Connect with us

Kerala

വീണ്ടും ഭീതി പടര്‍ത്തി തെരുവുനായ ആക്രമണം; കോട്ടയത്ത് അഞ്ച് പേര്‍ക്ക് കടിയേറ്റു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊന്നു; നായക്ക് പേവിഷബാധയെന്ന് സംശയം

Published

|

Last Updated

കോട്ടയം | കോട്ടയം സൗത്ത് പാമ്പാടിയില്‍ തെരുവുനായയുടെ കടിയേറ്റ് അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ പരുക്ക് ഗുരുതരമാണ്. നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേ വിഷബാധയുണ്ടെന്നാണ് കരുതുന്നത്.

ഇന്ന് ഉച്ചക്ക് രണ്ടിനും നാലിനുമിടയിലാണ് പ്രദേശത്തെ ഭീതിയിലാഴ്ത്തി നായ പരാക്രമം നടത്തിയത്. മുളയംക്കുന്ന്, കന്നുവെട്ടി, കുറ്റിക്കല്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. കുറ്റിക്കല്‍ സെന്റ് തോമസ് ഹൈസ്‌കൂളിന് സമീപം ചാത്തന്‍പുരയിടത്ത് അനീഷ് സി കുര്യാക്കോസിനാണ് നായയുടെ കടിയേറ്റതായി ആദ്യം വിവരം പുറത്തുവന്നത്. കാലില്‍ കടിയേറ്റതോടെ വീണുപോയ അനീഷിന്റെ മുഖത്തും കൈക്കും കടിച്ച് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് റബ്ബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിനും നായ കടിച്ചു. ഓട്ടത്തിനിടയില്‍ വീണതോടെ ചുണ്ടിനും മുഖത്തും കൈക്കും കടിച്ച് മാരകമായി മുറിവേല്‍പ്പിച്ചു.

മുളേക്കുന്ന് കിഴക്കയില്‍ കെ എസ് ചക്കോയെയും ( കുഞ്ഞൂട്ടി ), കന്നുവെട്ടി ഭാഗത്ത് കൊല്ലം പറമ്പില്‍ ജോസഫ് കുര്യന്‍ (റ്റിറ്റു), വെള്ളറയില്‍ മോഹനന്‍ എന്നിവരെയും ആക്രമിച്ചു. മോഹനന്റെ ദേഹത്ത് ചാടിക്കയറിയായിരുന്നു കടിച്ചത്. ചാത്തന്‍പുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയില്‍ മോഹനന്റെയും വീട്ടിലെ കോഴികളെ നായ കടിച്ചുകൊന്നു.

ഗുരുതരമായ പരുക്കേറ്റ അനീഷും ജോബിയും ചാക്കോയും പാമ്പാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. സ്‌കൂള്‍ വിടുന്നതിനോടടുത്ത സമയത്തായിരുന്നു നായയുടെ ആക്രമണം. നായ ആക്രമണം ഭയന്ന് വിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ നേരിട്ടെത്തിയാണ് കുട്ടികളെ കൊണ്ടുപോയത്.

 

Latest