്യങ്ങളില്‍ അവര്‍ അനുഭവിക്കുന്ന ത്യാഗത്തെക്കുറിച്ചും കഷ്ടപ്പാടിനെക്കുറിച്ചു ആരും അറിയാറില്ല. ഈ കാര്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് വിദേശകാര്യ സഹമന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ വെളിപ്പെടുത്തിയ ചില വിവരങ്ങള്‍. വിദേശത്ത് ദിനംപ്രതി 20 ഇന്ത്യന്‍ തൊഴിലാളികള്‍ മരണപ്പെടുന്നുവെന്നാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. 2021 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 37,740 ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. ഹൃദയാഘാതം, വാഹനാപകടം, തൊഴിലിടങ്ങളിലെ ദുരന്തങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കാരണമായി പറയപ്പെടുന്നത്. എന്നാല്‍, ഈ “സ്വാഭാവിക’ മരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ വിസ്മരിക്കപ്പെടുകയാണ്. അത്യുഷ്ണം സഹിച്ചുള്ള ജോലി, അമിതഭാരം, മതിയായ വിശ്രമമില്ലായ്മ, മാനസിക സമ്മര്‍ദം തുടങ്ങിയവയാണ് ഹൃദയാഘാതം പോലുളള അസുഖങ്ങള്‍ക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില ഗള്‍ഫ് രാജ്യങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടില്‍ തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നതായി റിപോര്‍ട്ടുണ്ട്. ഇവരില്‍ പലര്‍ക്കും വെള്ളവും വിശ്രമവും സുരക്ഷാ സംവിധാനങ്ങളും അപര്യാപ്തവുമാണ്.
കഷ്ടപ്പാടുകള്‍ക്കൊപ്പം പ്രവാസികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളും വര്‍ധിച്ചുവരുന്നു. നിശ്ചിത സമയത്തില്‍ കൂടുതല്‍ ജോലിയെടുപ്പിക്കുക, കൃത്യസമയത്ത് ശമ്പളം നല്‍കാതിരിക്കുക, ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കുക, തൊഴിലുടമ അനധികൃതമായി പാസ്സ്‌പോര്‍ട്ട് കൈവശംവെക്കുക, നിയമപരമായ അവധി നിഷേധിക്കുക, കരാര്‍ കാലാവധി കഴിഞ്ഞിട്ടും എക്‌സിറ്റ് വിസ നല്‍കാതിരിക്കുക തുടങ്ങി നിരവധി ചൂഷണങ്ങളും പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുന്നു പലരും. താമസ സൗകര്യങ്ങളും സുഖകരമല്ല. നൂറുകണക്കിന് തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലെ ശുചിത്വമില്ലാത്ത സാഹചര്യം പകര്‍ച്ചവ്യാധികള്‍ ക്ഷണിച്ചുവരുത്തുന്നു.
റിക്രൂട്ട്‌മെന്റ്്തട്ടിപ്പുകളാണ് തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. മികച്ച ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് റിക്രൂട്ട്‌മെന്റ്്ഏജന്റുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത്. ഈ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു എത്തിപ്പെട്ട പലര്‍ക്കും കഠിന സാഹചര്യങ്ങളില്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യേണ്ടിവരുന്നു. തൊഴില്‍ മേഖലയിലെ ചൂഷണവുമായി ബന്ധപ്പെട്ട് അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യന്‍ മിഷന് 80,985 പരാതികള്‍ ലഭിച്ചതായി മന്ത്രി വെളിപ്പെടുത്തി.
യഥാര്‍ഥത്തില്‍ ഇത് ഇന്ത്യന്‍ പ്രവാസികളുടെ മാത്രം പ്രശ്‌നമല്ല. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തുടങ്ങി നിരവധി രാഷ്ട്രങ്ങളിലെ തൊഴിലാളികളും അനുഭവിക്കുന്നുണ്ട് ഇത്തരം ദുരിതങ്ങള്‍. ആഗോള തൊഴില്‍ നീതി പ്രശ്‌നമാണിത്. ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ആംനസ്റ്റി ഇന്റര്‍നാഷനല്‍ തുടങ്ങി പല അന്താരാഷ്ട്ര സംഘടനകളും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമേരിക്ക മുതല്‍ യൂറോപ്പ് വരെയും ഗള്‍ഫ് മുതല്‍ തെക്കുകിഴക്കന്‍ ഏഷ്യ വരെയുമുള്ള രാജ്യങ്ങളിലെ പടുകൂറ്റന്‍ കെട്ടിടങ്ങള്‍, മികച്ച റോഡുകള്‍, പാലങ്ങള്‍, മെട്രോ റെയിലുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങള്‍ തുടങ്ങിയവക്ക് പിന്നിലെല്ലാം വിദേശ തൊഴിലാളികളുടെ ചോരയും നീരുമാണുള്ളത്. പ്രവാസികളെ ബലിയാടാക്കിയാണ് പല കമ്പനികളും തഴച്ചുവളരുന്നതും വന്‍ ലാഭം നേടുന്നതും. രാഷ്ട്രത്തിന്റെ വികസനത്തിനും സമ്പദ്‌വ്യവസ്ഥ ഉയര്‍ത്താനും എല്ലാവര്‍ക്കും വേണം വിദേശ തൊഴിലാളികളെ. പല വന്‍കിട പദ്ധതികളും മനുഷ്യാവകാശ ലംഘനങ്ങളുടെ പുറത്താണ് പടുത്തുയര്‍ത്തപ്പെടുന്നത്. എന്നാല്‍, മതിയായ വേതനവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ ബന്ധപ്പെട്ടവര്‍ പിശുക്ക് കാണിക്കുകയും ചെയ്യുന്നു.
ആഗോളവത്കരണത്തിന്റെ വിരോധാഭാസങ്ങളിലൊന്നാണിത്. ആഗോളവത്കരണത്തെ തുടര്‍ന്ന് മൂലധനവും സേവനങ്ങളും അതിരുകളില്ലാതെ സഞ്ചരിക്കാന്‍ തുടങ്ങിയെങ്കിലും തൊഴിലാളികളുടെ അവകാശങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ തളച്ചിടപ്പെടുന്നു.
പ്രവാസി വെറുമൊരു വരുമാന സ്രോതസ്സല്ല; ഇന്ത്യയുടെ അഭിമാനവും അന്തസ്സുമാണ്. അവരുടെ വിയര്‍പ്പിന്റെ വില കൊണ്ടാണ് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയില്ലാതെ ജീവിക്കുന്നതും നാടിന്റെ ത്വരിത വളര്‍ച്ചയും. പ്രവാസ ഇന്ത്യക്കാരുടെ ക്ഷേമവും ആരോഗ്യവും പ്രയാസരഹിതമായ സാഹചര്യവും ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്.
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അംഗീകൃത റിക്രൂട്ട്‌മെന്റ്്ഏജന്‍സികള്‍ വഴി മാത്രമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുക, വിദേശ ഭരണകര്‍ത്താക്കളുമായുള്ള ഉഭയ ചര്‍ച്ചകളില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം, ആരോഗ്യ ഇന്‍ഷ്വറന്‍സ്, താമസ സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക, ഇന്ത്യന്‍ എംബസികള്‍ പ്രവാസികളുടെ സുരക്ഷാ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുക, എംബസികളില്‍ പരാതി ലഭിച്ചാൽ ഉടന്‍ ഇടപെടാനുള്ള സംവിധാനം സജ്ജമാക്കുക, പ്രവാസി ഇന്ത്യന്‍ സഹായ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുകയും പ്രാദേശിക ഭാഷകളില്‍ കൗണ്‍സലിംഗ് ഏര്‍പ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് പ്രവാസികള്‍ അനുഭവിക്കുന്ന ചൂഷണത്തിന് നിര്‍ദേശിക്കപ്പെടുന്ന പരിഹാര മാര്‍ഗങ്ങള്‍. റിക്രൂട്ട്‌മെന്റ്്ഏജന്‍സികളെയും തൊഴിലുടമകളെയും നിരീക്ഷിക്കാനായി ഇ- മൈഗ്രേറ്റ് ഓണ്‍ലൈന്‍ സംവിധാനം, പരാതികള്‍ സമര്‍പ്പിക്കാന്‍ മദദ് പോര്‍ട്ടല്‍, നിയമ സഹായവും കൗണ്‍സലിംഗും നല്‍കാന്‍ പ്രവാസി ഭാരതീയ സഹായ കേന്ദ്രങ്ങള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ നാട്ടിലെത്തിക്കാനും നിയമ സഹായം നല്‍കാനും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇവ വേണ്ടത്ര കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. നിയമങ്ങള്‍ കടലാസിലൊതുങ്ങാതെ ഓരോ പ്രവാസിയുടെയും രക്ഷാകവചമായി മാറേണ്ടതുണ്ട്.




