Connect with us

dalith

ജാതി വ്യവസ്ഥ കീറി മുറിക്കുന്നത്

മലയാളിയുടെ പൊതുബോധത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന ജാതിമേല്‍ക്കോയ്മയെ പ്രകടമാക്കുന്ന വിവേചനങ്ങള്‍ക്ക് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒരളവോളം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടവും പൊതുസമൂഹവും മൗനം വെടിയാത്ത കാലത്തോളം ജാതിയിലധിഷ്ഠിതമായ വരേണ്യ ബോധത്തിന്റെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടും.

Published

|

Last Updated

ട്ടപ്പാടി മധു വധക്കേസിലെ സംഭവ വികാസങ്ങള്‍ വളരെ ഉദ്വേഗത്തോടെയാണ് സാംസ്‌കാരിക കേരളം വീക്ഷിച്ചത്. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതും പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയതുമാണ് പൊതുമധ്യത്തില്‍ മധുവിന്റെ കൊലപാതകം വീണ്ടും ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണമായത്. ഇത്രയേറെ കോളിളക്കം സൃഷ്ടിച്ച പ്രമാദമായ കേസായിട്ടും നീതിനിര്‍വഹണം പാടെ പരാജയപ്പെടുന്ന ദയനീയമായ കാഴ്ചയാണ് നാം കണ്ടത്. മലയാളിയുടെ പൊതുബോധത്തില്‍ അന്തര്‍ലീനമായി കിടക്കുന്ന ജാതിമേല്‍ക്കോയ്മയെ പ്രകടമാക്കുന്ന ഇത്തരം വിവേചനങ്ങള്‍ക്ക് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഒരളവോളം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടവും പൊതുസമൂഹവും മൗനം വെടിയാത്ത കാലത്തോളം ജാതിയിലധിഷ്ഠിതമായ വരേണ്യ ബോധത്തിന്റെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്യുന്നത്.
വികസന, വിദ്യാഭ്യാസ സൂചികയില്‍ കേരളം മികച്ച മുന്നേറ്റം തുടരുമ്പോഴും ജാതി ഗ്രാമങ്ങള്‍ ഇന്നും കേരളത്തിന്റെ മുക്കുമൂലകളില്‍ കാണാന്‍ കഴിയും. കേരള – തമിഴ്‌നാട് അതിര്‍ത്തി ഗ്രാമങ്ങളായ മീനാക്ഷിപുരവും ജയ കോളനിയും ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്. മലസര്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസികളായ ഇവിടങ്ങളിലെ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അടിമകളെ പോലെയാണ് ജീവിക്കുന്നത്. കാലങ്ങളായി തങ്ങള്‍ കൈവശം വെച്ചുപോരുന്ന ഭൂമി ഇന്ന് കൗണ്ടര്‍മാരുടെ കൈകളിലാണ്. വിദ്യാഭ്യാസം, റേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാറും തയ്യാറാകുന്നില്ല.

മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ ജാതീയതയുടെ നികൃഷ്ടമായ രൂപഭേദങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഓരോ ജാതിക്കാര്‍ക്കും വ്യത്യസ്തമായ വാക്കുകളും ഭക്ഷണ രീതികളും. സര്‍വ മേഖലകളിലും ജാതി നിഴലിച്ചു നിന്നിരുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് സ്വന്തം ഭവനത്തെ “ചാണകക്കുണ്ട്’ എന്ന് മാത്രമേ മേല്‍ ജാതിക്കാരുടെയടുക്കല്‍ വിളിക്കാന്‍ പാടുള്ളൂ. പറയന്റെ വീടിന് “ചേരി’യെന്നും തീയന്റെ വീടിന് പുര എന്നും നായന്മാരുടെ വീടിന് “ഭവനം’ എന്നും, ക്ഷത്രിയന്മാരുടേതിന് “ഇടം’എന്നും നാടന്‍ ബ്രാഹ്‌മണന്മാരുടേതിന് “ഇല്ലം’ എന്നുമാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. മാത്രമല്ല, വര്‍ണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വീട് നിര്‍മാണത്തില്‍ പോലും മാറ്റങ്ങള്‍ കാണാമായിരുന്നുവെന്നും ലോഗന്‍ സൂചിപ്പിക്കുന്നുണ്ട്. ഇന്നും ഇത്തരം വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഒട്ടുമിക്ക താഴ്ന്ന ജാതിക്കാരും പട്ടിക വര്‍ഗക്കാരും കോളനികളിലും മറ്റുമാണ് ജീവിക്കുന്നത്. പല മേഖലകളിലും ഊരുവിലക്കുകളും അയിത്തവും സര്‍വോന്മുഖമായി തുടരുന്നുണ്ട്. ജാതി കൊലപാതകങ്ങളും ദുരഭിമാന കൊലകളും സജീവമാണ്. കാസര്‍കോട് ജില്ലയിലെ വ്യത്യസ്ത ആചാരങ്ങള്‍ വെച്ചുപുലര്‍ത്തുന്ന കൊറഗന്‍, മാവിലന്‍, പുലയന്‍, വെട്ടുവന്‍, മലവെട്ടുവന്‍ തുടങ്ങിയവരുടെ വീടുകളിലെ കല്യാണത്തിന് സവര്‍ണ ജനത സഹകരിക്കാറില്ല. മാത്രമല്ല മേല്‍ജാതിക്കാരുടെ പരിപാടികള്‍ക്ക് താഴ്ന്ന ജാതിക്കാര്‍ക്ക് ഊരുവിലക്കാണ് പലയിടങ്ങളിലും. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പെരിയാരുടെ ശ്രമഫലമായി ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താനായെങ്കിലും, മുമ്പ് പ്രബലമല്ലാതിരുന്ന പല ജാതികളും ഇന്ന് സവര്‍ണരുടേതിന് സമാനമായി അധികാര പ്രയോഗങ്ങള്‍ നടത്തിവരുന്നു. അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ജാതിവിരുദ്ധ മുന്നേറ്റങ്ങളുടെ ചരിത്രം പേറുന്ന കേരളത്തിന് ഇത്തരം വിവേചനങ്ങളില്‍ നിന്ന് ഇനിയും പുറത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഖേദകരം. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ അത്യുജ്വലമായ പോരാട്ടവീര്യം ചരിത്രത്താളുകളില്‍ രേഖപ്പെട്ടു കിടക്കുമ്പോഴും ക്ഷേത്രവിലക്ക് പല ഗ്രാമങ്ങളിലും നടമാടുന്നുണ്ട്. ദളിതനായ പൂജാരിയെ ക്ഷേത്രത്തില്‍ നിയമിച്ചപ്പോഴുണ്ടായ കോലാഹലങ്ങള്‍ കേരളത്തിന് പെട്ടെന്നങ്ങനെ മറക്കാന്‍ കഴിയില്ല. മനുഷ്യനെ മനുഷ്യനായി കാണണമെന്നുള്ള അടിസ്ഥാന ആവശ്യത്തെയാണ് ജാതി വ്യവസ്ഥ കീറി മുറിക്കുന്നത്. ലോകം പുരോഗമിക്കുമ്പോഴും അതിനനുസൃതമായി ജാതി വ്യവസ്ഥയുടെ രൂപഭാവങ്ങളും മാറുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കേരളത്തിലെ രാഷ്ട്രീയ വ്യവസ്ഥയില്‍ വോട്ട് ബേങ്കുകള്‍ എന്നതിനപ്പുറത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് യാതൊരുവിധ പരിഗണനയും നല്‍കാറില്ല. പലപ്പോഴും സവര്‍ണ മേധാവികള്‍ കീഴാള വിഭാഗത്തിന്റെ ഭൂമി കൈവശപ്പെടുത്തുന്നതും കുടിയേറിപ്പാര്‍ക്കുന്നതും ഭരണകൂട ഒത്താശയോടെയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം രംഗം കൈയടക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രലോഭനങ്ങളില്‍ ഇവര്‍ വീഴുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതിയുടെ സ്വാധീനത്തെക്കുറിച്ച് പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനായ രജനി കൊത്താരി “കാസ്റ്റ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്’ എന്ന തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതേപടി കേരളത്തിലും രാഷ്ട്രീയ സമവാക്യങ്ങളില്‍ ജാതീയതയുടെ സ്വാധീനം ശക്തമാണ്. പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തയ്യാറാകുന്നില്ല. ജനസംഖ്യാനുസൃതമായി തങ്ങള്‍ക്ക് ലഭിക്കേണ്ട രാഷ്ട്രീയ പ്രാതിനിധ്യം കൃത്യമായി താഴ്ന്ന ജാതിക്കാര്‍ക്ക് ലഭിക്കുന്നില്ല. കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കേണ്ടത് എങ്ങനെയെന്ന് 1958ല്‍ പാസ്സാക്കിയ കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിന്റെ രണ്ടാം ഭാഗം 14 മുതല്‍ 17 വരെയുള്ള ചട്ടങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പക്ഷേ ഈ നിയമത്തില്‍ വ്യാപകമായ നീതികേടാണ് നടത്തിയിട്ടുള്ളത്. സംവരണ സമുദായങ്ങള്‍ക്ക് നിയമനം കിട്ടാന്‍ മെറിറ്റ് ക്ലെയിമും സംവരണ ക്ലെയിമും ഉണ്ടെന്നും മെറിറ്റില്‍ സെലക്്ഷന്‍ ലഭിക്കാത്തവരെ മാത്രമേ സംവരണത്തില്‍ സെലക്ട് ചെയ്യേണ്ടതുള്ളൂ എന്നും ഈ നിയമത്തില്‍ പറയുന്നു. പക്ഷേ പി എസ് സിയുടെ സെലക്്ഷനില്‍ ഇപ്പോള്‍ സംഭവിക്കുന്നത്, സംവരണ സമുദായങ്ങളില്‍ ആര്‍ക്കെങ്കിലും മെറിറ്റില്‍ സെലക്്ഷന്‍ കിട്ടിയാലും അവരെ സംവരണ സെലക്്ഷനില്‍ പെടുത്തും. അത് കാരണം സംവരണ സമുദായങ്ങള്‍ക്ക് സീറ്റ് നഷ്ടപ്പെടുന്നു. ഇങ്ങനെ ഏതൊക്കെ രീതിയില്‍ പിന്നാക്ക വിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കാന്‍ കഴിയുമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് സവര്‍ണ മേലാളന്മാര്‍. നിയമസഭയിലും മറ്റ് അധികാര ഇടങ്ങളിലും എത്ര കണ്ട് അധികാര പങ്കാളിത്തം അവര്‍ണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നത് പരിശോധിച്ചാല്‍ തന്നെ ഇതിലെ നീതികേട് മനസ്സിലാകും. പ്രമുഖ പാര്‍ട്ടികളുടെ ഉന്നത സ്ഥാനം വഹിക്കുന്നവരുടെ എണ്ണം പരിശോധിച്ചാലും ഇവരുടെ ചിറ്റമ്മ നയം വ്യക്തമാകും. വന്‍കിട കോര്‍പറേറ്റ് ഭീമന്മാരായ കോളക്കെതിരെയുള്ള ഐതിഹാസികമായ സമരത്തോട് ഉഴപ്പന്‍ നിലപാടാണ് മാറിമാറി വന്ന സര്‍ക്കാറുകള്‍ കൈക്കൊണ്ടത്. പ്ലാച്ചിമട ജനതക്ക് കോള കമ്പനി നഷ്ടപരിഹാരമായി 216 കോടി നല്‍കണമെന്ന് 2011ല്‍ കേരള നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ ട്രൈബ്യൂണല്‍ ബില്ല് ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോലും എല്‍ ഡി എഫിന്റെ പ്രകടന പത്രികയില്‍ പ്ലാച്ചിമട ജനതക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇത് വരെ പ്രാവര്‍ത്തികമായിട്ടില്ല.

ബഫര്‍ സോണിന്റെ പേരില്‍ ആദിവാസി ഭൂമികള്‍ കവര്‍ന്നെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനുവേണ്ടി പ്രമാദമായ വനാവകാശ നിയമം പോലും അട്ടിമറിക്കുകയാണ് ചെയ്യുന്നത്. കണ്ണൂരിലെ ആറളം ഫാമിലും വയനാട്ടിലെ പൂതാടി പഞ്ചായത്തിലും ജീവിക്കുന്ന പട്ടികജാതി /പട്ടികവര്‍ഗക്കാര്‍ ബഫര്‍ സോണിന്റെ പേരില്‍ കുടിയിറക്കപ്പെടാനിരിക്കുകയാണ്. കേരളത്തില്‍ നിരന്തരമായി നടന്നിട്ടുള്ള ഭൂമി കൈയേറ്റങ്ങളില്‍ സിംഹഭാഗവും പട്ടിക ജാതിക്കാരുടേതും പട്ടിക വര്‍ഗക്കാരുടേതുമാണ്. പനവല്ലി, ചീങ്ങേരി, മുത്തങ്ങ, ചെങ്ങറ, അരിപ്ര എന്നിടങ്ങളില്‍ നടന്ന നടപടികള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും തങ്ങളുടെ സ്വന്തം ഭൂമിയുടെ അവകാശം ഉന്നതരുടെ കൈകളില്‍ അടിഞ്ഞു കൂടിയതിന്റെ അമര്‍ഷത്തിലാണ് അവര്‍ണ വിഭാഗക്കാര്‍ ഇന്നും കഴിഞ്ഞു കൂടുന്നത്. ചലച്ചിത്ര അവാര്‍ഡിന്റെ നിറവില്‍ നില്‍ക്കുന്ന നഞ്ചിയമ്മയുടെ വീടും ഭൂമിയും പോലീസിന്റെ സഹായത്തോടെ കൈക്കലാക്കാന്‍ സ്വകാര്യ വ്യക്തികള്‍ ശ്രമം നടത്തിയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. കേരള നിയമസഭയില്‍ 1970കളുടെ ആരംഭം മുതല്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നതിനെ സംബന്ധിച്ച് പല എം എല്‍ എമാരും ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തുടനീളം ഗോത്രവര്‍ഗ കലാപം ആളിക്കത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. അങ്ങനെ 1975ല്‍ പാസ്സാക്കിയ നിയമപ്രകാരം 1960 മുതല്‍ നടന്ന എല്ലാ ആദിവാസി ഭൂമി കൈമാറ്റങ്ങളും മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കപ്പെട്ടു. നിയമം അതേപടി നടപ്പാക്കിയിരുന്നുവെങ്കില്‍ അട്ടപ്പാടിയില്‍ 955 കുടുംബങ്ങള്‍ക്ക് അന്യാധീനപ്പെട്ട മുഴുവന്‍ ഭൂമിയും തിരിച്ചു കിട്ടുമായിരുന്നു. പക്ഷേ നിരക്ഷരരായ ആദിവാസികള്‍ക്ക് നിയമവശമില്ലാത്തതിനാല്‍ ഇന്നും അതേപടി ഭൂമി കൈയേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം ഏഴയലത്ത് പോലും എത്തിപ്പെടാത്ത കോളനികള്‍ കേരളത്തില്‍ ധാരാളമുണ്ട്. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പരിഗണന നല്‍കാത്ത ഭരണകൂടങ്ങളുടെയും മുഖ്യധാരാ പാര്‍ട്ടികളുടെയും നിലപാടുകള്‍ക്ക് വിരാമം കുറിക്കേണ്ടതുണ്ട്. ജാതി-സമുദായ സംഘടനകള്‍ക്ക് ഇതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. ജനാധിപത്യത്തിന്റെ അടിസ്ഥാന ശില നില കൊള്ളുന്നത് താഴെ തട്ടിലുള്ള ജനങ്ങളിലാണെന്നത് കൊണ്ട് തന്നെ സര്‍വോന്മുഖമായ മാനവിക-ഭൗതിക വികസനമാണ് നമുക്ക് ആവശ്യം.

Latest