National
സുപ്രീം കോടതിയിലേക്ക് പുതിയ മൂന്ന് ജഡ്ജിമാരെ നിയമിക്കാന്‍ കൊളീജിയം ശിപാര്‍ശ
ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് എന്നിവരെയാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്.
ന്യൂഡല്‍ഹി | മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് സുനിത അഗര്‍വാള്‍, 2023 ജൂലൈ മുതലാണ് ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്. 1989-ല്‍ അവധ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍ 1990 ഡിസംബര്‍ മുതല്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുന്നു. 2011 നവംബറിലാണ് ജഡ്ജിയായി നിയമിക്കപ്പെട്ടത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് അപരേഷ് കുമാര്‍ സിംഗ് 1990-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1990 മുതല്‍ 2000 വരെ പട്‌ന ഹൈക്കോടതിയിലും, പിന്നീട് 2012-ല്‍ ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത് വരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. 2022 ഡിസംബര്‍ 20 മുതല്‍ 2023 ഫെബ്രുവരി 19 വരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. ശേഷം തെലങ്കാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.
ലക്‌നൗ സര്‍വകലാശാലയില്‍ നിന്ന് നിയമപഠനം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ഡി കെ ഉപാധ്യായ 1991 മെയ് മാസത്തില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2007 മെയ് മുതല്‍ 2011 നവംബറില്‍ ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത് വരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സലായി സേവനമനുഷ്ഠിച്ചു. 2023 ജൂലൈയില്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. തുടര്‍ന്ന് 2025 ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റം ലഭിച്ചു.
Content Highlights: The Supreme Court Collegium has recommended the elevation of three High Court Chief Justices to the apex court. The decision aims to fill existing judicial vacancies and strengthen the capacity of the top court. The recommendations will now be processed by the Union Ministry for official approval.




