Cover Story
നീലഗിരിയുടെ മടിത്തട്ടിൽ വിരിയുന്ന മാനവികതയുടെ മംഗല്യപ്പന്തൽ
പട്ടിണിയും പരാധീനതയും കാരണം പാതിവഴിയിൽ മുടങ്ങിപ്പോകുമെന്ന് ഭയന്ന മംഗല്യസ്വപ്നങ്ങൾ ഇവിടെ പൂത്തുലയുകയാണ്. വസ്ത്രം, ആഭരണങ്ങൾ, വിവാഹ സദ്യ എന്നിവയെല്ലാം പൂർണമായും സൗജന്യമായി ലഭ്യമാകുന്നതിലൂടെ ഒരു വലിയ ഭാരമാണ് ഈ മാതാപിതാക്കളുടെ ചുമലിൽ നിന്നും ഇറക്കിവെക്കപ്പെടുന്നത്. ഭൂമിയിലുള്ളവരോട് കരുണ ചെയ്താൽ ആകാശ അധിപൻ കരുണ ചെയ്യുമെന്ന സത്യം പാടന്തറ മർകസ് ഓരോ വർഷവും അടിവരയിടുന്നു.
തുറന്നിട്ട ജനലിലൂടെ ഒഴുകിവരുന്ന കാറ്റുപോലെ, ആ പ്രദേശം മുഴുവൻ പുഞ്ചിരിയുടെയും വർത്തമാനങ്ങളുടെയും മധുരമായ ശബ്ദങ്ങളാൽ നിറഞ്ഞിരിക്കും….. ആയിരം വിളക്കുകൾ ഒന്നിച്ചു തെളിഞ്ഞതുപോലെ ഓരോ മുഖത്തും സന്തോഷത്തിന്റെ പ്രകാശം ദർശിക്കാം….
സങ്കടത്തിന്റെ നിഴൽ പോലുമില്ലാത്ത നിർമലമായ നിമിഷങ്ങൾ…
പുത്തൻ വസ്ത്രങ്ങളുടെ തിളക്കവും വധൂവരന്മാരുടെ ആത്മ സായൂജ്യവും ആ ചടങ്ങിനെ ഒരു സ്വർഗീയ അനുഭൂതിയാക്കി മാറ്റും…. സ്നേഹത്തിന്റെ പുതിയ പാഠങ്ങൾ രചിച്ച്, വാക്കുകളേക്കാൾ ഉപരി മിഴികളിലെ തിളക്കം കൊണ്ട് അവർ പരസ്പരം സന്തോഷം കൈമാറി ആകാശത്ത് പെയ്തിറങ്ങുന്ന നിലാവും, ഇളം കാറ്റിൽ ആടുന്ന ഇലകളും ആ ജനതയുടെ സന്തോഷത്തിൽ പങ്കുചേരുന്നതുപോലെ തോന്നും…..
നീലക്കുറിഞ്ഞിയും സീഗമരപ്പൂവും മഞ്ഞപ്പട്ടുടുപ്പിക്കുന്ന മാമലകളുടെ നാടായ നീലഗിരിയെ ലോകത്തിന്റെ നെറുകയിലേക്ക് സ്നേഹത്തോടെ പിടിച്ചുയർത്തിയ ചരിത്ര മുഹൂർത്തം ഒരാണ്ട് ചുറ്റി വീണ്ടും സൗരഭ്യം പരത്താനൊരുങ്ങുകയാണ്. സ്നേഹത്തിന്റെ നൂൽ ചരടിൽ 850 യുവമിഥുനങ്ങൾക്ക് കൂടി മംഗല്യ സൗഭാഗ്യത്തിന്റെ സ്വപ്നം സഫലമാവുകയാണ്. ആണ്ടുകൾ തോറും ആശ്വാസത്തിന്റെ പറുദീസയായി നീലഗിരിയിലെ കതിർ മണ്ഡപം വഴി സമൂഹ വിവാഹത്തിന്റെ ഭാഗമായി സന്തോഷ ജീവിതത്തിന്റെ മറുകര പറ്റുന്നത് അനേകം ദമ്പതികൾ. മത സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ പാടന്തറ മർകസും അതിന്റെ മുഖ്യ സാരഥി ദേവർഷോല അബ്ദുസ്സലാം മുസ്്ലിയാരും മുൻകൈയെടുത്ത് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിൽ ഇക്കുറി 850 യുവതികളാണ് വൈവാഹിക ജീവിതത്തിലേക്ക് പാദമൂന്നുന്നത്.
സമൂഹത്തിൽ എക്കാലവും നോവു പടർത്തുന്ന ഒന്നാണ് വിവാഹ പ്രായമെത്തിയിട്ടും പുര നിറഞ്ഞിരിക്കുന്ന സഹോദരിമാരുടെ കണ്ണീരുകൾ. സങ്കടങ്ങൾ പെയ്തിറങ്ങുന്ന അവരുടെ കണ്ണീരുപ്പുകളിൽ സഹാനുഭൂതിയുടെ തലോടൽ നൽകാൻ കഴിയുന്നതാണ് അവർ ആഗ്രഹിക്കുന്ന പരിഹാരങ്ങൾ. വിവാഹ കമ്പോളത്തിലെ ചൂഷണങ്ങൾക്ക് പലപ്പോഴും ഇരകളായി ജീവിതാന്ത്യം വരെ കരഞ്ഞു ഉരുകിത്തീരുന്ന അനേകം ഹതഭാഗ്യരെ നമുക്ക് ചുറ്റും കാണാൻ കഴിയും. അത്തരം സാഹചര്യത്തിന് അറുതി വരുത്തി അവരെ സമാശ്വാസത്തിന്റെ തീരങ്ങളിലേക്ക് കൈപിടിച്ച് ആനയിക്കുകയാണ് ഈ സമൂഹവിവാഹം ലക്ഷ്യമാക്കുന്നത്.
സ്വർണവിലയുടെ അതിഭീകരവർധനവും അഭിനവ ട്രന്റുകളിലെ വിവാഹ നാട്ടു നടപ്പുകളും ഒരു ശരാശരി സാധാരണ കുടുംബത്തിന് വിവാഹം സ്വപ്നം കാണാൻ പോലും കഴിയാത്ത വിധം നിസ്സഹായ അവസ്ഥ സൃഷ്ടിക്കുന്നതാണ്. ദൈന്യതയുടെയും പരാധീനതകളുടെയും ഇന്നലെകളിൽ വിവാഹമെന്ന നനവാർന്ന അഭിലാഷങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയാത്തവരെ കുറിച്ച് മലയാള സാഹിത്യത്തിലെ ഇതിഹാസ നോവലുകളിൽ പരാമർശം ഉണ്ട്. അവയിൽ പലതും പലപ്പോഴും സാധാരണക്കാരന്റെ ജീവിതവും അവരുടെ മംഗല്യ സ്വപ്നങ്ങളും ഹൃദയസ്പർശിയായി വരച്ചുകാട്ടിയിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ “കയറിൽ’, ഒരു പെൺകുട്ടിയുടെ വിവാഹം എന്നത് ഒരു കുടുംബത്തിന്റെ മാത്രമല്ല, ആ ഗ്രാമത്തിന്റെ തന്നെ ഉത്തരവാദിത്വമായി മാറുന്ന കാഴ്ച നമുക്ക് കാണാം. ജാതിക്കും മതത്തിനുമപ്പുറം അയൽപക്ക ബന്ധങ്ങൾ ഒത്തുചേരുന്ന ആ സാമൂഹിക കൂട്ടായ്മ സ്നേഹത്തിന്റെ വലിയ പാഠമായിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ “ബാല്യകാലസഖി’യിൽ മജീദ് തന്റെ പ്രിയതമയായ സുഹ്റയുടെ സഹോദരിമാരുടെ വിവാഹത്തിനായി സ്വന്തം സമ്പാദ്യം നീക്കിവെക്കുന്നത് കാരുണ്യത്തിന്റെ മനോഹരമായ അടയാളപ്പെടുത്തലായി നമുക്ക് വായിക്കാം. സാറാ ജോസഫിന്റെ “ആലാഹയുടെ പെൺമക്കൾ’ എന്ന നോവലിലാകട്ടെ, ദാരിദ്ര്യത്തിന്റെ കയ്പുനീർ കുടിക്കുമ്പോഴും കോക്കാഞ്ചിറയിലെ മനുഷ്യർ ഒത്തുചേർന്ന് ഒരു വിവാഹം നടത്തിക്കൊടുക്കുന്ന വികാരാധീനമായ രംഗങ്ങളുണ്ട്. സാഹിത്യം സ്വപ്നം കണ്ട ആ ഉദാത്തമായ മനുഷ്യസ്നേഹം കഴിഞ്ഞ കുറെയേറെ വർഷങ്ങളായി നീലഗിരിയുടെ മണ്ണിൽ യാഥാർഥ്യമാക്കി വരികയാണ്.
പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ യാതൊരുവിധ വിവേചനങ്ങളും ഇല്ലാതെ അർഹതപ്പെട്ട ഏതൊരാളുടെയും വിവാഹ സ്വപ്നസാഫല്യത്തിന് പാടന്തറ മർകസ് പ്രതിജ്ഞാബദ്ധമായി കഴിഞ്ഞ ഓരോ വർഷങ്ങളിലും സ്നേഹത്തിന്റെ പന്തലൊരുക്കി. ഹിന്ദു, മുസ്്ലിം, ക്രിസ്ത്യൻ തുടങ്ങി വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള നിരവധി ദമ്പതികൾ ഈ സൗഭാഗ്യ നിയോഗത്തിന്റെ ഭാഗമായിട്ടുണ്ട്.
പാടന്തറ മർകസ്: അതിരുകളില്ലാത്ത സ്നേഹത്തിന്റെ തണൽ
നീലഗിരിയുടെ മലനിരകൾ പച്ചപ്പട്ടുടുത്ത സുന്ദരിയെപ്പോലെ തലയുയർത്തി നിൽക്കുന്ന സുന്ദരമായ പശ്ചാത്തലം. കോടമഞ്ഞിന്റെ തണുത്ത തലോടലും തേയിലത്തോട്ടങ്ങളുടെ സുഗന്ധവും കലർന്ന വായുവിൽ ഇന്ന് പ്രത്യാശയുടെ പുതിയൊരു ഗന്ധമുണ്ട്. തമിഴ്നാടിന്റെയും കേരളത്തിന്റെയും അതിർത്തി പങ്കിടുന്ന ഈ മലയോര ഗ്രാമത്തിൽ, പാടന്തറ മർകസ് ഒരുക്കുന്നത് വിശ്വമാനവികതയുടെ വലിയൊരു മംഗല്യപ്പന്തലാണ്. ജാതിയോ മതമോ വർണമോ നോക്കാതെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺമക്കൾക്ക് കൈത്താങ്ങാവുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തികച്ചും ന്യായമായ ആവശ്യം ആണെന്ന് ആധികാരികമായി വെരിഫൈ ചെയ്ത് ഇക്കാലമത്രയും ഓരോ വധുവിനും അഞ്ച് പവൻ സ്വർണാഭരണവും വരനും വധുവിനും വിവാഹ വസ്ത്രവും കൂടെ വരുന്ന എത്ര ആളുകളാണോ അവർക്കൊക്കെയും സ്നേഹ സദ്യയും ഒരുക്കിയാണ് പടന്തറ മർകസ് ഈ ചരിത്ര ദൗത്യത്തിന് കാർമികത്വം വഹിക്കുന്നത്.
ആദ്യ രണ്ട് വർഷങ്ങളിൽ വിവാഹ ചെലവിലേക്ക് വധുവിന്റെ വീട്ടുകാർക്ക് 25,000 രൂപ വീതം നൽകുകയുണ്ടായി. 2014 ലാണ് പാടന്തറ മർകസിൽ വിപുലമായ സമൂഹ വിവാഹത്തിന് വേദിയൊരുങ്ങുന്നത്. പാടന്തറ മർകസിന്റെ 20ാം വാർഷികം പ്രമാണിച്ച് 20 ജോഡി (40) യുവതീ യുവാക്കളുടെ വിവാഹം മർകസ് കമ്മിറ്റി തീരുമാനിച്ചെങ്കിലും അത് 57 ജോഡി (114) ആയി അന്ന് ഉയർന്നു. ഇതായിരുന്നു സമൂഹ വിവാഹത്തിന്റെ തുടക്കം.
2015ൽ ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാരുടെ ദർസ് വാർഷികത്തോടനുബന്ധിച്ച് 260 വിവാഹങ്ങളും തുടർന്ന് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2017ൽ 346, 2019ൽ 400, 2023ൽ 800 എന്നിങ്ങനെ വിവാഹങ്ങൾ നടന്നു. 2026ൽ ഉദ്ദേശം 850 വിവാഹങ്ങൾക്കുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
ദേവർശോല ഉസ്താദ്: കാരുണ്യത്തിന്റെ കൈവിളക്ക്
ഈ സ്നേഹക്കൂട്ടായ്മയുടെ ചാലകശക്തി ആത്മീയതയെ സേവനവുമായി കോർത്തിണക്കിയ ദേവർശോല അബ്ദുസ്സലാം മുസ്്ലിയാർ ആണ്. ഒരു പിതാവിന്റെ കരുതലോടെ ഓരോ വധൂവരന്മാരെയും ചേർത്തുപിടിക്കുമ്പോൾ, അവിടെ മതപരമായ വേർതിരിവുകൾ മഞ്ഞുരുകുന്നതുപോലെ ഇല്ലാതാകുന്നു. പാടന്തറയുടെ മണ്ണിൽ ഉസ്താദ് നട്ടുനനച്ച ഈ കാരുണ്യവൃക്ഷം ഇന്ന് ആയിരങ്ങൾക്ക് തണലായി പടർന്നു പന്തലിച്ചിരിക്കുകയാണ്. സൂര്യകിരണങ്ങൾ ഭൂമിയെ തൊട്ടുണർത്തുന്ന പ്രഭാതത്തിൽ, നാടിന്റെ നാനാദിക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന ജനസഹസ്രങ്ങൾ സാക്ഷ്യം വഹിക്കുന്നത് മതസൗഹാർദത്തിന്റെ ഉജ്ജ്വലമായ വിളംബരത്തിനാണ്.
ഒരേ പന്തലിൽ പെയ്യുന്ന സ്നേഹമഴയിൽ എല്ലാം മറന്ന് സർവരും മനസ്സുകൾ കോർത്തുവെക്കുന്നു. സമീപത്തെ ക്ഷേത്രത്തിൽ ഹൈന്ദവ വിശ്വാസികളിൽ നിന്നുള്ള ദമ്പതികൾക്ക് അഗ്നിസാക്ഷിയായി മന്ത്രങ്ങൾ ഉരുവിടുമ്പോൾ വിവാഹ പന്തലിൽ ഉന്നത പണ്ഡിതരുടെ കാർമികത്വത്തിൽ നികാഹിന്റെ “ഖബൂൽ’ ചൊല്ലപ്പെടുന്നു. മറ്റൊരു വശത്ത് വൈദികന്റെ ആശീർവാദത്തോടെ മോതിരം കൈമാറുന്നു. പ്രാർഥനാ രീതികൾ മാറുന്നുണ്ടെങ്കിലും അവിടെ വിരിയുന്ന ആനന്ദക്കണ്ണീരിന് ഒരേ ഉപ്പുരസമാണ്. ആർഭാടങ്ങളുടെ പൊങ്ങച്ചമില്ലാതെ, ലാളിത്യത്തിന്റെ സൗന്ദര്യം തുളുമ്പുന്ന ഈ ചടങ്ങ് ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ ഒരു നൂലിൽ കോർത്ത മുത്തുമാല പോലെ തിളക്കമുള്ളതാക്കുന്നു.
വിരിയുന്ന സ്വപ്നങ്ങൾ, പൂക്കുന്ന ജീവിതങ്ങൾ
പട്ടിണിയും പരാധീനതയും കാരണം പാതിവഴിയിൽ മുടങ്ങിപ്പോകുമെന്ന് ഭയന്ന മംഗല്യസ്വപ്നങ്ങൾ ഇവിടെ പൂത്തുലയുകയാണ്. വസ്ത്രം, ആഭരണങ്ങൾ, വിവാഹ സദ്യ എന്നിവയെല്ലാം പൂർണമായും സൗജന്യമായി ലഭ്യമാകുന്നതിലൂടെ ഒരു വലിയ ഭാരമാണ് ഈ മാതാപിതാക്കളുടെ ചുമലിൽ നിന്നും ഇറക്കിവെക്കപ്പെടുന്നത്. ഭൂമിയിലുള്ളവരോട് കരുണ ചെയ്താൽ ആകാശ അധിപൻ കരുണ ചെയ്യുമെന്ന സത്യം പാടന്തറ മർക്കസ് ഓരോ വർഷവും അടിവരയിടുന്നു.
നീലഗിരിയുടെ മലമുകളിൽ നിന്നും ഉദിച്ചുയരുന്ന സൂര്യനെപ്പോലെ ഈ നന്മ ലോകമാകെ പ്രകാശം പരത്തട്ടെ. ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ കഴിഞ്ഞിരുന്ന വീടുകളിൽ മംഗല്യദീപം തെളിയുമ്പോൾ, അത് കേവലം ഒരു ചടങ്ങല്ല, മറിച്ച് ഒരു ജനതയുടെ അതിജീവനമാണ്. ഈ മംഗല്യപ്പന്തലിൽ നിന്നും തുടങ്ങുന്ന ജീവിതയാത്രകൾ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ ഇനിയും ഏറെ ദൂരം സഞ്ചരിക്കട്ടെ. അനേകം സുമനസ്സുകളുടെ ഹൃദയം പകുത്തുകൊണ്ടുള്ള നന്മയുടെ കൈമാറ്റം ആണ് ഈ സ്നേഹ സന്തോഷത്തിന്റെ കരുത്ത്. സാമ്പത്തികമായി ഭീമമായ ഒരു തുക വരുന്ന ഈ കാരുണ്യ പ്രവർത്തനങ്ങളെ ഒരു ചെറിയ ചേർന്നുനിൽപ്പു കൊണ്ടാണെങ്കിലും ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.
.



