Connect with us

perum poru

നാസിറയില്‍ തനിയാവര്‍ത്തനം; തീപാറും പോരാട്ടം

സംസ്ഥാന പ്രതിപക്ഷ നേതാവും സിറ്റിംഗ് എം എല്‍ എയുമായ ദേബബ്രത സൈകിയ കോണ്‍ഗ്രസ്സിനായി ഗോദയില്‍ ശക്തമായി മുന്നേറുന്നു. ബി ജെ പിയുടെ മയൂര്‍ ബോര്‍ഗോഹെയ്ന്‍ ആണ് എതിരാളി.

Published

|

Last Updated

ഗുവാഹതി | അപ്പര്‍ അസമില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ശിവസാഗര്‍ ജില്ലയിലെ നാസിറ. ഇവിടെ ആയിരത്തില്‍ താഴെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ്സിലെ സിറ്റിംഗ് എം എല്‍ എയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോല്‍പ്പിച്ച ബി ജെ പി സ്ഥാനാര്‍ഥിയും തമ്മിലുള്ള പോരാണ് നടക്കുന്നത്. 2021ന്റെ തനിയാവര്‍ത്തനമെന്ന് പറയാം.

ഫലവും ആവര്‍ത്തിക്കുമോയെന്നതാണ് ആകാംക്ഷ. സംസ്ഥാന പ്രതിപക്ഷ നേതാവും സിറ്റിംഗ് എം എല്‍ എയുമായ ദേബബ്രത സൈകിയ കോണ്‍ഗ്രസ്സിനായി ഗോദയില്‍ ശക്തമായി മുന്നേറുന്നു. ബി ജെ പിയുടെ മയൂര്‍ ബോര്‍ഗോഹെയ്ന്‍ ആണ് എതിരാളി. ഗ്രാമീണ, അര്‍ധ നഗര വോട്ടര്‍മാരുടെ മിശ്രിതമാണ് നാസിറ നിയമസഭാ മണ്ഡലത്തിന്റെ സവിശേഷത. അത്കൊണ്ട് വാഗ്ദാനങ്ങളും പ്രചാരണ തന്ത്രവും വിഷയങ്ങളുമെല്ലാം ഇരു വിഭാഗം ജനങ്ങളെയും ലക്ഷ്യമിട്ടായിരിക്കണം.

ഉയര്‍ന്ന രാഷ്ട്രീയ അവബോധം, പ്രധാന പാര്‍ട്ടികളുടെ ശക്തമായ സംഘടനാ സാന്നിധ്യം എന്നിവക്കും പേരുകേട്ടതാണ് മണ്ഡലം.

പരമ്പരാഗതമായി കോണ്‍ഗ്രസ്സ് ശക്തികേന്ദ്രമാണിത്. അതേസമയം സമീപ വര്‍ഷങ്ങളില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ കിടമത്സരം ഈ മേധാവിത്വത്തിന് ഇളക്കം തട്ടിച്ചിട്ടുണ്ട്. ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയം കോണ്‍ഗ്രസ്സടക്കമുള്ള മതേതര കക്ഷികളുടെ വോട്ട് ബേങ്കിലേക്ക് കടന്നു കയറുകയായിരുന്നു.

ബി ജെപി, കോണ്‍ഗ്രസ്സ്, അസം ഗണ പരിഷത്ത് (എ ജി പി), യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി -ലിബറല്‍ (യു പി പ ി എല്‍), ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്), ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബി പി എഫ്), സി പി എം, സി പി ഐ തുടങ്ങിയവക്കെല്ലാം വേരുകളുള്ള മണ്ഡലത്തിലെ പ്രധാന മത്സരം കോണ്‍ഗ്രസ്സും ബി ജെ പിയും തമ്മിലാണ്. നാലാമൂഴത്തിന് ദേബബ്രത അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട വിജയം കൈപ്പിടിയിലൊതുക്കാന്‍ എല്ലാ തന്ത്രവും പയറ്റുകയാണ് മയൂര്‍ ബോര്‍ഗോഹെയ്ന്‍.

2021ലെ തിരഞ്ഞെടുപ്പില്‍ ദേബബ്രത സൈകിയ 683 വോട്ടുകളുടെ (0.63 ശതമാനം) ഭൂരിപക്ഷത്തിലാണ് നാസിറ സീറ്റ് നിലനിര്‍ത്തിയത്. 47.56 ശതമാനം വോട്ട് വിഹിതത്തോടെ 52,387 വോട്ടുകള്‍ അദ്ദേഹം നേടി. മയൂര്‍ ബോര്‍ഗോഹെയ്ന്‍ നേടിയത് 51,704 വോട്ടുകള്‍ (46.94 ശതമാനം) ആണ്. അസം ജാതീയ പരിഷത്ത് സ്ഥാനാര്‍ഥി റിബുലയ ഗൊഗോയ് (2,896 വോട്ടുകള്‍) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. ജാതീയ പരിഷത് ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യത്തിലാണ്.

2016ലെ തിരഞ്ഞെടുപ്പില്‍ ദേബബ്രത സൈകിയ 14,855 വോട്ടുകളുടെ (15.11 ശതമാനം) ഭൂരിപക്ഷത്തോടെയായിരുന്നു നാസിറ സീറ്റ് നേടിയത്. അദ്ദേഹം 52,869 വോട്ടുകള്‍ നേടി. ബി ജെ പി സ്ഥാനാര്‍ഥി പ്രഹ്ലാദ് ഗോവാല 38,014 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി. സി പി ഐ സ്ഥാനാര്‍ഥി കനക് ഗൊഗോയ് 4,507 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി.

അഞ്ച് പതിറ്റാണ്ടിലേറെയായി, നാസിറ സീറ്റ് സൈകിയ കുടുംബത്തിന്റെ കൈയിലാണ്. മുന്‍ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈകിയ 1972, 1978, 1983, 1985, 1991 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് തവണ ഈ സീറ്റ് നേടി. അദ്ദേഹത്തിന്റെ ഭാര്യ ഹേമോപ്രാവ സൈകിയ 2001ലെ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് കുടുംബ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയി. ഇപ്പോള്‍, അവരുടെ മകന്‍ ദേബബ്രത സൈകിയയും.

 

Latest