Connect with us

Editorial

ക്യാമറക്കണ്ണ് തുറക്കും; ട്രെയിനില്‍ ഇനി ശുഭയാത്ര

യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കി റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ അവസ്ഥയാകരുത് ട്രെയിനുകളില്‍ പുതുതായി സ്ഥാപിക്കുന്ന ക്യാമറകളുടേത്. സ്റ്റേഷനുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ നല്ലൊരു പങ്കും പ്രവര്‍ത്തനരഹിതമാണ്.

Published

|

Last Updated

സി സി ടി വി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും ഇനി ട്രെയിന്‍ യാത്ര. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് കോച്ചുകളിലും ലോക്കോമോട്ടീവുകളിലും സി സി ടി വി ക്യാമറ സ്ഥാപിക്കുകയാണ് റെയില്‍വേ. ശനിയാഴ്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും പങ്കെടുത്ത ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യപടിയായി 74,000 കോച്ചുകളിലും 1,500 ലോക്കോമോട്ടീവുകളിലുമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഓരോ കോച്ചിലും നാല് വീതവും ലോക്കോമോട്ടീവുകളില്‍ ആറ് വീതവും ക്യാമറകളുണ്ടാകും. നൂറ് കിലോമീറ്റര്‍ വേഗവും കുറഞ്ഞ പ്രകാശവുമാണെങ്കില്‍ പോലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നവയായിരിക്കും ക്യാമറകള്‍.

ട്രെയിന്‍ യാത്രയിലെ സുരക്ഷാരാഹിത്യത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 15,000 കോടി രൂപ ചെലവില്‍ കോച്ചുകളിലും ലോക്കോമോട്ടീവുകളിലും 75 ലക്ഷം എ ഐ-പവര്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ പദ്ധതി തയ്യാറാക്കി വരികയാണെന്ന് മന്ത്രി അന്ന് അറിയിച്ചിരുന്നു. തുടര്‍ന്ന് പരീക്ഷണാര്‍ഥം ഏതാനും ട്രെയിനുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. ഇതില്‍ നിന്ന് ലഭിച്ച അനുകൂല പ്രതികരണമാണ് എല്ലാ ട്രെയിനുകളിലും ക്യാമറകള്‍ സ്ഥാപിക്കാനുള്ള പ്രചോദനം. ക്യാമറകള്‍ സ്ഥാപിച്ച കോച്ചുകളില്‍ അതിക്രമങ്ങള്‍ കാര്യമായി റിപോര്‍ട്ട് ചെയ്യുകയുണ്ടായില്ല.

ലോകത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയാണ് ഇന്ത്യയുടേത്. മികച്ച വരുമാനവും നേടുന്നുണ്ട് റെയില്‍വേ. ഓരോ വര്‍ഷവും വരുമാനം കുത്തനെ വര്‍ധിക്കുകയും ചെയ്യുന്നു. 2023-24 വര്‍ഷത്തില്‍ 2.56 ലക്ഷം കോടി രൂപയാണ് റെയില്‍വേ നേടിയത്. സമീപ കാലത്തായി പുതിയ ബോഗികളും റെയില്‍വേ സ്റ്റേഷന്‍ നവീകരണവും ജൈവശൗചാലയങ്ങളുമായി മുഖം മിനുക്കിയിട്ടുമുണ്ട് റെയില്‍വേ. എങ്കിലും യാത്രക്കാരുടെ സുരക്ഷിതത്വം പരിഹൃതമാകാതെ അവശേഷിക്കുകയാണ്. പിടിച്ചുപറി, കൊള്ള, ലൈംഗികാതിക്രമം തുടങ്ങി ട്രെയിന്‍ യാത്രക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.

അടുത്തിടെയാണ് ഡല്‍ഹിയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രാമധ്യേ ബ്രഹ്മപുത്ര എക്സ്പ്രസ്സില്‍ ട്രാവല്‍ വ്‌ലോഗര്‍ കനിക ദേവ്റാണി കവര്‍ച്ചക്ക് ഇരയായത്. ബംഗാളിലെ ന്യൂ ജല്‍പായ്ഗുരി ജംഗ്ഷനില്‍ വണ്ടി നിര്‍ത്തിയിട്ട വേളയില്‍ കോച്ചിലേക്ക് അതിക്രമിച്ചു കയറിയ കൊള്ളക്കാരന്‍ ദേവ്റാണിയുടെ മുഖത്തേക്ക് സ്പ്രേ അടിച്ചു ബോധരഹിതയാക്കിയ ശേഷം വിലപിടിപ്പുള്ള ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. കോച്ചിലെ മറ്റു ചില യാത്രക്കാരും കവര്‍ച്ചക്കിരയായതായും റെയില്‍വേ പോലീസിന്റെ സഹായം ലഭ്യമായില്ലെന്നും ‘ഇന്ത്യന്‍ റെയില്‍വേ സുരക്ഷിതമല്ല’ എന്ന ശീര്‍ഷകത്തില്‍ പുതുതായി പുറത്തിറക്കിയ വീഡിയോയില്‍ കനിക ദേവ്റാണി വെളിപ്പെടുത്തുന്നു.

മോഷണവും കൊള്ളയും പതിവു സംഭവമാണ് കൊങ്കണ്‍ റൂട്ടിലോടുന്ന ട്രെയിനുകളില്‍. മലയാളികളാണ് കൂടുതലും മോഷണത്തിനിരയാകുന്നത്. സീറ്റിലോ സീറ്റിനടിയിലോ ബാഗ് വെച്ച് യാത്രക്കാര്‍ക്ക് ബാത്ത് റൂമില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. തിരിച്ചു വരുമ്പോള്‍ വിലപ്പെട്ട സാധനങ്ങള്‍ കണ്ടെന്നു വരില്ല. അതിക്രമങ്ങള്‍ തടയാന്‍ റെയില്‍വേ പോലീസി(ജി ആര്‍ പി)നെയും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം വേണ്ടത്ര ഫലപ്രദമല്ല. റിസര്‍വേഷന്‍ ഇനത്തില്‍ ഭാരിച്ച തുക റെയില്‍വേ ഈടാക്കുന്നുണ്ട്. പക്ഷേ തിരിച്ച് മതിയായ സേവനവും സുരക്ഷയും ലഭിക്കുന്നില്ല. പട്ടാപ്പകല്‍ പോലും അക്രമവും കൊള്ളയും അരങ്ങേറുന്നു.

ലൈംഗികാതിക്രമത്തിനും ഇരയാകുന്നു പലപ്പോഴും വനിതാ യാത്രക്ക്രാര്‍. ഹരിയാനയില്‍ 35കാരി ട്രെയിനില്‍ കൂട്ടബലാത്സംഗത്തിനിരയായത് രണ്ടാഴ്ച മുമ്പാണ്. ഇക്കഴിഞ്ഞ 22ന് സെക്കന്തരാബാദില്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീക്കു നേരെ ബലാത്സംഗ ശ്രമം നടക്കുകയും അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് എടുത്തു ചാടിയ സ്ത്രീക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥരുടെ അതിക്രമത്തിനു പോലും ഇരയാകാറുണ്ട് യാത്രക്കാരായ സ്ത്രീകള്‍. വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ്സിലെ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് വെല്ലൂര്‍ ജില്ലയിലെ പുളിയമംഗലം സ്വദേശിയായ ട്രെയിനിലെ ടിക്കറ്റ് പരിശോധനകന്‍ അറസ്റ്റിലായത് ഒരാഴ്ച മുമ്പാണ്.

അഞ്ച് വര്‍ഷം മുമ്പ് ‘മേരി സഹേലി'(എന്റെ കുട്ടുകാരി) എന്ന പദ്ധതി റെയില്‍വേ നടപ്പാക്കിയത് വനിതാ യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ്. ട്രെയിന്‍ ഓട്ടം തുടങ്ങുന്ന സ്റ്റേഷന്‍ മുതല്‍ അവസാന സ്റ്റേഷന്‍ വരെ ട്രെയിനുകളില്‍ റെയില്‍വേ പോലീസിലെ പെണ്‍സംഘങ്ങളെ നിയോഗിക്കുന്ന പദ്ധതിയായിരുന്നു ഇത്. ഇതു പക്ഷേ വേണ്ടത്ര ഫലവത്തായില്ല. പിന്നെയും വനിതാ യാത്രക്കാര്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ ധാരാളം റിപോര്‍ട്ട് ചെയ്യപ്പെട്ടു. ബോഗികളില്‍ എ ഐ-പവര്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിതമാകുന്നതോടെ പ്രശ്നങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെടുമെന്നാണ് റെയില്‍വേ മേധാവികളുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഈ ക്യാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള നടപടികള്‍ ആവശ്യമാണ്. യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കി റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ സ്ഥാപിച്ച സി സി ടി വി ക്യാമറകളുടെ അവസ്ഥയാകരുത് ട്രെയിനുകളില്‍ പുതുതായി സ്ഥാപിക്കുന്ന ക്യാമറകളുടേത്. സ്റ്റേഷനുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ നല്ലൊരു പങ്കും പ്രവര്‍ത്തനരഹിതമാണ്. കേടുവന്നാല്‍ മാറ്റിസ്ഥാപിക്കാന്‍ നടപടികളുണ്ടാകാറില്ല. ട്രെയിനുകളിലെ ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ 24 മണിക്കൂറും നിരീക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ കണ്‍ട്രോള്‍ റൂമുകളില്‍ സംവിധാനവും സജ്ജീകരിക്കേണ്ടതുണ്ട്.

 

Latest