Connect with us

Eranakulam

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ അറസ്റ്റില്‍

ബിവറേജ്, ഔഷധി, ടെല്‍ക് എന്നീ സ്ഥാപനങ്ങളിൽ സ്ഥിരം നിമയമനമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്

Published

|

Last Updated

കൊച്ചി | വിവിധ ബോര്‍ഡ്, കോര്‍പ്പറേഷന്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പുത്തന്‍കുരിശ് കാണിനാട് വട്ടത്തില്‍ ജിനരാജ് (64), കിഴക്കമ്പലം ടെക്‌സാസ് വില്ലയില്‍ വെണ്ണിത്തടത്തില്‍ വത്സന്‍ മത്തായി (52) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ബിവറേജ് കോര്‍പ്പറേഷനില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കുട്ടമംഗലം സ്വദേശിയായ യുവാവില്‍ നിന്ന് നാലരലക്ഷം രൂപയും മില്‍മയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പുത്തന്‍കുരിശ് സ്വദേശിയില്‍ നിന്ന് മൂന്നുലക്ഷം രൂപയും തട്ടിയെടുത്തെന്നുമാണ് കേസ്. ബെവ്‌കോയുടെ വ്യാജ ലെറ്റര്‍ പാഡില്‍ നിയമന ഉത്തരവും നല്‍കിയിരുന്നു. ജോലിയില്‍ പ്രവേശിക്കാന്‍ പോകുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് നിയമന ഉത്തരവുകള്‍ മാറ്റിമാറ്റി നല്‍കുകയായിരുന്നു.

ബെവ്‌കോയുടെ പേരില്‍ ഇത്തരത്തില്‍ മൂന്ന് കത്തുകള്‍ ഒരു യുവാവിന് നല്‍കിയിട്ടുണ്ട്. ഇയാളില്‍ നിന്ന് നാലര ലക്ഷം രൂപ പണമായാണ് വാങ്ങിയത്. മില്‍മയില്‍ ജോലി കൊടുക്കാമെന്ന് പറഞ്ഞ് ചെക്ക് വാങ്ങുകയായിരുന്നു.

ജിനരാജ് റിട്ടയേഡ് ഐ എ എസ് ഉദ്യോഗസ്ഥന്‍, രാഷ്ട്രീയക്കാരന്‍ എന്നീ വിലാസങ്ങളിലാണ് പരിചയപ്പെടുത്തിയിരുന്നത്. നിരവധി പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന. ഔഷധി, ടെല്‍ക് എന്നീ സ്ഥാപനങ്ങളിലും ഇവര്‍ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളെ നേരിട്ട് കണ്ടെത്തി വലയില്‍ വീഴ്ത്തുകയാണ് ചെയ്തിരുന്നത്. സ്ഥിരം നിയമനമാണ് നല്‍കുന്നതെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടുന്നത്. പണം കൊടുത്തവര്‍ നിയമനത്തെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പായായിരുന്നുവെന്ന് മനസിലായത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.

കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ട്. ജിനരാജിനെതിരെ അമ്പലമേട് സ്റ്റേഷനില്‍ സമാനമായ തട്ടിപ്പിന് കേസുണ്ട്. നോര്‍ത്തിലും ഞാറക്കല്‍ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍മാരായ എ എല്‍ അഭിലാഷ്, കെ ആര്‍ ഹരിദാസ്, എ എസ് ഐമാരായ വേണുഗോപാല്‍, ജെ സജി, എസ് സി പി ഒമാരായ ടി എ അഫ്‌സല്‍, ജോബി ചാക്കോ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest