Connect with us

Kerala

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരും, വാഹനത്തിന് മുന്നില്‍ ചാടിയുള്ള സമരം ഉണ്ടാകില്ല; എസ്എഫ്‌ഐ

പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചിട്ടില്ലെന്ന് പി.എം.ആര്‍ഷോ.

Published

|

Last Updated

തിരുവനന്തപുരം| ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ്. അക്രമ സംഭവം ഒന്നും നടന്നിട്ടില്ലെന്നും പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചിട്ടില്ലെന്നും പി.എം.ആര്‍ഷോ പറഞ്ഞു.

വാഹനത്തിന് മുന്നില്‍ ചാടിയുള്ള സമരം ഇനി ഉണ്ടാകില്ല. വാഹനത്തെ സ്പര്‍ശിക്കാതെയുള്ള ജാഗ്രത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറുടെ യാത്രാ റൂട്ട് പോലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം ആര്‍ഷോ നിഷേധിച്ചു. ഞങ്ങള്‍ക്കാരും വിവരം ചോര്‍ത്തി നല്‍കണ്ട. മൂന്നു വഴികള്‍ വഴിയാണ് ഗവര്‍ണര്‍ പോകുന്നത്. ആ വഴികളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുണ്ടായിരുന്നു.

സമരങ്ങളോട് പോലീസിന്റെ നയം മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തല്ലി ചതക്കുന്ന പോലീസ് രീതി മാറിയിട്ടുണ്ടെന്നും ഭരണത്തിന്റെ ഒരു തണലുമില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഗവര്‍ണര്‍ പല തലത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിനോടൊന്നും പറയുന്നില്ലെന്നും ആര്‍ഷോ പറഞ്ഞു.