Kerala
താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസ്: പ്രോസിക്യൂഷന്‍റെ ഹരജിയില്‍ ബുധനാഴ്ച വിധി പറയും
മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഹരജി
കോഴിക്കോട് | കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ 2013 നവംബര്‍ 15ന് നടന്ന മലയോര ഹര്‍ത്താലിനിടെ താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് കത്തിച്ച കേസില്‍ മൂന്ന് സാക്ഷികളെ കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയില്‍ ബുധനാഴ്ച വിധി പറയും. ഇന്നത്തേക്ക് വെച്ച കേസ് സിറ്റിംഗ് ഇല്ലാത്തതിനാലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എസ് ആര്‍ ശ്യാംലാല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയത്.
കേസില്‍ വനം വകുപ്പുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായതോടെയാണ് അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുബ്രഹ്മണ്യന്‍, എട്ടാം സാക്ഷി സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുരേഷ്, ഒമ്പതാം സാക്ഷി റേഞ്ച് ഓഫീസര്‍ സജു വര്‍ഗീസ് എന്നിവരെ വിസ്തരിക്കണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചത്. പലതവണ ആവശ്യപ്പെട്ടിട്ടും സാക്ഷികളില്‍ പലരും നേരത്തെ ഹാജരായിരുന്നില്ല.
കൂടാതെ, പുതുതായി സാക്ഷി വിസ്താരം അനുവദിക്കണമെന്ന വാദത്തെ പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ എതിര്‍ത്തിരുന്നു. മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ ആവശ്യമായ സമയം പ്രോസിക്യൂഷന് ഉണ്ടായിരുന്നെന്നും ഇനി പുതുതായി ആരെയും അനുവദിക്കേണ്ട സാഹചര്യമില്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചത്.
അതേസമയം, കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂറുമാറിയ സംഭവത്തില്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം വനം വകുപ്പ് വിജിലന്‍സ് വിഭാഗത്തിന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് വിജിലന്‍സ് വിഭാഗം മൊഴിയെടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്ത ദിവസം സമര്‍പ്പിക്കും.



