Connect with us

book review

അതിവിപ്ലവത്തിന്റെ പിഴച്ച ചുവടുകൾ

"ഇന്ത്യൻ നക്സലിസത്തിൽ ഒരു കുട്ടർ കൂടുതൽ വലത്തോട്ടും മറ്റൊരു കൂട്ടർ ഇടത്തോട്ടും വ്യതിചലിച്ചു' എന്ന് ആമുഖത്തിൽ തന്നെ സ്റ്റീഫൻ കുറിച്ചിടുന്നത് സത്യസന്ധമായ നിരീക്ഷണം തന്നെയാണ്. പക്ഷേ, അതോടൊപ്പം കൂട്ടിച്ചേർക്കേണ്ട ഒന്നുണ്ട്. പ്രായോഗികമായ ഒരിടതുപക്ഷത്തേക്ക് അത് സഞ്ചരിച്ചിട്ടേയില്ലെന്നും അതാണ് അതിന്റെ തകർച്ചയെ എളുപ്പമാക്കിയതും എന്നതാണ്.

Published

|

Last Updated

മുഖ്യധാരാ ഇടതുപക്ഷം എന്നത് നക്സലൈറ്റുകളെ സംബന്ധിച്ചേടത്തോളം എന്നും റിവിഷനിസത്തിന്റെയും പ്രതിവിപ്ലവകാരികളുടെയും കേദാരമാണ്. കുന്നിക്കൽനാരായണൻ മുതൽ കെ വേണുവരെ ഏതാണ്ടെല്ലാ മുൻ നക്സൽ ലേബലുകളുള്ളവർക്കൊന്നും മറിച്ചു ചിന്തിക്കാനുമാവുന്നില്ല. അവരുടെ പ്രത്യയശാസ്ത്ര ബോധത്തിനനുസരിച്ച് അതിൽ തെറ്റുപറയാനുമാകില്ല.
എന്നാൽ അതിവിപ്ലവത്തിന്റെ പേരിൽ പ്രായോഗികമല്ലാത്ത എടുത്തുചാട്ടങ്ങൾക്ക് നേതൃത്വംനൽകുകയും സ്വഭാവികമായും അത് പരാജയപ്പെടുകയും ചെയ്തതോടെ പിന്നെ ഊട്ടിയ കൈകൾ കൊണ്ടു തന്നെ ഉദകക്രിയ നടത്തുകയും ചെയ്യുന്നവരാണിവരിലധികം പേരും എന്നതാണ് വസ്തുത.

ആ ഗണത്തിൽപ്പെട്ട വലിയൊരു മുൻ നക്സൽ നേതാവാണ് വെള്ളത്തൂവൽ സ്റ്റീഫൻ. അദ്ദേഹമെഴുതിയ പുസ്തകത്തിന്റെ പേര് “വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ ‘ എന്നായതും സ്വഭാവികം.
168 പേജുകളാണീപുസ്തകത്തിന്. തീർച്ചയായും ഈ തുറന്നു പറച്ചിലിൽ പരാജയപ്പെട്ട വിപ്ലവ പ്രവർത്തനത്തിന്റെ ബലഹീനതകളും അപചയങ്ങളും പലയിടത്തും കടന്നുവരുന്നുണ്ട്.

“ഇന്ത്യൻ നക്സലിസത്തിൽ ഒരു കുട്ടർ കൂടുതൽ വലത്തോട്ടും മറ്റൊരു കൂട്ടർ ഇടത്തോട്ടും വ്യതിചലിച്ചു’ എന്ന് ആമുഖത്തിൽ തന്നെ സ്റ്റീഫൻ കുറിച്ചിടുന്നത് സത്യസന്ധമായ നിരീക്ഷണം തന്നെയാണ്. പക്ഷേ, അതോടൊപ്പം കൂട്ടിച്ചേർക്കേണ്ട ഒന്നുണ്ട്. പ്രായോഗികമായ ഒരിടതുപക്ഷത്തേക്ക് അത് സഞ്ചരിച്ചിട്ടേയില്ലെന്നും അതാണ് അതിന്റെ തകർച്ചയെ എളുപ്പമാക്കിയതും എന്നതാണ്.
രണദിവെ തിസീസ് തിരുത്തുമ്പോൾ പാർലിമെന്ററി പാതയിലേക്ക് പോകുന്നതിൽ വിയോജിച്ച ആളാണ് കുന്നിക്കൽ നാരായണൻ എന്ന് പറയുന്ന സ്റ്റീഫൻ പറയാതെ പറയുന്നത് “ശരിയായപാതയിൽ കുന്നിക്കൽ ഒരിക്കലും എത്തിയിരുന്നില്ലാ’ എന്നു തന്നെയായി കരുതണം.
എന്നാൽ തൊട്ടടുത്ത പേജുകളിൽ തലശ്ശേരി ആക്്ഷനിലേക്ക് പോകുമ്പോൾ ബോംബ് നിർമിക്കുന്നതിനുള്ള സാധനങ്ങൾ കൈയിൽ കരുതിയിരുന്നതിനെക്കുറിച്ച് സ്റ്റീഫൻ പറയുന്നു:

“അന്നു പാകതവരാത്ത ചെറുപ്പമായതിനാൽ വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു’ എന്നാണ്. അതിനർഥം ശരിയായ പാതയിൽ കുന്നിക്കൽ മാത്രമല്ല വെള്ളത്തൂവൽ സ്റ്റീഫനും എത്തിയിരുന്നില്ല എന്ന് വായനക്കാർ തിരിച്ചറിയും. പരാജയപ്പെട്ട അതിവിപ്ലവകാരികളുടെയെല്ലാം കുമ്പസാരം ഈ രീതിയിൽത്തന്നെയായിരുന്നു എന്ന് ഇപ്പോൾ നമ്മളും തിരിച്ചറിയുന്നു.
ഈ പുസ്തകത്തിൽ ആ കാലത്ത് ഹൈറേഞ്ചിൽ നടപ്പിലുണ്ടായിരുന്ന “മാറ്റാൾ’ സമ്പ്രദായത്തെ കുറിച്ച് പറയുന്നുണ്ട്. കൂലി കൊടുത്ത് പുര കെട്ടിമേയാൻ കഴിയാത്തവർ അന്ന് സ്വീകരിച്ചിരുന്ന ഒരു മാർഗമായിരുന്നു അത്. ഒരാളുടെ പറമ്പിലെ പണികൾ ( പുര കെട്ടിമേയലടക്കം) മറ്റെല്ലാവരും സഹകരിച്ച് ചെയ്തു കൊടുക്കുക. മറ്റെയാളുടെ ആവശ്യം വരുമ്പോൾ തിരിച്ചും ചെയ്യുക. അതാണ് “മാറ്റാൾ’ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ പരീക്ഷണം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്ന്.

പിന്നീടൊരിടത്ത് അവിടത്തെ ജീവിതാവസ്ഥകളെ വിവരിക്കുന്നതിങ്ങനെ ” എല്ലാ കുടിലുകളിലും പട്ടികൾ കാണും. കുടിലിനകത്ത് അവരുടെ കുട്ടികളും. പട്ടികളും കുട്ടികളും കീറച്ചാക്ക് പുതച്ച് ഒന്നിച്ചാണ് കിടന്നുറങ്ങുക. കുട്ടികൾ വിസർജിച്ചാൽ അത് മുഴുവൻ പട്ടികൾ തിന്നും. അതു കൊണ്ട് കുട്ടികളുടെ ചന്തി കഴുകിക്കൊടുക്കേണ്ട ആവശ്യം പോലും വരില്ലായിരുന്നു.’ ശരിക്കും ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണിത്. ഇത്തരം ഒരു ജനതക്കിടയിലേക്കാണ് സ്റ്റീഫനെപ്പോലുള്ളവർ നക്സൽ സ്വപ്നങ്ങളുമായി കടന്നു ചെല്ലുന്നത്. അതുകൊണ്ടുതന്നെ അവർക്ക് വെള്ളത്തൂവലിനെ പോലുള്ളവർ എളുപ്പത്തിൽ സ്വീകാര്യരായി. പക്ഷേ, സ്വപ്നങ്ങൾ നെയ്തുകൊടുത്തവർ ദുരന്തങ്ങൾ വിലക്കു വാങ്ങുന്നവരായി മാറി എന്നതാണ് ചരിത്രം.

കേരളത്തിലെ നക്സലൈറ്റ് മിശിഹാ എന്നൊക്കെ പിൽക്കാലത്ത് വിശേഷിപ്പിച്ചിരുന്ന വയനാട്ടിലെ വർഗീസിനെക്കുറിച്ചുള്ള പരാമർശങ്ങളിൽ
“സാമൂഹിക കാര്യങ്ങളിൽ പ്രത്യേകിച്ച് അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങളെപ്പറ്റി നല്ലധാരണ വർഗീസിനുണ്ടായിരുന്നു എന്നു പറയുന്നു സ്റ്റീഫൻ. അതോടൊപ്പം വർഗീസ് പ്രത്യയശാസ്ത വിദഗ്ധനല്ലായിരുന്നു എന്നും വർഗീസിന്റെ രാഷ്ട്രീയ ഗുരുവായിരുന്ന എ കെ ജിയെപ്പോലെ’ എന്നും കൂട്ടിച്ചേർക്കുന്നു സ്റ്റീഫൻ .

എ കെ ജിയെപ്പോലെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിച്ച് ജനമനസ്സുകളിൽ സ്ഥാനം നേടിയ ഒരുനേതാവിനേയും വർഗീസിനേയും താരതമ്യം ചെയ്യുക എന്ന യുക്തിസഹമല്ലാത്ത നിലപാടും സ്റ്റീഫന്റെതായുണ്ട്.
വർഗീസ് പിടിക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി സി പി ഐ നേതാവ് അച്ചുതമേനോനായിരുന്നെങ്കിലും ഭരണം കൈയാളിയിരുന്നത് സി എച്ച് മുഹമ്മദ്കോയയും കെ കരുണാകരനുമായിരുന്നു. കരുണാകരന്റെ നിർദേശ പ്രകാരമാണ് മൃതപ്രായനായ വർഗീസിനെ പിടികൂടി ലക്ഷ്മണയുടെ നേതൃത്വത്തിൽ പോലീസ് വെടിവെച്ചുകൊന്നതെന്നും പുസ്തകം പറയുന്നു.
ഈ സത്യം ആ കാലത്തു തന്നെ പലരും തിരിച്ചറിയുകയും വിളിച്ചു പറയുകയും ചെയ്തെങ്കിലും ഭരണകൂടാനുകൂല മീഡിയകൾ അത് ഏറ്റുമുട്ടൽ കൊലയായി ചിത്രീകരിച്ചു. ഇതേ മീഡിയകൾ തന്നെ പിൽക്കാലത്ത് നക്സൽ വേട്ടയെക്കുറിച്ചുള്ള ഫീച്ചറുകൾ പൊടിപ്പും തൊങ്ങലുംവെച്ച് എഴുതിപ്പിടിപ്പിച്ച് കോപ്പികൾ വർധിപ്പിക്കുകയും ചെയ്തതാണ് ചരിത്രം.

കേണിച്ചിറയിലടക്കം കെ വേണു നേരിട്ടിടപെട്ടാണ് മത്തായി വധം നടപ്പാക്കിയതെന്നും ഉന്മൂലനം ശരിയല്ലെന്ന് സ്റ്റീഫൻ വാദിച്ച സമയത്ത് അതിനെ എതിർത്ത വേണുവും ഭാസുരേന്ദ്രബാബുവും പിന്നീട് കളം മാറിയതിന്റെ പിന്നാന്പുറവും ഇതിൽ തുറന്നു കാട്ടുന്നു. രാഷ്ട്രീയ ചിന്തകളിൽനിന്നും വ്യതിചലിച്ച് സാഹിത്യം പറച്ചിലിനും സ്റ്റീഫൻ ഈ ആത്മകഥയിൽ ഇടംകണ്ടെത്തുന്നു. “ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തേക്കാൾ ഇഷ്ടം അദ്ദേഹത്തിന്റെ മുനകൂർപ്പിച്ച കാർട്ടൂണുകൾക്കാണ് സ്റ്റീഫൻ നൽകുന്നത്. സർഗാത്മകതയിൽനിന്നും പിറവിയെടുക്കുന്ന റൊമാന്റിക് സങ്കൽപ്പങ്ങളെ എന്നും തിരസ്്കരിച്ച നക്സലൈറ്റുകളുടെ വരണ്ട ചിന്തകളിൽനിന്ന് വെള്ളത്തൂവൽ സ്റ്റീഫനും മാറി നിൽക്കാനായില്ലെന്നർഥം. അഞ്ച് നോവലുകളും കുറേയധികം ചരിത്ര പഠനക്കുറിപ്പുകളും ദാർശനിക കാഴ്ചപ്പാടുകളും എഴുതിയിട്ടുണ്ട് സ്റ്റീഫൻ.

ആകെ മൊത്തത്തിൽ സ്റ്റീഫൻ പറഞ്ഞു വെക്കുന്നതിന്റെ സാരം ബഹുജനങ്ങളുമായി ബന്ധമില്ലാത്ത ഒറ്റപ്പെട്ട ഭീകരപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഭീമാബദ്ധമാണ് ചാരുമജുംദാർ, കുന്നിക്കൽ നാരായണൻ എന്നിവരെ പിൻപറ്റി നടത്തിയ പ്രവർത്തനങ്ങളെല്ലാം അമ്പേ പരാജയപ്പെടാൻ കാരണമായതെന്ന തുറന്നു പറച്ചിൽ കാലവും ശരിവെച്ചു എന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രാധാന്യമെന്നു പറയാം. ആ അർഥത്തിൽ ചരിത്രസത്യങ്ങളോട് സത്യസന്ധത പുലർത്തിയ ആത്മകഥ കൂടിയാണിത്. പ്രസാധകർ ഡി സി ബുക്സ്. വില 199 രൂപ.

Latest