Connect with us

articles

സംഘടനാ സകാത്തുകാരുടെ ദുർന്യായങ്ങൾ

പാവങ്ങളിലേക്ക് ഒഴുകേണ്ട സകാത്ത് അന്യായമായി തട്ടിപ്പറിക്കാൻ മൗലവിമാർ ആവിഷ്‌കരിച്ച ബിദ്അത്താണ് സകാത്ത് കമ്മിറ്റി. തീർത്തും മതവിരുദ്ധവും പല വിധത്തിലുള്ള സാമ്പത്തിക ചൂഷണവും നടത്തുന്ന ഇത്തരം കമ്മിറ്റികളെ ഏൽപ്പിച്ചാൽ സകാത്ത് എന്ന ഇബാദത് വീടുകയില്ല. നാല് ഓട്ടോറിക്ഷകളുടെയും മൂന്ന് വീടുകളുടെയും ഫോട്ടോ പ്രദർശിപ്പിച്ചത് കണ്ട് സംഘടിത സകാത്ത് ഇവിടെ വിപ്ലവം തീർക്കുന്നുണ്ട് എന്നാരും തെറ്റുദ്ധരിക്കേണ്ട.

Published

|

Last Updated

സകാത്ത് വിതരണം സംഘടന മുഖേനയാക്കണമെന്ന് വാദിക്കുന്നവർ അതിനെ പ്രമാണവത്കരികരിക്കാൻ നിരവധി ദുർന്യായങ്ങൾ പറയാൻ ശ്രമിക്കാറുണ്ട്. അവ ഓരോന്നായി നമുക്ക് വിശകലനം നടത്താം. ഒന്ന്: മുജാഹിദുകൾ എഴുതുന്നു; “സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുന്നതിന് പകരം വ്യക്തികൾ വ്യക്തികൾക്ക് നേരിട്ട് വിതരണം ചെയ്യുന്ന രീതി ഈ രംഗത്തുള്ള ബിദ്അത്താണ്’ (അൽ മനാർ 2013 മെയ്). സകാത്ത് വിതരണ രീതികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് എന്ന് സർവ പണ്ഡിതന്മാരും പറഞ്ഞ ഉടമ നേരിട്ട് വിതരണം ചെയ്യുക എന്ന രീതിയെ ബിദ്അത്തായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇവിടെ. മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിക്കാരും ഏറെ വാഴ്ത്തി പറയുന്ന സ്വാലിഹ് ഫൗസാന്റെ ഫത്്വ കാണുക. “സകാത്ത് നൽകുക എന്നത് ഒരു അമലാണ്. ഏറ്റവും ശ്രേഷ്ഠം ധനത്തിന്റെ ഉടമ തന്നെ സകാത്ത് വിതരണം ഏറ്റെടുക്കുക എന്നതാണ്. അർഹമായവരിലേക്ക് എത്തി എന്നുറപ്പാവാൻ അതാണ് ഉത്തമം’ (മുലഖസ്വുൽ ഫിഖ്‌ഹ് 1/356). താത്പര്യസംരക്ഷണത്തിനു വേണ്ടി ശിർക്കും ബിദ്അത്തും ആരോപിക്കുന്നതിന് യാതൊരു നീതിബോധവും ഇക്കൂട്ടർക്കില്ല. സകാത്ത് പകൽക്കൊള്ള നടത്താൻ കടുത്ത മതവിരുദ്ധ പ്രസ്താവനയാണ് അൽമനാർ ഇവിടെ നടത്തിയിട്ടുള്ളത്. ഉടമ നേരിട്ട് നൽകൽ ബിദ്അത്താണെന്ന് തെളിയിക്കാൻ ഒരാൾക്കും സാധ്യമല്ല.

രണ്ട്: “ഇസ്‌ലാമിലെ ഫർളായ കാര്യങ്ങളെല്ലാം സംഘടിതമായാണ് ചെയ്യേണ്ടത്. നിസ്‌കാരവും ഹജ്ജും നോമ്പുമെല്ലാം സംഘടിതമായാണ് നിർവഹിക്കുന്നത്. അതുപോലെ സകാത്തും സംഘടിതമായി മാത്രമേ നിർവഹിക്കാൻ പാടുള്ളൂ’. സംഘടനാ സകാത്തുകാരുടെ മറ്റൊരു ദുർന്യായമാണിത്. അലിയാർ ഖാസിമിയെപ്പോലുള്ള ചില വാടകപ്രഭാഷകരും ഇത് ഏറ്റുപറഞ്ഞതായി കേട്ടു. നിസ്‌കാരം സംഘടിതമായാണ് നിർവഹിക്കുന്നത് എന്നുപറഞ്ഞാൽ നാട്ടിൽ ഒരു കമ്മിറ്റിയുണ്ടാക്കി, എല്ലാവരും അവരുടെ നിസ്‌കാരം നിർവഹിക്കാൻ ആ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ആ കമ്മിറ്റി ഭാരവാഹികൾ പള്ളിയിൽ ചെന്ന് നിസ്‌കാരം നിർവഹിക്കുകയുമാണോ? അങ്ങനെയാണെങ്കിൽ സകാത്തും നിങ്ങൾ കമ്മിറ്റിയെ ഏൽപ്പിക്കുന്നതിന് ന്യായമാക്കാം. നിസ്‌കാരം ഓരോരുത്തരും നേരിട്ട് വന്ന് നിർവഹിക്കുകയല്ലേ ചെയ്യുന്നത്! ഇതിനോട് സംഘടനാ സകാത്തിനെ എങ്ങനെയാണ് കെട്ടിവെക്കുക?

ഹജ്ജ് കമ്മിറ്റി എന്ന് കേട്ടപ്പോൾ സകാത്ത് കമ്മിറ്റിയെപ്പോലെയാണെന്ന് കരുതിയതാണ് ചിലർ. ഹജ്ജ് നിർബന്ധമായവരൊക്കെ അവരുടെ ഹജ്ജ് നിർവഹിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയാണോ ചെയ്യുന്നത്? നിർബന്ധമായവർ നേരിട്ട് മക്കയിൽ ചെന്ന് നിർവഹിക്കുകയോ ഒരുനിലക്കും പോകാൻ സാധിക്കാത്തവർ മറ്റൊരു വ്യക്തിയെ പകരം അയക്കുകയോ ചെയ്യുകയല്ലേ? ഇതെങ്ങനെ സംഘടനാ സകാത്തിന് തെളിവാകും?
മൂന്ന്: ഇസ്‌ലാമിക ഭരണാധികാരിക്ക് തന്നെ പ്രത്യക്ഷ ധനത്തിന്റെ സകാത്ത് മാത്രമേ വാങ്ങാൻ അധികാരമുള്ളൂ എന്ന വിഷയം സംഘടനാ സകാത്തുകാർ മൂടിവെക്കുന്നു. അത് ചർച്ചയാക്കിയാൽ കേരളത്തിൽ ഈ ഏർപ്പാട് തന്നെ പൂട്ടിപ്പോകേണ്ടിവരും. മുജാഹിദുകൾ ഗ്രൂപ്പ് തിരിഞ്ഞ് സകാത്ത് വെട്ടിപ്പ് തുടങ്ങിയപ്പോൾ ഈ മസ്അല ഒരു വിഭാഗം മുജാഹിദുകൾ ചർച്ചയാക്കിയത് കാണുക. “നാം പഠിപ്പിച്ചത്, സകാത്ത് അർഹിക്കുന്ന ഏതൊരു ധനത്തിന്റെയും സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്താലേ സുന്നത്ത് അനുസരിച്ചുള്ള പരിപൂർണ വിതരണമാവൂ എന്നാണ്.

എന്നാൽ പണ്ഡിതന്മാർ ധനത്തെ കാലി സമ്പത്ത്, തിട്ടപ്പെടുത്താൻ പറ്റുന്ന ചരക്ക്, കാർഷിക-പഴ വർഗങ്ങൾ തുടങ്ങിയവയെ പ്രത്യക്ഷ ധനമെന്നും (അൽ അംവാലുള്ളാഹിറ), സ്വർണം, വെള്ളി, അതിന്റെ സ്ഥാനത്തുള്ള കച്ചവടസ്വത്തുക്കൾ, വാടക, ശമ്പളം, നാണയം തുടങ്ങിയവയെ പരോക്ഷ ധനമെന്നും (അൽ അംവാലുൽ ബാത്വിനി) വിഭജിച്ചിട്ടുണ്ട്. ഇതിൽ പ്രത്യക്ഷ ധനത്തിന്റെ സകാത്ത് ഭരണാധികാരി ആവശ്യപ്പെട്ടാൽ നൽകണം. പരോക്ഷ ധനത്തിന്റെ സകാത്ത് ഉടമസ്ഥന് സ്വയം വിതരണം ചെയ്യാൻ അവകാശമുണ്ട്. (അൽ ഇസ്വ്‌ലാഹ് മാസിക 2015 ജൂലൈ).

സ്വാലിഹ് ഫൗസാൻ എഴുതുന്നു: “നബി(സ്വ)യുടെയും ശേഷം ഖലീഫമാരുടെയും പ്രവർത്തനമനുസരിച്ച് കന്നുകാലികൾ, കൃഷി, പഴവർഗങ്ങൾ പോലുള്ള പ്രത്യക്ഷ സ്വത്തിന്റെ സകാത്ത് സ്വീകരിക്കുന്നതിന് സകാത്ത് നിർബന്ധമാകുന്ന കാലം അടുക്കുമ്പോൾ പിരിവുകാരെ നിയോഗിക്കാൻ മുസ്‌ലിംകളുടെ ഇമാമിന് നിർബന്ധമാകുന്നു (അൽ മുലഖസുൽ ഫിഖ്ഹി 357).

ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഉറക്കം നടിക്കുകയാണ് സംഘടനാ സകാത്തുകാരായ വഹാബികളും മൗദൂദികളും. കേരളത്തിലെ സകാത്ത് മുതലുകൾ പരിശോധിച്ചാൽ ഭരണാധികാരിക്ക് വാങ്ങാൻ അധികാരമുള്ളത് നെല്ലിന്റെ സകാത്ത് മാത്രമായിരിക്കും. അതുതന്നെ വളരെ കുറച്ചുപേർ മാത്രമേ സകാത്ത് നൽകേണ്ടവരായി ഉണ്ടാവുകയുള്ളൂ. ഇവിടെയാണ് ഗവൺമെന്റിനുപോലും വാങ്ങാൻ അധികാരമില്ലാത്ത സ്വർണം, വെള്ളി, കറൻസി, കച്ചവടച്ചരക്കുകൾ തുടങ്ങിയവയുടെ സകാത്ത് ഈ കമ്മിറ്റികൾ ശേഖരിക്കുന്നത്. ഇത് നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയിലില്ലാത്തതാണെന്നാണ് സ്വാലിഹ് ഫൗസാൻ അടക്കം പറഞ്ഞത്. ഫിത്വ്്ർ സകാത്ത് പോലും നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ കാലത്ത് ശേഖരിച്ച് വിതരണം നടത്തിയിരുന്നില്ലായെന്നാണ് ഇപ്പോൾ മുജാഹിദുകളിലെ ഒരു വിഭാഗം അവരുടെ ലോകപണ്ഡിതനായ അൽബാനിയെ ഉദ്ധരിച്ച് എഴുതുന്നത്.

“നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ കാലത്ത് സകാത്തുൽ ഫിത്വ്്ർ ശേഖരിച്ച് വിതരണം ചെയ്തിട്ടില്ല. മറിച്ച് ൈവയക്തികമായി വിതരണം നടത്തുകയാണുണ്ടായത്. ഇപ്രകാരം ശൈഖ് അൽബാനി തന്റെ “ദുറൂസുൽ ശൈഖ് അൽബാനി 26/10ൽ പറഞ്ഞതായി കാണുന്നു. (അൽ ഇസ്വ്‌ലാഹ് 2015 ജുലൈ).
കേരളത്തിലെ സംഘടനാ സകാത്തുകാർ മൂടിവെച്ച ഇത്തരം യാഥാർഥ്യങ്ങൾ പുറത്തുവരാൻ തുടങ്ങിയത് ഗൾഫിൽ നിന്ന് വരുന്ന സകാത്ത് ഫണ്ട് ഗ്രൂപ്പ് തിരിച്ച് നൽകാൻ തുടങ്ങിയപ്പോഴാണ്. ചുരുക്കത്തിൽ തീർത്തും മതവിരുദ്ധമായ മാർഗത്തിലൂടെ ജനങ്ങളുടെ പണം പിടുങ്ങുകയാണ് ഈ പുരോഹിതന്മാർ.

നാല്: ഉടമസ്ഥർ നേരിട്ട് വിതരണം നടത്തിയാൽ യാചനയെ പ്രോത്സാഹിപ്പിക്കലാകുമെന്നാണ് സംഘടനാ സകാത്തുകാരുടെ മറ്റൊരു ദുർന്യായം. കെ എൻ എം പുറത്തിറക്കിയ സകാത്ത് മാർഗരേഖയിൽ പറയുന്നു; “താഴെത്തട്ടിലുള്ള മുസ്‌ലിംകളെ എരപ്പാളികളാക്കി തെരുവിൽ പ്രദർശിപ്പിക്കുകയും സമൂഹത്തിലെ ഉച്ചനീചത്വം മറനീക്കി പ്രദർശിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഒരു കരുവായിരിക്കുന്നു ഈ പരിശുദ്ധ കർമം (മാർഗരേഖ -പേജ്. 9).
ഉടമകൾ നേരിട്ട് അർഹതപ്പെട്ടവർക്ക് സകാത്ത് നൽകുന്നത് തടയാൻ പാവപ്പെട്ടവർ തങ്ങളുടെ അവകാശം വാങ്ങാൻ പോകുന്നതിനെ “എരപ്പത്തരം’ എന്നാക്ഷേപിച്ചത് അൽപ്പം കടുത്തതായിപ്പോയി. “അവരുടെ ധനത്തിൽ ചോദിച്ചുവരുന്നവർക്കും ചോദിക്കാത്തതിന്റെ പേരിൽ തടയപ്പെട്ടവർക്കും അവകാശമുണ്ട്’ (അൽമആരിജ് 25) എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. അവകാശം ചോദിച്ചുവാങ്ങുന്നത് എങ്ങനെയാണ് എരപ്പത്തരമാവുക. ഒരാൾ തന്റെ കെട്ടിടം വാടകക്ക് നൽകുന്നു. മാസാദ്യം അവിടെ ചെന്ന് വാടക പിരിക്കുന്നത് എരപ്പത്തരമാണോ?’ നാം ബസിൽ കയറിയാൽ കണ്ടക്ടർ കൈനീട്ടുന്നു. ഇദ്ദേഹവും ഇവരുടെ ഭാഷയിൽ “എരപ്പാളി’യാവില്ലേ!
എന്നാൽ ഒരു വ്യക്തി സ്വകാര്യമായി സമ്പന്നന്റെ വീട്ടിൽ തന്റെ സകാത്ത് വാങ്ങാൻ പോകുന്നതിനെ ഇങ്ങനെ പരിഹസിക്കുന്ന സംഘടനാ സകാത്തുകാർ യഥാർഥത്തിൽ സംഘടിതമായി ചെന്ന് കൂട്ട യാചനയല്ലേ നടത്തുന്നത്.അറബി ശൈഖന്മാരുടെ സകാത്ത് വിഹിതം ഗ്രൂപ്പ് മാറിയതിന്റെ പേരിൽ കിട്ടാതെ വന്ന മുജാഹിദുകൾ തന്നെ സംഘടിത എരപ്പാളിത്തരത്തെ പരിഹസിച്ചെഴുതുന്നത് കാണുക.

“സകാത്ത് വിതരണം വ്യക്തിഗതമല്ലെന്നും അത് സംഘടിതമായി നൽകണമെന്നും ഒരുഭാഗത്ത് വാദിക്കുമ്പോൾ മറുഭാഗത്ത് നടന്നതും നടക്കുന്നതും എന്താണ്? റമസാനിൽ സർവ അറബിക് കോളജുകളും വിദ്യാർഥികളെയും പ്രൊഫഷനൽ പിരിവുകാരെയും 25 മുതൽ 40 ശതമാനം കമ്മീഷൻ നൽകി അയക്കുന്നു. റസീപ്റ്റിൽ സ്വദഖ/ സകാത്തിൽ നിന്ന്… മാത്രം കിട്ടിബോധിച്ചു എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നു. സകാത്ത് സംഘടനക്ക് വേണ്ടിയും സ്ഥാപനങ്ങൾക്ക് വേണ്ടിയും വാങ്ങാൻ സംഘടനയുടെ സാക്ഷ്യപത്രം നൽകി “എരപ്പാളികളെ’ അയക്കുകയും ചെയ്യുന്നു. സംഘടനക്കും സ്ഥാപനത്തിനും വേണ്ടി സകാത്ത് യാചിക്കാമെന്നാണോ?’ (അൽ ഇസ്വ്്ലാഹ് 2015 – ജൂലൈ പേ. 13).

സംഘടനാ സകാത്തുകാരുടെ ഏറ്റവും വലിയ ദുർന്യായമാണ് പാളയത്തിലുള്ളവർ തന്നെ അടിപടലം തകർത്തിരിക്കുന്നത്. പൗരോഹിത്യത്തിന്റെ ഈ പകൽക്കൊള്ളക്കെതിരെ ഇനിയും അകത്തുനിന്നുതന്നെ കതീനവെടി പൊട്ടും. കാരണം സാമ്പത്തിക ചൂഷണം ഏറെക്കാലം ആരും പൊറുപ്പിക്കുകയില്ല.സകാത്ത് സംഘടനക്കാരെ കൊണ്ട് മുജാഹിദ്, ജമാഅത്തെ ഇസ്്‌ലാമി പ്രവർത്തകർക്ക് വന്നുപെട്ട ദുര്യോഗത്തെ സംബന്ധിച്ച് മുജാഹിദ് പത്രം തന്നെ എഴുതുന്നത് കാണുക: “സംഘടന താഴെത്തട്ടിലുള്ള പ്രവർത്തകരെ എരപ്പാളികളാക്കി പാർട്ടി ഓഫീസുകളിലും സകാത്ത് സെല്ലുകൾക്ക് മുമ്പിലും പ്രദർശിപ്പിച്ചിരിക്കുന്നു. സകാത്ത് സംഘടനക്കാരന്റെ ഔദാര്യം പോലെ ആയിത്തീർന്നു. അങ്ങനെയാണ് പാർട്ടിക്കാരന്റെ ഓഫീസിന് മുന്നിലും വീട്ടുപടിക്കലും പാവപ്പെട്ട പ്രവർത്തകർ സക്കാത്തിനുവേണ്ടി നാണംകെട്ട് നിൽക്കേണ്ട ഗതികേട് വന്നത്. അതിൽ സംഘടനാ നേതാക്കൾക്കും ഗണ്യമായ പങ്കുണ്ട്. സ്വകാര്യവ്യക്തിയുടെ വീട്ടുപടിക്കൽ ചെല്ലുന്നതിനേക്കാൾ അധമത്വവും വിധേയത്വവുമല്ലേ ജനമധ്യത്തിലും അങ്ങാടികളിലുമുള്ള പള്ളിക്കമ്മിറ്റി ഓഫീസിനു മുന്നിലും പാർട്ടി ആപ്പീസുകൾക്കു മുന്നിലും തലചൊറിഞ്ഞ് പാർട്ടി വിധേയത്വം അഭിനയിച്ച് കൺവീനർ, ചെയർമാൻ, കമ്മിറ്റി മെമ്പർമാർ എന്നിവർക്ക് മുന്നിൽ ഓച്ഛാനിച്ചുനിൽക്കൽ’ (അൽ ഇസ്വ്്ലാഹ് 2015 ജൂലൈ പേ. 12). സംഘടനാ സകാത്തുകാർ അണികൾക്ക് വരുത്തിവെച്ച അപമാനത്തെക്കുറിച്ചാണ് സ്വന്തം പാളയത്തിൽ നിന്നുതന്നെ ഈ പൊട്ടിത്തെറി കേൾക്കുന്നത്. സകാത്തിന്റെ കാര്യക്ഷമമായ ശേഖരണ വിതരണമാണത്രേ!.

ചുരുക്കത്തിൽ പാവങ്ങളിലേക്ക് ഒഴുകേണ്ട സകാത്ത് അന്യായമായി തട്ടിപ്പറിക്കാൻ മൗലവിമാർ ആവിഷ്‌കരിച്ച ബിദ്അത്താണ് സകാത്ത് കമ്മിറ്റി. തീർത്തും മതവിരുദ്ധവും പല വിധത്തിലുള്ള സാമ്പത്തിക ചൂഷണവും നടത്തുന്ന ഇത്തരം കമ്മിറ്റികളെ ഏൽപ്പിച്ചാൽ സകാത്ത് എന്ന ഇബാദത് വീടുകയില്ല. നാല് ഓട്ടോറിക്ഷകളുടെയും മൂന്ന് വീടുകളുടെയും ഫോട്ടോ പ്രദർശിപ്പിച്ചത് കണ്ട് സംഘടിത സകാത്ത് ഇവിടെ വിപ്ലവം തീർക്കുന്നുണ്ട് എന്നാരും തെറ്റുദ്ധരിക്കേണ്ട. ഭൂരിഭാഗവും അനർഹരുടെ കൈകളിലെത്തുകയും കേവല പാർട്ടി ഫണ്ടായി മാറുകയും ചെയ്യുകയാണ്. സകാത്ത് ദായകർ ജാഗ്രത പുലർത്തുക.
(അവസാനിച്ചു.)

Latest