Connect with us

books

നാസിസത്തിന്റെ വിളയാട്ടം

ഡോ. ബി എന്ന ബുദ്ധിജീവിയുടെ നാസിസം കാലത്തെ ജീവിതാനുഭവങ്ങൾ വിശദമാക്കുന്ന വിഖ്യാത ക്ലാസിക് നോവലാണ് "സ്റ്റെഫാൻ സ്വെയ്‌ഗ്' ന്റെ "ഉന്മാദിയുടെ കരുനീക്കങ്ങൾ' ( The Royal Game) . പതിനെട്ട് അധ്യായങ്ങളുള്ള, വളരെ വൈവിധ്യമാർന്ന രചനാ ശൈലിയാണ് നോവലിന്റെത്.

Published

|

Last Updated

ഡോ. ബി എന്ന ബുദ്ധിജീവിയുടെ നാസിസം കാലത്തെ ജീവിതാനുഭവങ്ങൾ വിശദമാക്കുന്ന വിഖ്യാത ക്ലാസിക് നോവലാണ് “സ്റ്റെഫാൻ സ്വെയ്‌ഗ്’ ന്റെ “ഉന്മാദിയുടെ കരുനീക്കങ്ങൾ’ ( The Royal Game) . പതിനെട്ട് അധ്യായങ്ങളുള്ള, വളരെ വൈവിധ്യമാർന്ന രചനാ ശൈലിയാണ് നോവലിന്റെത്. കഥാപാത്രങ്ങളുടെ ആത്മബന്ധം, മനോവേദന, പ്രണയം, ഭയം, മാനസിക വിഭ്രാന്തി തുടങ്ങി ജീവിതത്തിന്റെ പല താളുകളിലൂടെയാണ് നോവൽ കടന്നുപോകുന്നത്.

ലോക ചാമ്പ്യനായ സെന്റോവിച്ച് എന്ന വ്യക്തിയുടെ ഒരു കപ്പൽ യാത്രയിലൂടെയാണ് നോവൽ തുടക്കം കുറിക്കുന്നത്. ന്യൂയോർക്കിൽ നിന്ന് ബ്യൂണസ് അയേഴ്സിലേക്ക് പുറപ്പെടാനിരിക്കുന്ന കപ്പലിൽ അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കും ബഹളവുമായിരുന്നു. സുഹൃത്തുക്കളെ യാത്രയയക്കാനെത്തിയ സന്ദർശകർ അവിടെയും ഇവിടെയും കൂടിനിന്നു. ജിജ്ഞാസുക്കളായ കുട്ടികൾ മുകളിലേക്കും താഴേക്കും കൂട്ടത്തോടെ ഓടിക്കളിക്കുന്നു. ആ സമയം കപ്പലിന്റെ മേൽത്തട്ടിലെ പാട്ടുകച്ചേരിക്കാർ ഒരേ സ്ഥായിയിൽ പാടിക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ നീങ്ങുന്നു നോവൽ.

മിർകോ സെന്റോവിച്ച് ലോക ചെസ്സ് ചാമ്പ്യനാണ്. ചെസ്സ് കളി വളരെയധികം ശ്രദ്ധയാകർഷിച്ചൊരു കാലത്താണ് മിർകോ സെന്റോവിച്ച് ലോക ചാമ്പ്യൻ ആയതും തീരം മുതൽ തീരം വരെ ഓരോ രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതും. അദ്ദേഹം ലോക ചാമ്പ്യൻ ആയിരുന്നുവെങ്കിലും മറ്റുള്ളവർക്കിടയിൽ ഒരു ന്യൂനത നിഴലിച്ചുനിന്നിരുന്നു. മുമ്പത്തെ കളികളൊന്നും ഓർത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ഓരോ കളിയും വ്യത്യസ്തമായിരുന്നു. ഉപയോഗശൂന്യമായ അവന്റെ തലച്ചോറിന് ചെറിയ കാര്യങ്ങൾ പോലും ഗ്രഹിക്കാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ട് തന്നെ വീട്ടുജോലികളിലും മറ്റും മുഴുകുകയും ബാക്കി സമയങ്ങൾ ചെസ്സ് ബോർഡിനു മുമ്പിലും ചെലവഴിച്ചു. തന്റെ സംരക്ഷകനായ പള്ളീലച്ചനും പോലീസുകാരനും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരിക്കൽ പരിഹാസമെന്നോണം പോലീസുകാരൻ അവനെ ക്ഷണിക്കുകയും പോലീസ് നിലംപതിക്കുകയും ചെയ്തപ്പോഴാണ് മണ്ടനായ സെന്റോവിച്ചിന്റെ കഴിവിനെ കുറിച്ചറിയുന്നത്. തുടർന്ന് മറ്റു നാടുകളിൽ മത്സരിപ്പിക്കുകയും കൂടുതൽ പഠിക്കാൻ അനാഥനായ സെന്റോവിച്ചിനെ പള്ളീലച്ചൻ ഒരു ചെസ്സ് ചാമ്പ്യന്റെ അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. അങ്ങനെ തന്റെ കഴിവിനെ തിരിച്ചറിഞ്ഞ സെന്റോവിച്ച് പിന്നീട് ലക്ഷങ്ങൾ സമ്പാദിക്കുന്ന ലോക ചാമ്പ്യനായി , ഓരോ രാജ്യങ്ങളിലെയും ചാമ്പ്യന്മാരെ കീഴടക്കിക്കൊണ്ടിരുന്നു.

നോവലിന്റെ പകുതിയോടടുക്കുമ്പോഴാണ് പ്രധാന കഥാപാത്രമായ ഡോ. ബി കടന്നുവരുന്നത്. ചലിക്കുന്ന കപ്പലിൽ ചതുരംഗക്കളത്തിനു ചുറ്റും ഉറ്റുനോക്കുന്ന ഒരു പറ്റം ജനങ്ങളുടെ നടുവിൽ സെന്റോവിച്ചും മറുപുറത്ത് മാക് ഇവറും കൂട്ടരും പോരാടിക്കൊണ്ടിരുന്നു. സെന്റോവിച്ചിനെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തണം എന്ന ലക്ഷ്യം ഉണ്ടായിരുന്നെങ്കിലും വിധി മറ്റൊന്നായിരുന്നു. കൂടുതൽ പണം ഇറക്കിയിട്ടും മടിച്ചായിരുന്നു സെന്റോവിച്ച് കളിക്ക് തയ്യാറായത്. പതിവുപോലെ മാക് ഇവറും കൂട്ടരും പരാജയത്തിന്റെ വക്കിലെത്തിയപ്പോഴാണ് പിന്നിൽ നിന്നും ആ ശബ്ദം ഉയർന്നത്. “ദൈവത്തെ ഓർത്ത് നീക്കരുത്’. ഏകദേശം നാൽപ്പത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന ഒരാളാണതു പറഞ്ഞത്. രണ്ടോ മൂന്നോ മിനുട്ട് മുമ്പ് അവിടെ വന്നുചേർന്നതായിരിക്കണം അയാൾ. മെലിഞ്ഞ കൂർത്ത മുഖമായിരുന്നു അയാൾക്ക്.’ നിങ്ങൾ റാണിയെ എടുത്താൽ അദ്ദേഹം ബിശപ്പുകൊണ്ട് അക്രമിക്കും. നിങ്ങൾ പ്രഭുവിനെ കൊണ്ടാവും അതിനെയെടുക്കുക. അതിനിടക്ക് അദ്ദേഹത്തിന്റെ കാലാളെ d7 ലേക്കു നീക്കും. അത് നിങ്ങളുടെ തേരിന് ഭീഷണിയാകും. പ്രഭുവിനെ കൊണ്ട് ചെക്ക് കൊടുത്താലും നഷ്ടം നിങ്ങൾക്കാകും. ഒമ്പതാമത്തെയോ പത്താമത്തെയോ നീക്കത്തിൽ നിങ്ങൾ തോൽക്കും. 1922ൽ പിസ്റ്റനിയിൽ വെച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ ബൊഗുൽ ജൊബോവുമായുള്ള കളിയിൽ അലെഖിൻ അവതരിപ്പിച്ച കളി മാതൃകയാണത്. ഒന്ന് നിശ്ചലമായെങ്കിലും മാക് ഇവറും കൂട്ടരും അതനുസരിച്ചു. സ്ഥിരം പരാജയം ഏറ്റുവാങ്ങിയവർ ആദ്യം സമനിലയും പിന്നീട് വിജയവും കരസ്ഥമാക്കി.

മറ്റുള്ളവരെ നിസ്സാരമായി കണ്ടിരുന്ന സെന്റൊവിച്ച് ബോബിയെ ഒന്ന് ഭയന്നിരുന്നു. എന്നാൽ ലോക ചാമ്പ്യൻ എന്ന അഹങ്കാരത്തിന് യാതൊരു കുറവും കാണിച്ചില്ല. മറ്റൊരു മത്സരത്തിനും കൂടി അയാൾ കരാറൊപ്പിട്ടു. ബോബിയെ കളിയിലേക്ക് ക്ഷണിക്കാൻ ചെന്നപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ഒരു കളിക്ക് സമ്മതം നൽകി. കപ്പലിന്റെ മുകൾത്തട്ടിൽ ഇരുന്നിരുന്ന ബോബി വളരെ സൗമ്യ സമീപ്യമായിരുന്നു, ലോലഹൃദയൻ, തുറന്ന മനസ്സ് ഇതിനൊക്കെ പുറമേ ബോബിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു പറഞ്ഞുതീർക്കാൻ. കളിയിലേക്ക് ക്ഷണിക്കാൻ പോയ മാക് ഇവറും കൂട്ടരും ബോബിയുടെ അനുഭവങ്ങളിൽ ലയിച്ചുകൊണ്ടിരുന്നു. ഓസ്ട്രിയയിലെ നാസികളുടെ അധിനിവേശ നിമിഷം മുതൽ അയാൾ ഉരുവിടാൻ തുടങ്ങി. നാസികളുടെ ക്രൂരമായ പീഡനങ്ങൾക്കും അക്രമങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന, മുറവിളി കൂട്ടുന്ന ഒരു ജനത, കൂട്ടക്കൊലകളും തടവിലാക്കലും സ്ഥിരമായ , രക്തം മണക്കുന്ന തെരുവുകളിലൂടെ പലരെയും കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് ഡോ. ബിയെ അവർ ശിക്ഷിച്ചത്. തീർത്തും ശൂന്യതയിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഒന്നും കാണാനും കേൾക്കാനും അറിയാനും സാധിക്കാത്ത ഒരു ഹോട്ടൽ മുറിയിൽ ഒരു വാതിലും കസേരയും കിടക്കയും മേശയും വാഷ്ബേസും ഭിത്തികളും മാത്രമുള്ള ഒരു ലോകത്ത് ഡോ. ബി എണ്ണിത്തീർത്തത് ഒന്നും രണ്ടും ദിവസങ്ങളല്ല കൊല്ലങ്ങളായിരുന്നു. വാതിൽ രാപകലില്ലാതെ അടഞ്ഞുകിടന്നു. വാർഡന്റെയല്ലാതെ ഒരു മനുഷ്യമുഖം പോലും കാണാനായില്ല. പുസ്തകത്തിലെ നൂറ്റമ്പത് കളികൾ വളരെ ചിട്ടയോടെ രാവും പകലും കളിച്ചു മൂന്ന് മാസം നീണ്ടുനിന്നു. വീണ്ടും അയാൾ ശൂന്യത അഭിമുഖീകരിക്കാൻ തുടങ്ങി. അങ്ങനെ അവസാനം മാനസികമായും ശാരീരികമായും തളർന്ന ഡോ. ബിയെ ചികിത്സിക്കാനായി പുറത്തു കൊണ്ടുപോയി. അനന്തമായ ശൂന്യതയിൽ നിന്നും പുറത്ത് കടന്നപ്പോൾ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആയിരുന്നു അയാൾ. ചികിത്സ ഫലം കണ്ടുതുടങ്ങിയ പാടെ വീണ്ടും നാസികൾ തന്നെ ഇരയാക്കാൻ ശ്രമിച്ചെങ്കിലും ഡോക്ടറുടെ കാരുണ്യ മനസ്സ് സമ്മതിച്ചില്ല. ഇനിയും ചികിത്സ നൽകേണ്ടതുണ്ടെന്ന് ബോധ്യപ്പെടുത്തി അവരെ തിരിച്ചയച്ചു. അങ്ങനെയാണ് ഡോ. ബി വർഷങ്ങൾക്കു ശേഷം തിരിച്ചുവരുന്നത്. പിറ്റേന്നത്തെ കളി കപ്പലിനെ തന്നെ ആകെ ഇളക്കിമറിച്ചു.

ഒരു പറ്റം കാഴ്ചക്കാർക്കിടയിൽ ലോക ചാമ്പ്യനായ സെന്റോവിച്ചും ഡോ. ബിയും ഏറ്റുമുട്ടുന്നു. സെന്റോവിച്ചിന്റെ ഓരോ നീക്കവും വളരെയധികം സൂക്ഷ്മതയോടെയായിരുന്നു. പരിചിത വഴിയിലൂടെ നടക്കുന്നതുപോലെ ഡോ. ബി വളരെ പെട്ടെന്ന് തന്നെ കരുക്കൾ നീക്കിക്കൊണ്ടിരുന്നു. അങ്ങനെ ലോക ചാമ്പ്യൻ സാധാരണക്കാരനായ ഡോ.ബിയുടെ മുന്നിൽ മുട്ടുകുത്തി എന്നതാണ് നോവലിന്റെ അന്ത്യം. ലോക ചാമ്പ്യനേറ്റ തിരിച്ചടിയായി മാറിയിരുന്നു ഡോ. ബിയുടെ ഓരോ ചലനങ്ങളും. രണ്ടാം ലോകമഹായുദ്ധത്തിനു തന്നെ കാരണമായ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വിളയാടലുകൾ എത്രത്തോളമാണ് ജനങ്ങളെ കണ്ണീരിലാഴ്ത്തിയതെന്നും ചുടുരക്തം മണക്കുന്ന തെരുവിൽ എത്രത്തോളമാണ് നിലവിളികൾ ഉയർന്നതെന്നും ഡോ. ബി എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വിശദീകരിക്കുന്നു. മാത്രമല്ല, രണ്ട് വിഭിന്ന മനുഷ്യരുടെ ത്യാഗജീവിതവും ഇതിൽ കുറിക്കുന്നു. നൂറ്റി ഇരുപത് പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് നിയതം ബുക്സാണ്. വില 135 രൂപ.

---- facebook comment plugin here -----

Latest