Connect with us

From the print

എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലികൾക്ക് നാളെ തുടക്കം

"ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'

Published

|

Last Updated

കോഴിക്കോട് | “ഉത്തരവാദിത്വം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ നടക്കുന്ന എസ് വൈ എസ് 70ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 11 കേന്ദ്രങ്ങളിൽ പ്ലാറ്റ്യൂൺ അസംബ്ലികൾ നടക്കും. വാർഷികത്തിന്റെ ഭാഗമായി നാടിനും സമൂഹത്തിനും സമർപ്പിക്കുന്ന വിവിധ കർമ പദ്ധതികളുടെ പ്രയോഗവത്കരണത്തിന് തിരഞ്ഞെടുക്കപ്പെട്ട സംഘമാണ് പ്ലാറ്റ്യൂൺ അംഗങ്ങൾ.

ഇരുപതിനായിരം പേർ ഉൾക്കൊള്ളുന്ന സന്നദ്ധ സേനയുടെ സമർപ്പണവും പരേഡും പൊതുസമ്മേളനവുമാണ് പ്ലാറ്റ്യൂൺ അസംബ്ലിയിലെ പ്രധാന പരിപാടിയെന്ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫിയും ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യം ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ വിചാരവേദികളായി പ്ലാറ്റ്യൂൺ അസംബ്ലികൾ മാറും.

രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളായ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജനകീയ പ്രശ്‌നങ്ങൾ, വിദ്വേഷ രാഷ്ട്രീയം, വർഗീയത പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങൾ, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം പ്ലാറ്റ്യൂൺ അസംബ്ലി ചർച്ച ചെയ്യും.

നാളെ കാസർകോടും വെള്ളിയാഴ്ച കണ്ണൂർ , കോഴിക്കോട് , മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലും അസംബ്ലി നടക്കും. 20നാണ് തിരുവനന്തപുരം, വയനാട്, തൃശൂർ അസംബ്ലികൾ. പ്ലാറ്റ്യൂൺ അസംബ്ലിക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ് എസ് എഫ് എന്നീ സഹോദര സംഘടനാ ഘടകങ്ങളുടെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. എസ് വൈ എസിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ വരെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സേവന മേഖലകളെ കേന്ദ്രീകരിച്ച് വ്യത്യസ്ത പരിപാടികൾ നടക്കും.
ഡിസംബർ 27, 28, 29 തീയതികളിലായി തൃശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തോടെ പ്ലാറ്റിനം ഇയറിന് സമാപനം കുറിക്കും.

Latest