Connect with us

Kerala

കേരളോത്സവ പഞ്ചഗുസ്തിക്കിടെ വിദ്യാർഥിയുടെ കൈയൊടിഞ്ഞു; തിരിഞ്ഞു നോക്കാത്ത പഞ്ചായത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസ്

പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നും പരാതി

Published

|

Last Updated

കോഴിക്കോട് | കേരളോത്സവത്തിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ കൈക്ക് ഗുരുതര പരുക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് കേസെടുത്തത്.

ദിയ അശ്റഫി (19) ൻ്റെ കൈക്ക് മുകളിലെ എല്ലാണ് മത്സരത്തിനിടെ പൊട്ടിയത്. അപകടത്തിൻ്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുക്കുകയോ ദിയയെ തിരിഞ്ഞു നോക്കുകയോ ചെയ്തില്ല. ചികിത്സാ സഹായം ചോദിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നുമാണ് പരാതി. ഇനിയും ആറു മാസത്തോളം ചികിത്സ തുടരണം. വലതു കൈവിരലുകൾക്ക് ഗുരുതര പരുക്കുണ്ട്.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പത്തു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദേശം. കേസ് ഈ മാസം 21ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Latest