Connect with us

From the print

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടും

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം, എയ്ഡഡില്‍ 20 ശതമാനവും അധികസീറ്റ്. നിലവില്‍ 53,250 സീറ്റുകളാണ് ജില്ലയിലുള്ളത്.

Published

|

Last Updated

തിരുവനന്തപുരം | മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന സീറ്റ് ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ അധിക സീറ്റുകള്‍ അനുവദിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ധാരണയായി. സര്‍ക്കാര്‍ സ്‌കൂളുകളിലെ ബാച്ചുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും അധികസീറ്റ് അനുവദിക്കുന്നതിനാണ് മന്ത്രിസഭ തീരുമാനമെടുത്തത്. പ്ലസ് വണ്‍ പ്രവേശനത്തിന് ശേഷം കൂടുതല്‍ സീറ്റുകള്‍ ആവശ്യമാണെങ്കില്‍ അക്കാര്യം പിന്നീട് പരിഗണിക്കാമെന്നും യോഗത്തില്‍ തീരുമാനമായി. നിലവില്‍ 248 സ്‌കൂളുകളില്‍ 1,065 സര്‍ക്കാര്‍, എയ്ഡഡ് ബാച്ചുകളിലായി 53,250 പ്ലസ് വണ്‍ സീറ്റുകളാണ് ജില്ലയിലുള്ളത്.

സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷവും മലപ്പുറം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചിരുന്നു. എന്നിട്ടും ജില്ലയില്‍ സീറ്റുക്ഷാമം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനലാണ് സീറ്റ് വര്‍ധനവ് വരുത്തിയിരുന്നത്.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പത്ത് ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനും കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. മലബാറില്‍ മാത്രം കഴിഞ്ഞ തവണ 2,25,702 കുട്ടികളാണ് എസ് എസ് എല്‍ സി വിജയിച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയിരുന്നത്. എന്നാല്‍, 2,01,885 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.

ഇതേ തുടര്‍ന്ന് പ്രതിഷേധമുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ എല്ലാ സ്‌കൂളുകളിലും 30 ശതമാനം സീറ്റ് വര്‍ധനവ് നടപ്പാക്കി. ഇങ്ങനെ 30,282 സീറ്റുകളാണ് വര്‍ധിച്ചത്. എന്നാല്‍, സി ബി എസ് ഇയില്‍ നിന്ന് കൂടി കുട്ടികള്‍ അഡ്മിഷന്‍ എടുക്കുന്നതിനാല്‍ സീറ്റ് ക്ഷാമം പൂര്‍ണമായും പരിഹരിക്കാനായില്ല. ഈ വര്‍ഷം ഇത്തരം പ്രതിസന്ധികളെ പൂര്‍ണമായി ഒഴിവാക്കാനാണ് പരീക്ഷാ ഫലം എത്തും മുമ്പേ സീറ്റ് വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

നിര്‍ണായകമായത് കേരള മുസ്ലിം ജമാഅത്ത് നേതാക്കളുടെ ഇടപെടല്‍
തിരുവനന്തപുരം എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കും മുമ്പേ മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ നിര്‍ണായകമായത് കേരള മുസ്ലിം ജമാഅത്ത് നേതാക്കളുടെ ഇടപെടല്‍. പതിറ്റാണ്ടുകളായി മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന സീറ്റ് ക്ഷാമം പരിഹരിക്കാന്‍ നടപടി വേണമെന്ന് സുന്നി നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

നവകേരള യാത്ര മലപ്പുറത്തെത്തിയപ്പോള്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് സീറ്റ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാര്‍ച്ചില്‍ നടന്ന യോഗത്തിലും സീറ്റ് വര്‍ധന സംബന്ധിച്ച് നടപടിയുണ്ടാകണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇത്തവണ നേരത്തേ തന്നെ സീറ്റ് വര്‍ധനയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നാലെയാണ് പ്ലസ് വണ്‍ പ്രവേശന നടപടികളാകും മുമ്പേ മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്.

 

 

---- facebook comment plugin here -----

Latest