Connect with us

cover story

പ്രചോദനത്തിന്റെ മുഖം

വെല്ലുവിളികളെ ജീവിതംകൊണ്ട് നേരിട്ട പോരാട്ടത്തിന്റെ പേരാണ് എന്‍ കെ ഉമറുല്‍ഫാറൂഖ്. എല്ലുകളുടെ അമിത വളര്‍ച്ച കാരണം രൂപമാറ്റം വന്ന ശരീരിക അവസ്ഥയില്‍ ആ മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത വൈതരണികളുടെ ആഴവും പരപ്പും നമ്മുടെ സങ്കൽപ്പങ്ങള്‍ക്കപ്പുറത്താണ്. കുഞ്ഞായിരിക്കെ ഉമ്മ കൂടി നഷ്ടമായപ്പോള്‍ ഇരട്ടിദുഃഖം പേറേണ്ടി വന്നിട്ടും ഒരാളുടെയും അവഗണനയെ ലെവലേശം പരിഗണിച്ചിട്ടില്ലെന്ന് മര്‍കസ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ ഉമറുല്‍ ഫാറൂഖ് പറയുന്നത് വെറും ഭംഗിവാക്കുകളല്ലെന്ന് , പിന്നീടയാള്‍ പൊരുതി നേടിയ ജീവിതത്തിന്റെയും നേട്ടങ്ങളുടെയും പട്ടിക നമ്മോട് വിളിച്ചു പറയുന്നുണ്ട്.

Published

|

Last Updated

അറേബ്യയുടെ മണല്‍ത്തരികളെ പുളകം കൊള്ളിച്ച, പ്രവാചകര്‍ക്ക് ധൈര്യവും സ്ഥൈര്യവും പകര്‍ന്ന രണ്ടാം ഖലീഫയുടെ പേരാണ് ഉമര്‍ ഫാറൂഖ്..!
ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ ഹോട്ടല്‍ ഉടമ സി പി കിടാവിന്റേയും സുഹറാബിയുടേയും നാലാമത്തെ മകന് ആ പേര് തന്നെ കൈവന്നത് കേവലം യാദൃച്ഛികം. കുഞ്ഞായിരിക്കുമ്പോഴേ ഉമ്മയെ നഷ്ടപ്പെട്ട മകന്‍.

ലോകം അതിശയത്തോടെയാണ് ഉമര്‍ ഫാറൂഖ് എന്ന ഈ നാൽപ്പതുകാരനെ നോക്കിക്കാണുന്നത്. എല്ലുകളുടെ അമിത വളര്‍ച്ച കാരണം ശരീരത്തിന്റെ സ്വാഭാവിക അവസ്ഥയ്ക്ക് രൂപമാറ്റം സംഭവിക്കുന്ന ഉമര്‍ ഫാറൂഖ്‌ന്റെ രോഗം എന്തെന്ന് തിരിച്ചറിയാന്‍ തന്നെ, ബ്രിട്ടീഷ് ഗവേഷകര്‍ക്ക് ഇരുപത് വര്‍ഷങ്ങള്‍ വേണ്ടി വന്നു. മുഖം പ്രത്യേക രീതിയിലും ശരീരത്തിലെ എല്ലുകളുടെ അമിത വളര്‍ച്ചയുമാണ് ഈ അവസ്ഥയുടെ ആകെത്തുക. ലിയോണ്‍ടിയാസിസ് ഓഷ്യ എന്ന നാമകരണത്തിലാണ് ഈ രൂപത്തെ ഫാറൂഖിന്റെ ചിത്ര സഹിതം വിക്കി പീഡിയയില്‍ ശാസ്ത്ര ലോകം പരിചയപ്പെടുത്തുന്നത്.

രോഗവും ശാരീരികാവസ്ഥയും കാരണം സ്‌കൂള്‍ പഠനം ആരംഭിച്ചത് തന്നെ, ഒമ്പതാം വയസ്സില്‍. കേവലം എട്ട് വര്‍ഷം മാത്രമേ പഠനം നിലനിന്നുള്ളൂ. സഹപാഠികളുടെ പരിഹാസവും കളിയാക്കലുകളും പേടി കലര്‍ന്ന നോട്ടവും അകല്‍ച്ചയും വേറിട്ട് നിര്‍ത്തലും കാരണം, പതിനേഴാം വയസ്സില്‍ പഠനം താത്കാലികമായി നിര്‍ത്തി.
ഒരർധവിരാമം മാത്രമായിരുന്നു അത്, കാരണം കരഞ്ഞു തീര്‍ക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതത്തെ ചേര്‍ത്തു പിടിക്കാനും പുതിയ മേമ്പൊടിയോടെ നെയ്‌തെടുക്കാനും ഇങ്ങ് കേരളത്തില്‍ അരങ്ങൊരുങ്ങിയിരുന്നു. അമ്മാവന്‍ ഷാഹുല്‍ ഹമീദ് സഖാഫി കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ നിന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തിയത് ആയിടക്കാണ്. അദ്ദേഹവും ജ്യേഷ്ഠന്‍ അബൂബക്കര്‍ ബാഖവിയും ധൈര്യവും പ്രചോദനവുമേകി. സ്‌കൂള്‍ പഠനം കാരന്തൂര്‍ മര്‍കസ് ബോര്‍ഡിംഗ് സ്‌കൂളിലേക്ക് മാറ്റി. അവിടേയും കുട്ടികള്‍ക്കിടയില്‍ പരിഹാസവും ഒറ്റപ്പെടലും. എത്രയോ ദിവസങ്ങള്‍ കരഞ്ഞ് തീര്‍ത്തു. സ്‌കൂള്‍ പഠന കാലത്ത് വീഴ്ചകളും പരിക്കും വര്‍ധിച്ചു. കോഴിക്കോട് മെഡി. കോളജില്‍ ഒരു ദിവസം മാത്രം 24 ഓളം എക്‌സ് റേകള്‍ എടുത്തത് ഫാറൂഖിന്റെ ഓര്‍മയിലുണ്ട്.

അവഗണനയുടേയും പരിഹാസത്തിന്റെയും വേദനകളത്രയും കരഞ്ഞു തീര്‍ത്തത്, പടച്ചു വിട്ട റബ്ബിന്റെ സന്നിധിയില്‍….
അത്തരമൊരു സുബ്ഹി (പ്രഭാത നിസ്‌കാരം) വേളയില്‍ ഏകാന്തനായി കണ്ണുനീര്‍ പൊഴിക്കുകയായിരുന്നു. പെട്ടെന്ന് സാന്ത്വനത്തിന്റെ കരങ്ങള്‍ തോളിലമര്‍ന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ശൈഖുനാ കാന്തപുരം ഉസ്താദ്. ചേര്‍ത്ത് പിടിച്ചു, എന്നിട്ട് പറഞ്ഞു. കരയാന്‍ തീരുമാനിച്ചാല്‍ അതിന് മാത്രമേ നേരം കാണൂ.. ചിരിക്കുന്ന നാളുകളെ കിനാവ് കാണ്… വാക്കുകള്‍ പ്രാര്‍ഥനയായിരുന്നുവെന്നാണ് ഫാറൂഖ് പറയുന്നത്.

പിന്നീടൊരിക്കലും ഒരു പരിഹാസത്തിനും കാത് കൊടുത്തില്ല, ഒരാളുടേയും അവഗണനയെ പരിഗണിച്ചിട്ടില്ലെന്ന് ഉമര്‍ ഫാറൂഖ് പറയുമ്പോള്‍ അത് വെറും ഭംഗി വാക്കുകളല്ലെന്ന്, പിന്നീടയാള്‍ പൊരുതി നേടിയ ജീവിതത്തിന്റെയും നേട്ടങ്ങളുടെയും പട്ടിക നമ്മോട് വിളിച്ചു പറയുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന 2023ലെ ഹെലന്‍കെല്ലര്‍ അവാര്‍ഡ് ജേതാവാണ് ഈ പോരാട്ട നായകന്‍. ശരാശരിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാരുള്ള ലക്ഷദ്വീപില്‍ അവരുടെ കൂട്ടായ്മ രൂപവത്കരിക്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനുള്ള അംഗീകാരം.
2011 മുതല്‍ ലക്ഷദ്വീപ് ഡിസേബിള്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന സംഘടനയുടെ സ്ഥാപകനും ചെയര്‍മാനുമാണ് . ഒപ്പം സ്റ്റേറ്റ് ഡിസേബിലിറ്റി അഡ്മിനിസ്‌ട്രേറ്റീവ് മെമ്പര്‍ പദവിയും വഹിക്കുന്നു.

കേരളത്തില്‍ പഠിച്ച സാഹചര്യമാണ് തന്നെ ഇത്തരത്തിലുള്ള മുന്നേറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് ഫാറൂഖിന്റെ നേര്‍സാക്ഷ്യം.
കേരളത്തില്‍ ഒരു ബസില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പരിഗണന പോലും ലക്ഷദ്വിപില്‍ ലഭിച്ചിരുന്നില്ല. ഈ അവസ്ഥ തന്നെ ഇടപെടലിന് പ്രേരിപ്പിച്ചു.
ലക്ഷദ്വീപ് സര്‍ക്കാറിന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, കവറത്തിയിലെ ദ്വീപ് മെഡിക്കല്‍ ബോര്‍ഡ് ഓഫീസ് , ലക്ഷദ്വീപിലേക്കുള്ള കപ്പലുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് ചാര്‍ജ് ഇളവ്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം എന്നീ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് ഡിസേബിള്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്റെ ഇടപെടല്‍ സഹായിച്ചുവെന്ന ആശ്വാസത്തിലാണ് അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറായും അദ്ദേഹം പ്രവര്‍ത്തിച്ചു.
“ചക്കര’ എന്ന പേരില്‍ ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ദ്വീപില്‍ സ്ഥാപനം കെട്ടിപ്പടുത്തു. എന്നാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം വേണമെന്നാവശ്യവുമായി അദ്ദേഹവും സഹ പ്രവര്‍ത്തകരും മുട്ടാത്ത വാതിലുകളില്ല.

മാസാന്തം ഒന്നര ലക്ഷത്തോളം രൂപ ചെലവ് വരുന്ന “ചക്കര’ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണെന്നും സര്‍ക്കാറും പൊതു സമൂഹവും കനിയണമെന്നും ഫാറൂഖ് ആവശ്യപ്പെടുന്നു. മൂന്ന് മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികളാണ് ചക്കരയില്‍ പഠിക്കുന്നത്.
ഭിന്നശേഷിക്കാരുടെ ആരോഗ്യ- വിദ്യാഭ്യാസ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് ഇനിയുള്ള കാലവും മുന്നില്‍ നില്‍ക്കാന്‍ തന്നെയാണ് ഫാറൂഖിന്റെ തീരുമാനം.
കൂടാതെ, ലക്ഷദ്വീപില്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹവും പ്രസവ പരിചരണത്തിന് ആവശ്യമായ ആശുപത്രി സംവിധാനമില്ലാത്തതും ദ്വീപില്‍ ഭിന്നശേഷിക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാകുന്നതായാണ് ഫാറൂഖിന്റെ വിലയിരുത്തല്‍.

കവറത്തി ഗവ. സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലൈേബ്രറിയനാണ്. ജീവിതത്തെ വെല്ലുവിളിയായി ഏറ്റെടുത്ത ഫാറൂഖിന് ജീവിത സഖിയായി ഭിന്നശേഷിക്കാരുടെ അധ്യാപിക കൂടിയായ റമീസ് റിഷ കടന്നുവന്നിട്ട് ഏഴു വര്‍ഷം കഴിഞ്ഞു. ദ്വീപ് മര്‍കസ് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ഥിനിയായ ലാമിയ സഹ്‌റ മകളാണ്.
ഒരു വാതില്‍ അടയുമ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒമ്പത് ജാലകങ്ങള്‍ തുറന്നിടുമെന്ന് ക്ലീഷേ കലര്‍ന്നൊരു മോട്ടിവേഷന്‍ വാചകമുണ്ട്, നമുക്കിടയില്‍. അടഞ്ഞു കിടക്കുന്ന ഒന്നിന് മുന്നില്‍ തരിച്ചിരിക്കാന്‍ തീരുമാനിച്ചാല്‍ കരഞ്ഞു തീര്‍ക്കാന്‍ പിന്നെ കാരണങ്ങള്‍ക്ക് പഞ്ഞം കാണില്ല. ഉമര്‍ ഫാറൂഖിലൂടെ നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നതും മറ്റൊന്നല്ല. രോഗവും രൂപമാറ്റവും തളര്‍ത്തി മറ്റെന്തെല്ലാമോ ആകേണ്ടിയിരുന്ന ആ ജീവിതം ഇന്നെത്തി നില്‍ക്കുന്ന വഴികളിലൂടെ ഒരു കാഴ്ചക്കാരനായെങ്കിലും നമ്മള്‍ കടന്നു പോകണം. അപ്പോള്‍ മാത്രമേ വിശാലമായ സൗഭാഗ്യങ്ങളോടെ ജീവിക്കുന്ന നമ്മള്‍ക്ക് നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള കണക്കെടുപ്പിന് സാധ്യമാകുകയുള്ളൂ.