Connect with us

National

എസ് ഐ ആർ ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും; കോടതിയുടെ നിരീക്ഷണങ്ങൾ നിർണായകം

കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു

Published

|

Last Updated

ന്യൂഡൽഹി | ഇലക്‌ടറൽ റോൾ പരിഷ്‌കരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ് ഐ ആർ) നടപടിയുടെ സാധുതയെ ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ് ഐ ആർ നടപടി തത്കാലം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ ഹരജികളും ഇന്ന് പരിഗണിക്കും.

എസ് ഐ ആർ നടപടികൾക്കെതിരെ എതിർകക്ഷികൾ ഉന്നയിച്ച വാദങ്ങൾ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇലക്‌ടറൽ റോൾ പരിഷ്കരിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ചിന്റെ നടപടി.

അതേസമയം, കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്‌ഐആറിനെതിരെയുള്ള ഹര്‍ജി തള്ളണമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. കേരളത്തിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പും എസ്‌ഐആര്‍ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകദ്ദേശം പൂര്‍ത്തിയായെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest