Kerala
'നടത്തിയത് കടുത്ത അച്ചടക്ക ലംഘനം': നൂര്‍ബീനക്ക് വിശദീകരണ നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ്
പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടാണ് നൂര്‍ബീന പറഞ്ഞതെന്ന് പി എം എ സലാം.
മലപ്പുറം | പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് ആരോപിച്ച് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച അഡ്വ. നൂര്‍ബിന റഷീദിന് വിശദീകരണ നോട്ടീസ് അയച്ച് മുസ്‌ലിം ലീഗ്. നൂര്‍ബിന റഷീദ് കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടാണ് നൂര്‍ബീന പറഞ്ഞത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായി ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് കടുത്ത അച്ചടക്ക ലംഘനമാണ്. അതില്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സലാം വ്യക്തമാക്കി.
‘നിലവില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. നൂര്‍ബിന അവരുടെ തെറ്റുകള്‍ തിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം, വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും.’- പി എം എ സലാം പറഞ്ഞു.


