Connect with us

Vande Bharath Train

പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു; വന്ദേഭാരത് ഓടിത്തുടങ്ങി

ഫ്ലാഗ് ഓഫിന് മുമ്പായി ട്രെയിനിൽ വെച്ച് വിദ്യാർഥികളുമായി പ്രധാനമന്ത്രി കുശലാന്വേഷണങ്ങൾ നടത്തി.

Published

|

Last Updated

തിരുവനന്തപുരം | അർധ അതിവേഗ വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12നായിരുന്നു ഫ്ലാഗ് ഓഫ്. കാസർകോട് വരെയാണ് വന്ദേഭാരത് സർവീസ് നടത്തുക.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, ശശി തരൂർ എം പി തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. ഫ്ലാഗ് ഓഫിന് മുമ്പായി ട്രെയിനിൽ വെച്ച് വിദ്യാർഥികളുമായി പ്രധാനമന്ത്രി കുശലാന്വേഷണങ്ങൾ നടത്തി. പ്രത്യേകം കോച്ചിലായിരുന്നു വിദ്യാർഥികൾ. തങ്ങൾ വരച്ച വന്ദേഭാരതിൻ്റെയും മോദിയുടെയും ചിത്രങ്ങൾ കുട്ടികൾ പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തു. ചില കുട്ടികൾ കവിതയാണ് രചിച്ചത്. ഭിന്നശേഷി കുട്ടികളും ഇവരിലുണ്ടായിരുന്നു.

അതേസമയം, റെയിൽവേ ചുമതലയുള്ള സംസ്ഥാനമന്ത്രി വി അബ്ദുർറഹ്മാൻ, സ്ഥലം എം എൽ എ കൂടിയായ മന്ത്രി ആൻ്റണി രാജു എന്നിവരെ ട്രെയിനിൽ പ്രവേശിപ്പിച്ചില്ല. ഇവർ ട്രെയിനിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ എസ് പി ജി സംഘം തടയുകയായിരുന്നു. അല്പ സമയത്തിനകം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന് സമർപ്പിക്കും. രാവിലെ പത്തിന് ശേഷമാണ് മോദി തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തിൽ ഇറങ്ങിയ മോദി, സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡിൽ തടിച്ചുകൂടിയ ബി ജെ പി പ്രവർത്തകരെയും ജനങ്ങളെയും അഭിവാദ്യം ചെയ്തു. പതിവ് ശൈലിയിൽ വാഹനത്തിൻ്റെ ഡോർ തുറന്ന് ഫൂട്ട് സ്റ്റെപ്പിൽ നിന്നാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്. കേരളീയ ശൈലിയിൽ വെള്ള മുണ്ടും ഷർട്ടും ധരിച്ചാണ് മോദിയെത്തിയത്.

ചെണ്ടമേളവും നാടൻ കലാരൂപങ്ങളുമായി മോദിയെ വരവേൽക്കാൻ ബി ജെ പി പ്രവർത്തകർ വഴിയുടെ പല ഭാഗങ്ങളിൽ തടിച്ചുകൂടിയിരുന്നു. ബി ജെ പി കൊടിയും ഫ്ലക്സുമേന്തിയാണ് പലരും നിന്നത്. കൊച്ചിയിലെ ഹോട്ടലിൽ നിന്ന് രാവിലെ ഒമ്പതോടെയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വായുസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. വിമാനത്താവളത്തിലെത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

ദിണ്ടിഗൽ- പളനി- പാലക്കാട് റെയിൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി എന്നിവയുടെ ശിലാസ്ഥാപനം, നേമം- കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം- ഷൊർണൂർ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റെയും ശിലാസ്ഥാപനം എന്നിവയും നിർവഹിക്കും.