Connect with us

From the print

സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ കര്‍ശന നടപടി

മുന്നറിയിപ്പുമായി പോലീസ്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാം സാമൂഹിക മാധ്യമ ഉപയോഗത്തില്‍ മാന്യതയും ഉത്തരവാദിത്വവും പുലര്‍ത്തണം.

Published

|

Last Updated

തിരുവനന്തപുരം | വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. അപകടങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, വ്യക്തിപരമായ ദുഃഖങ്ങള്‍ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സമീപനം വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തിക്കും തിരക്കും കൂടിയതോടെ നടനും സലിംകുമാറിന്റെ മകനുമായ ചന്തു ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നു. ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ‘സ്വകാര്യതക്കുള്ള അവകാശത്തിന്’ എതിരാണെന്ന് പോലീസ് ഓര്‍മിപ്പിച്ചു.

ഇത്തരത്തില്‍ ചെയ്യുന്നത് ഐ ടി നിയമം സെക്ഷന്‍ 66 ഇ പ്രകാരം മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അപകടസ്ഥലങ്ങളിലും ദുരന്തമുഖങ്ങളിലും ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികള്‍ കാണുന്നവര്‍ പോലീസിനെയോ സൈബര്‍ സെല്ലിനെയോ വിവരമറിയിക്കണം. സാമൂഹിക മാധ്യമ ഉപയോഗത്തില്‍ മാന്യതയും ഉത്തരവാദിത്വവും പുലര്‍ത്തണമെന്നും പോലീസ് വ്യക്തമാക്കി.

 

Latest