Connect with us

From the print

തിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നൂര്‍ബിന

'താലിബാന്‍ ലീഗെ'ന്ന് തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചെടുത്ത ചര്‍ച്ചകള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിക്കേണ്ടി വന്ന പാര്‍ട്ടിയിലെ ലക്ഷക്കണക്കായ പ്രവര്‍ത്തകരെക്കുറിച്ച് ഇനിയെങ്കിലും ഹരിത നേതാക്കള്‍ ചിന്തിക്കട്ടെ.'

Published

|

Last Updated

കോഴിക്കോട് | ഹരിത നേതാക്കളെ തിരിച്ചെടുത്തതില്‍ രൂക്ഷ പ്രതികരണവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിനാ റശീദ്. ‘താലിബാന്‍ ലീഗെ’ന്ന് തലക്കെട്ടെഴുതി കേരളത്തിലെ മാധ്യമങ്ങള്‍ കൊഴുപ്പിച്ചെടുത്ത ചര്‍ച്ചകള്‍ക്ക് മുന്നില്‍ ശിരസ്സ് കുനിക്കേണ്ടി വന്ന പാര്‍ട്ടിയിലെ ലക്ഷക്കണക്കായ പ്രവര്‍ത്തകരെക്കുറിച്ച് ഇനിയെങ്കിലും ഹരിത നേതാക്കള്‍ ചിന്തിക്കട്ടെയെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആ വിവാദം പാര്‍ട്ടിക്ക് ഉണ്ടാക്കിയ പരുക്ക് വളരെ ഗുരുതരമാണ്. ഓരോ ലീഗ് പ്രവര്‍ത്തകനെയും സ്ത്രീവിരുദ്ധനായും വികല കാഴ്ചപ്പാടുകാരനായും കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ അവതരിപ്പിച്ച ആ പെണ്‍കുട്ടികള്‍ ഇപ്പോഴും ഇതെല്ലാം പോരാട്ടത്തിന്റെ ഭാഗമായാണെന്ന് ധരിച്ചുകൊണ്ടിരിക്കുകയാണ്. ലീഗിന് നല്‍കിയ ക്ഷമാപണ കത്തിന്റെ അടിസ്ഥാനത്തിലും പാര്‍ട്ടിയെ ധിക്കരിച്ച് അന്ന് വനിതാ കമ്മീഷന് നല്‍കിയ കേസ് പിന്‍വലിച്ച ശേഷവുമാണ് ഇവരെ തിരിച്ചെടുത്തത്. എം എസ് എഫിലും ഹരിതയിലും കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി നടപടി നേരിട്ടവരെ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണെന്നും കമ്മീഷനുകള്‍ വെച്ച് കൃത്യമായ അന്വേഷണം നടത്തി പാര്‍ട്ടിക്ക് ബോധ്യമായ സത്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പാര്‍ട്ടി നടപടി കൈക്കൊണ്ടതെന്നും നൂര്‍ബിന വ്യക്തമാക്കി.

ഹരിത മുന്‍ സംസ്ഥാന പ്രസി. മുഫീദ തെസ്നി, ജന. സെക്രട്ടറി നജ്മ തബ്ശീറ, എം എസ് എഫ് ദേശീയ വൈസ് പ്രസി.ഫാത്വിമ തെഹ്ലിയ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹിത്വം നല്‍കിയിരുന്നു.