National
ബലാത്സംഗത്തിന് ഇരയായതായി സംശയം; യു പിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍
സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

കാന്‍പൂര്‍ | ഉത്തര്‍ പ്രദേശിലെ കാന്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമത്തിലെ ഒരു കൃഷിയിടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരും ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
14ഉം 16ഉം വയസ്സുള്ള കുട്ടികളാണ് മരണപ്പെട്ടത്. ഗ്രാമത്തിലെ ഒരു ഇഷ്ടികച്ചൂളയിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ജോലി ചെയ്യുന്നത്. ഇവിടെ താമസിക്കുന്ന കോണ്‍ട്രാക്ടര്‍മാരായ റാം രൂപ്, സഞ്ജു, രജ്ജു എന്നിവര്‍ കുട്ടികളെ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
മൂന്ന് പ്രതികള്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും ഡി സി പി. രവിന്ദ്ര കുമാര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം തുടര്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും ഡി സി പി അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056).