Cover Story
പൊന്മളയുടെ വെളിച്ചം പ്രസ്ഥാനത്തിന്റെ തെളിച്ചം
വിജ്ഞാന സേവനത്തിന്റെ അര നൂറ്റാണ്ട്. അധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാരെ മുഹ്‌യിസ്സുന്ന അസ്സോസിയേഷൻ ആദരിക്കുന്നു.
2006ൽ ഇന്ത്യാ ഗവൺമെന്റ് മുമ്പാകെ സമർപ്പിക്കപ്പെട്ട സച്ചാർ കമ്മീഷൻ റിപോർട്ടിലെ നിരീക്ഷണ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്്ലിംകൾ മിക്ക മാനവിക വികസന സൂചികയിലും ഏറെ പിന്നാക്കമെന്ന് കാണുന്നു. രാഷ്ട്ര നിർമാണത്തിലും രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ദിയിലും മുഖ്യപങ്ക് വഹിച്ച ഒരു ജനവിഭാഗം ദുസ്സഹമായ പിന്നാക്കാവസ്ഥയിൽ തളച്ചിടപ്പെട്ടതെന്തുകൊണ്ട്? കേരളീയ ഉലമാക്കൾ ഈ അന്വേഷണം സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പേ ആരംഭിച്ചിരുന്നു. നിരവധിയായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷം 1926 ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നിലവിൽ വരുമ്പോൾ ഈ പിന്നാക്കാപമാനത്തിൽ നിന്നുള്ള സമുദായത്തിന്റെ മോചനം ഉലമാഇന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് സമസ്തക്ക് ഒരു നിയമാവലി തയ്യാറാക്കുമ്പോൾ സമസ്തയുടെ സംഘടനാ പരിപാടികളായി ഇങ്ങനെ എഴുതി ച്ചേർത്തത്.
1. അഹ്‌ലുസുന്നത്തി വൽ ജമാഅത്തിന്റെ യഥാർഥ ആശയാദർശങ്ങൾക്ക് അനുസരിച്ച് ഇസ്്ലാമിക വിശ്വാസങ്ങളേയും ആചാരാനുഷ്ഠാങ്ങളേയും പ്രബോധനം ചെയ്യുക.
2. അഹ്‌ലുസുന്നത്തി വൽജമാഅത്തിന്റെ ആശയാദർശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രചാരണത്തെ നിയമാനുസൃതം ചെറുക്കുക.
3. മുസ്്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക.
4. മത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക. മത വിദ്യാഭ്യാസങ്ങളോട് കൈകോർക്കുന്ന മതേതര വിദ്യാഭ്യാസത്തെ േപ്രാത്സാഹിപ്പിക്കുക.
5. അന്ധവിശ്വാസങ്ങൾ, അരാജകത്വം, അധാർമികത, അനൈക്യം എന്നിവ തുടച്ച് നീക്കി മൊത്തത്തിൽ മുസ്്ലിം സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുക.
സമസ്ത ഉലമാക്കൾ കഴിഞ്ഞ 100 വർഷങ്ങളും അതിന്റെ സംഘടനാ പരിപാടികൾ നടപ്പിൽ വരുത്തുന്നതിനായി പ്രവർത്തിക്കുകയായിരുന്നു. ഒറ്റക്കും കൂട്ടായും ഈ ശ്രമങ്ങൾ നിരന്തരം നിർവഹിച്ചു വരുന്നു. 1989ന് ശേഷം സമസ്തയുടെ നേതൃനിരയിലേക്ക് കടന്നുവന്ന മഹാപ്രതിഭയാണ് പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ. ഒരു മതപണ്ഡിതൻ ശരീഅത്ത് കോളജിന് നേതൃത്വം നൽകുന്നത് മനസ്സിലാക്കാം. പക്ഷേ, ഒരു മതപണ്ഡിതന് ആർട്സ് കോളജിനും സയൻസ് കോളജിനും നേതൃത്വം നൽകാനാകുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം ഇംഗ്ലീഷ് സ്കൂളിന്റെ സ്ഥാപകനാകുന്നത് എന്തുകൊണ്ടാണ്? ഉത്തരമൊന്നേയുള്ളു. തന്റെ സമുദായത്തിന്റെ ദുസ്സഹമായ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള നൊമ്പരം.
അരോചകമായ ആ പിന്നാക്കാവസ്ഥയിൽ നിന്ന് സമുദായത്തെ മോചിപ്പിക്കുന്നതിന് തന്റെ നേതൃ പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുന്നോട്ട് വെച്ച സംഘടനാ പരിപാടികളോടുള്ള പ്രതിബദ്ധത, അർപ്പണം. പൊന്മള ഉസ്താദിൽ ഈ അർപ്പണം കാണാം. മുസ്്ലിം ലീഗ് ഉൾപ്പെടെ മുസ്്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനും മുന്നാക്കാവസ്ഥക്കും വേണ്ടി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും നിലവിൽ വരുന്നതിന്റെ പതിറ്റാണ്ടുകൾക്ക് മുമ്പ് സമസ്ത മുസ്്ലിം സമുദായത്തിന്റെ അവകാശ സംരക്ഷണവും വിദ്യാഭ്യാസ പുരോഗതിയും സംഘടനാ പരിപാടികളായി സ്വീകരിച്ചിരുന്നു. സമസ്തയുടെ പരിപാടികൾ പിന്തുടർന്നാണ് പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ തന്റെ കർമ മണ്ഡലം വികസിപ്പിക്കുന്നത്. പ്രതിബന്ധങ്ങൾ ഏറെ നേരിട്ടാണെങ്കിലും സമസ്തയുടെ ഈ കാഴ്ച്ചപ്പാടുകൾ ഒരു കാലത്ത് രാജ്യമാകെ ഏറ്റെടുക്കുക തന്നെ ചെയ്യുമെന്ന് പൊന്മള ഉസ്താദ് ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ മനസ്സിലാക്കിയിരിക്കുന്നു എന്നതാണ് സമുദായത്തിന്റെ ആശ്വാസം.
പ്രസ്ഥാനത്തിന്റെ സ്വത്താണ് പൊന്മള അബ്ദുൽഖാദിർ മുസ്്ലിയാർ. പ്രിയപ്പെട്ട ശൈഖുനാ സുൽത്വാനുൽ ഉലമ തന്റെ പ്രിയ സഹപ്രവർത്തകനെ മുഹ്‌യിസ്സുന്ന എന്ന് സ്ഥാനനാമം നൽകി ആദരിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗവും ഫത്‌വ ബോർഡ് അംഗവുമാണ്.
സുന്നി യുവജന പ്രസ്ഥാനത്തിന്റെ അമരം കാത്ത് ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും നിരവധി വർഷങ്ങൾ. കേരള മുസ്്ലിം ജമാഅത്തിന്റെ ഉപാധ്യക്ഷൻ. വൈജ്ഞാനികലോകത്തെ അമരക്കാരൻ ശൈഖുനാ കോട്ടൂർ ഉസ്താദിന്റെ അരുമ ശിഷ്യൻ. പരി അഹ്്മദ് ഹാജി ദർസിന്റെയും ഇൽമിന്റെയും ലോകത്തേക്ക് കാത്ത് പോറ്റിയ പ്രിയപുത്രൻ . ആ പിതാവിന്റെ നിശ്ചയദാർഢ്യമാണ് പിൽക്കാലത്ത് പ്രസ്ഥാനത്തിന്റെ സ്വത്തായി വളർന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ എന്ന മഹാപ്രതിഭ.
ദർസ് പഠനം നടക്കുന്ന കാലം. നല്ല നിലയിൽ നടന്നിരുന്ന അഹ്്മദ് ഹാജിയുടെ കച്ചവടം ഒരു ഘട്ടത്തിൽ നിർത്തേണ്ടി വന്നു. വരുമാന മാർഗങ്ങൾ അടഞ്ഞ്, ദാരിദ്ര്യം കുടുംബത്തിലേക്ക് നുഴഞ്ഞ് കയറുന്നത് അബ്ദുൽ ഖാദിർ എന്ന മുതഅല്ലിം മനസ്സിലാക്കുന്നു. നാട്ടിലെ കാരണവന്മാർ ഉപദേശവുമായെത്തി. നിനക്കിനി മദ്റസയിൽ പഠിപ്പിച്ച് ഉപ്പയെ സഹായിക്കുന്നതാണ് നല്ലത്. അങ്ങനെ ചിന്തിച്ചാലോ, ഉപ്പ കഷ്ടപ്പെടുമ്പോൾ പഠനവുമായി മുന്നോട്ട് പോകുന്നതെങ്ങനെ? ആശയം ഉപ്പയുടെ മുമ്പിൽ അവതരിപ്പിച്ചതും ദൃഢചിത്തതയോടെയുള്ള മറുപടി വന്നു. അതൊന്നും നോക്കേണ്ട , നീ പഠിച്ചാൽ മതി. പഠനം തുടർന്നു. ഉപരിപഠനത്തിന് ശേഷം ദർസ്് തുടങ്ങി. നാല് വർഷം പിന്നിട്ടു. അപ്പോൾ വരുന്നു ഗൾഫ് മോഹം. ദർസുമായി തുടർന്നാൽ, വീട് ഉൾപ്പെടെയുള്ള കാര്യങ്ങൾ എങ്ങനെ നടക്കും? 40 വിദ്യാർഥികൾ ദർസിൽ ഉള്ളപ്പോഴാണ് ഗൾഫ് മോഹം.
അനുയോജ്യമായ വിസയും മാന്യമായ ജോലിയും ഒരു സുഹൃത്ത് വഴി വന്നിരിക്കുന്നു. ഭാര്യാപിതാവുമായി ആലോചിച്ചു. സമ്മതം, വീട്ടിൽ വന്ന് ഉപ്പയോട് സമ്മതം ചോദിച്ചു. ഉത്തരം വന്നു. വേണ്ട. ദർസ് നടത്തുക. ഇപ്പോൾ വീടിന്റെ ആവശ്യം വന്നിട്ടില്ലല്ലോ. എങ്കിലും ഗൾഫ് മോഹം പിടി വിടുന്നില്ല. ഒരു തീരുമാനമെടുക്കണമല്ലോ. അപ്പോൾ ശൈഖുനാ സി എം മനസ്സിലെത്തി. വീട്ടിലെത്തി വരിനിന്നു. മൂപ്പന്റെ മകൻ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. സി എമ്മിന്റെ അടുത്ത് ചെന്നപ്പോൾ “എവിടേക്കും പോകേണ്ട, നന്നായി ദർസ് നടത്തുക.’ ഞാൻ അൽപ്പ നേരം കൂടി അവിടെ നിന്നപ്പോൾ അന്തിമ തീരുമാനം വന്നു. “എവിടേക്കും പോകേണ്ടതില്ല, നന്നായി ദർസ് നടത്താം. ഇനി നിങ്ങൾക്ക് പോകാം’. ഉപ്പയുടെ ദൃഢനിശ്ചയം വിജയിക്കുന്നു. പൊന്മള അബ്ദുൽ ഖാദിർ മുസ്്ലിയാർ ദർസ് ലോകത്ത് നിറഞ്ഞ് വളരുന്നു. ആയിരക്കണക്കായ ശിഷ്യന്മാരുടെ ഉസ്താദായി, അറബിയിലും മലയാളത്തിലുമുള്ള നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായി, പ്രസ്ഥാനത്തിന്റെ സാരഥിയായി, സുൽത്വാനുൽ ഉലമയുടെ സന്തത സഹചാരിയായി, നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സ്ഥാപകനായി, സുന്നി കേരളത്തിന്റെ നേതൃ സുകൃതമായി, മത യുക്തിവാദികൾക്കും വ്യാജ ആത്മീയവാദികൾക്കും പേടിസ്വപ്നമായി, പ്രസ്ഥാനത്തിന്റെ സ്വത്തായി, പൊന്മള വളർന്നു.
പൊന്മള ഉസ്താദ് ഇപ്പോഴും വേദനയോടെ സ്മരിക്കുന്ന ഒരു ബാല്യകാല ഓർമയുണ്ട്. സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. തീവ്രമായ പനി, ആയുർവേദ ചികിത്സ പരാജയപ്പെട്ടു. ഒടുവിൽ തിരൂരിൽ അലോപതി ഡോക്ടറെ സമീപിച്ചു. മൂന്ന് മാസം നീണ്ട് നിന്ന പനിയും ചികിത്സയും. വാർഷിക പരീക്ഷ നഷ്ടപ്പെട്ടു. വീണ്ടും നാലിൽ തുടരാൻ മനസ്സ് അനുവദിച്ചില്ല. ഫലം സ്കൂൾ പഠനം നാലാം തരത്തിൽ അവസാനിച്ചു. അറിവനുഭവങ്ങൾ എന്ന ശൈഖുനായുടെ മനോഹരമായ പുസ്തകത്തിൽ നിന്ന് ഈ വരികൾ വായിച്ചപ്പോഴാണ് പൊന്മള ഉസ്താദിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച് ഓർത്ത് നോക്കിയത്. നാലാം തരത്തിൽ സ്കൂൾ പഠനം നിർത്തിയ ഒരു മതപണ്ഡിതൻ ആർട്സ് ആൻഡ് സയൻസ് കോളജിന്റെ സ്ഥാപകനാകുന്നു. അതിനും മുമ്പ് സി ബി എസ് സി അംഗീകാരമുള്ള ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നു.
ആനക്കയത്ത് വുമൺസ് കോളജ് സ്ഥാപിക്കുന്നു. മഞ്ചേരി ഹികമിയ സ്ഥാപനങ്ങൾക്ക് സാരഥ്യം വഹിക്കുന്നു. നാലാം ക്ലാസ്സുകാരൻ ആർട്സിന്റെയും സയൻസിന്റെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും അമരം നയിക്കുന്ന പുതിയ അത്ഭുതം സംഭവിക്കുന്നു. ഗഹനമായ രചനകൾ വരുന്നു. ആനുകാലികങ്ങളിൽ പഠനപ്രധാനമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു. എസ് വൈ എസ് മുഖപത്രം സുന്നി വോയ്സ് ദ്വൈവാരികയുടെ മുഖ്യ പത്രാധിപരാകുന്നു, ഐ പി ബി യുടെ ഇസ്്ലാം പഠന പരമ്പരയുടെ ചീഫ് എഡിറ്ററാകുന്നു. മനോഹരവും വിജ്ഞാനപ്രദവുമായ പ്രസംഗങ്ങളും പഠന ക്ലാസ്സുകളും കൊണ്ട് ശ്രോതാക്കളെ പിടിച്ചിരുത്തുന്ന പ്രഭാഷകനായി വളരുന്നു.
പൊന്മളയെ തോൽപ്പിച്ച ആ പഴയ നാലാം ക്ലാസ്സ് തോറ്റുപോകുന്ന വിസ്മയകരമായ വളർച്ച.
സംഘടനകളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും അമരത്ത് നിന്ന് നയിക്കുന്ന നേതൃവിസ്മയം. പ്രസ്ഥാനിക രംഗത്തും ആദർശ രംഗത്തും എതിരാളികളെ നിഷ്പ്രഭമാക്കുന്ന വാക്പ്രയോഗങ്ങൾ. തക്ബീറിന്റെ അകമ്പടിയോടെ ലക്ഷ്യങ്ങളിൽ പതിച്ച് അവ സുരക്ഷിതമായി തിരിച്ചുവരുമ്പോൾ നഗരിയിൽ വീണ്ടും ആരവങ്ങളുടെ മുഴക്കം. അല്ലാഹു അക്ബർ.
അന്ന് പ്രസ്ഥാനത്തെ നെഞ്ചേറ്റി പൊന്മള സഞ്ചരിച്ചു. ഇന്ന് പ്രസ്ഥാനം ആ മഹാപ്രതിഭയെ നെഞ്ചേറ്റുന്നു. പ്രസ്ഥാനത്തിന്റെ പൊന്മള ആദരിക്കപ്പെടുന്നു.പിന്നിട്ട 50 വർഷങ്ങളുടെ ആഘോഷം നന്മ നിറഞ്ഞ ഒത്തിരി വർഷങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനാസന്ദർഭം കൂടിയാണ്.
വിജ്ഞാന സേവനത്തിന്റെ സമ്പന്നമായ ഭാവിയിലേക്ക് ധീര സാരഥേ, സ്വാഗതം. അങ്ങ് ഞങ്ങൾക്കായി സമർപ്പിച്ച ജ്ഞാനസമ്പന്നമായഅമ്പതാണ്ടുകൾക്ക് മനസ്സ് നിറഞ്ഞ് നന്ദി.
മുഹ്‌യിസ്സുന്ന അസ്സോസിയേഷൻ
കേരളീയരായ അഹ്്ലുസ്സുന്നക്ക് ഈ നാമം സുപരിചിതമാണ്. ശൈഖുനാ മുഹ്‌യിസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരുടെ ദർസിലെ പൂർവ വിദ്യാർഥികളുടേതാണീ സംഘടന. സമാന സംഘങ്ങളിൽ നിന്ന് വിഭിന്നമായി ഞങ്ങൾ നടത്തിയ ധീരമായ കാൽവെപ്പുകൾ മുഹ്്യിസ്സുന്നയെ വിശ്രുതമാക്കി. നിലവിൽ രണ്ടായിരത്തോളം പണ്ഡിതർ മുഹ്‌യിസ്സുന്ന അംഗങ്ങളായുണ്ട്. ഖാളിമാർ, മുദർരിസുമാർ, ഖത്വീബുമാർ, ദാഇകൾ, പ്രാസ്ഥാനിക പ്രവർത്തകർ, നേതാക്കൾ തുടങ്ങി വ്യത്യസ്ത സേവകരായി ഇന്ത്യക്കകത്തും പുറത്തും പ്രവർത്തിക്കുന്നു.
പ്രധാന കാൽവെപ്പുകൾ
പ്രസാധനം
ശൈഖുനായുടെ വിലപ്പെട്ട രചനകൾ പ്രകാശിപ്പിക്കുക, ഞങ്ങളുടെ പ്രധാന ലക്ഷ്യമാണ്. പ്രശംസനീയമാം വിധം ഇതിന് തുടക്കം കുറിക്കാനും മുന്നോട്ട് കൊണ്ട് പോകാനും സംഘടനക്ക് കഴിഞ്ഞു. “ഫതാവാ മുഹ്‌യിസ്സുന്ന’ മാത്രം മതി ഈ ശ്രമത്തിന് മികവേകാൻ. ഈ ഗ്രന്ഥത്തിന്റെ പതിനായിരത്തിൽ പരം പ്രതികളാണ് കേരളത്തിലെ സുന്നികൾ ഇതിനകം വാങ്ങിയത്. ശാഫിഇ മദ്ഹബ്, തഹ്‌ഖീഖുൽ മത്വ്്ലബ്, അൽ ഫതാവദ്ദഹബിയ്യ, വിശുദ്ധ റമളാൻ, പഠനങ്ങൾ പ്രബന്ധങ്ങൾ തുടങ്ങി മൂല്യവത്തായ ഗ്രന്ഥങ്ങൾ ഈ പട്ടികയിൽ വരുന്നു. മുഹ്‌യിസ്സുന്ന ലക്ഷ്യം കാണുകയാണ്.
സിലബസും പരീക്ഷയും
പഴമയെ പരിരക്ഷിച്ച് കൊണ്ട് മുഹ്‌യിസ്സുന്ന നടത്തിയ ദർസ് സിലബസ് പരിഷ്കരണം എല്ലാവരാലും പുകഴ്ത്തപ്പെട്ടു. ഇതിന് മുമ്പും പരിഷ്കരണത്തെക്കുറിച്ച് നാം വാചാലമായിരുന്നു. മാതൃകയോ പ്രായോഗിക രീതികളോ ആരും സമർപ്പിച്ചിരുന്നില്ല.
പിന്നീട് സമസ്തക്ക് കീഴിൽ ജാമിഅതുൽ ഹിന്ദ് വന്നപ്പോൾ മുഹ്‌യിസ്സുന്ന ദർസുകളും സ്ഥാപനങ്ങളും അതിന്റെ ഭാഗമായി.
മുഹ്്യിസ്സുന്ന മാതൃക തയ്യാറാക്കി, പ്രായോഗികമാക്കി ആവശ്യമായ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു, ഏകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കി. ദർസീ രംഗത്ത് ഇതെല്ലാം മരീചികയായി തുടരുകയായിരുന്നു.
മുബാഹസയും പണ്ഡിത സംഗമവും
അതിസങ്കീർണമായ ചുറ്റുപാടുകളാണ് ഒരു യുവ പണ്ഡിതന് അഭിമുഖീകരിക്കാനുള്ളത്. വിവിധങ്ങളായ വിഷയങ്ങളിൽ സമുദായം ചെന്ന് വീണുകൊണ്ടിരിക്കുന്നു. നാനാദിശയിൽ നിന്നും അവരെ വലവീശാൻ സർവത്ര ഒരുക്കങ്ങളും തയ്യാറാക്കപ്പെട്ടിരിക്കുന്നു. ശത്രുവലയത്തെ ഭേദിക്കുന്ന കരുത്തോടെ മൂന്നോട്ട് കുതിക്കാൻ പലർക്കുമാകുന്നില്ല. ചിലർ ഇടക്ക് വെച്ച് പിൻമാറാൻ ഇതാണ് കാരണം. ഇതിന് തടയിടാൻ സംഘടിതമായ നീക്കങ്ങൾ അനിവാര്യമാണ്.
ഓരോ കാലത്തുമുണ്ടാകുന്ന പുതിയ വെല്ലുവിളികൾ വ്യക്തമായി അപഗ്രഥിക്കുകയും അത് സംബന്ധമായി യുവ പണ്ഡിതർക്ക് ആഴത്തിൽ സ്റ്റഡി നൽകുകയും ചെയ്യുന്ന സംവിധാനം സ്ഥായിയായ സ്വഭാവത്തോടെ ഉണ്ടായിരിക്കണം. മുഹ്‌യിസ്സുന്നയുടെ പരമവും പ്രധാനവുമായ ലക്ഷ്യം ഇത് തന്നെ.
അതത് കാലങ്ങളിൽ മുസ്‌ലിം സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി, ഇജ്‌തിഹാദ് നടത്താനൊന്നും അർഹതയുള്ളവർ ആധുനിക യുഗത്തിലില്ല. സർവത്ര പ്രശ്നങ്ങളും കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പരതിയാൽ ലഭിക്കും. അവധാനതയോടെ പഠിക്കാനും നിരന്തരം അന്വേഷിക്കാനും പണ്ഡിതന്മാർക്ക് അവസരവും സൗകര്യവുമുണ്ടാവുകയാണ് വേണ്ടത്. ഈ ലക്ഷ്യം മുന്നിൽക്കണ്ടുകൊണ്ടാണ് മുഹ്‌യിസ്സുന്ന, മുബാഹസകൾ നടന്നുവരുന്നത്.
അതത് സന്ദർഭങ്ങളിൽ ശ്രദ്ധേയമായ വിഷയങ്ങൾ തിരഞ്ഞെടുത്ത് മുഹ്‌യിസ്സുന്നയിൽ അംഗങ്ങളായ പണ്ഡിതന്മാർ നടത്തുന്ന ഗഹനമായ ചർച്ചയാണ് മുബാഹസ. ഇതിന്റെ ഭാഗമായി വിപുലമായ പണ്ഡിത ക്യാമ്പുകളും സംഘടന നടത്തിവരുന്നു.
തർബിയത് ക്യാമ്പുകൾ
സംഘടനയുടെ മറ്റൊരു സംരംഭമാണിത്. മുഹ്‌യിസ്സുന്നയിൽ അംഗങ്ങളായ ദർസുകളിൽ നിന്നുള്ള മുതഅല്ലിമുകൾക്ക് വേണ്ടിയാണീ ക്യാമ്പുകൾ. പഠനത്തിൻ്റെ പ്രാധാന്യത്തെ ബോധവൽക്കരിക്കുക, അവരെ സർവ്വായുധ സജ്ജരാക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ നൽകുക, അവശ്യ വിഷയങ്ങളിൽ പ്രാപ്‌തരാകാൻ അനിവാര്യമായ മാർഗ നിർദേശങ്ങൾ നൽകുക, തുടങ്ങിയവ കേമ്പിന്റെ ലക്ഷ്യമാണ്.
സാഹിത്യ മത്സരം
മുഹ്്യിസ്സുന്ന ദർസുകളിലെ മുതഅല്ലിമുകൾ മാത്രം മാറ്റുരക്കുന്ന മുസാബഖകൾ (സാഹിത്യ മത്സരങ്ങൾ) സംഘടന നടത്തിവരുന്നു. വിദ്യാർഥികളുടെ സർഗവാസനകൾ കണ്ടെത്തി പോഷിപ്പിക്കുക, ഏത് സന്ദർഭത്തേയും നേരിടാൻ അവരെ കരുത്തരാക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
ആസ്ഥാനം
റിസർച്ച് സെന്ററും ഓഫീസുമടങ്ങുന്ന കെട്ടിട സമുച്ചയം പൊന്മളയിൽ സംഘടനയുടേതായുണ്ട്. അര നൂറ്റാണ്ടിന്റെ പരിചയ സമ്പത്തുമായി പ്രസ്ഥാനത്തിന്റെ ഓരം പറ്റി നിന്ന് മുഹ്‌യിസ്സുന്ന മുന്നേറുകയാണ്. പോയ കാലത്ത് സഹകരിച്ചവർക്കും സഹായിച്ചവർക്കും നന്ദി. എല്ലാവർക്കും വേണ്ടി പ്രാർഥിക്കുക. അല്ലാഹു ഖബൂൽ ചെയ്യട്ടെ. ആമീൻ
പല്ലാർ ഹസൻ ബാഖവി
(ജനറൽ സെക്രട്ടറി മുഹ്‌യിസ്സുന്ന)




