Connect with us

KANNUR VC ISSUE

കണ്ണൂര്‍ വി സി പുനര്‍ നിയമനത്തിനെതിരായ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി

പ്രതിപക്ഷത്തിനും ഗവര്‍ണര്‍ക്കും തിരിച്ചടി: സര്‍ക്കാര്‍ തീരുമാനത്തിന് അംഗീകാരം

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. നേരത്തെ സിംഗിള്‍ ബെഞ്ചും സമാന വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹരജികളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളിയത്. യു ജി സി ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കുമെതിരായി ഒന്നും വി സി നിയമനത്തിലുണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ സര്‍വകലാശാല വിഷയത്തില്‍ പ്രതിപക്ഷത്തിനും ഹരജിക്കാരായ സേവ് യൂണിവേഴ്‌സിറ്റി ഫോറം ഭാരവാഹികള്‍ക്കും ഗവര്‍ണര്‍ക്കുമെല്ലാമേറ്റ കനത്ത തരിച്ചടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോടതിക്ക് പുറത്ത് സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കോടതിയില്‍ അദ്ദേഹം സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തതുമില്ല. ഫലത്തില്‍ ഗവര്‍ണറുടെ ഇരട്ടത്താപ്പിന്കൂടി ലഭിച്ച അടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്.

കണ്ണൂരിലേത് രാഷ്ട്രീയ നിയമനമാണെന്നും യു ജി സി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി ബിന്ദുവിനെ ചേര്‍ത്തായിരുന്നു പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതെല്ലാം തള്ളുന്ന തരത്തിലാണ് ഇപ്പോള്‍ സിംഗിള്‍ ബഞ്ച് വിധി ഡിവിഷന്‍ ബഞ്ചും ശരിവെച്ചിരിക്കുന്നത്.