Connect with us

From the print

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 5,000 വിദ്യാര്‍ഥികള്‍ പങ്കെടുക്കും

Published

|

Last Updated

ആലപ്പുഴ | സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവവും വൊക്കേഷനല്‍ എക്സ്പോയും ഇന്ന് വൈകിട്ട് നാലിന് ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ഇന്ന് മുതല്‍ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐ ടി മേളകളും ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും ലജ്നത്തുല്‍ മുഹമ്മദിയ്യ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും എസ് ഡി വി ബോയ്സ്, ഗേള്‍സ് സ്‌കൂളുകളില്‍ പ്രവൃത്തിപരിചയമേളയുമാണ് നടക്കുക.

കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്‍, കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളില്‍ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഇന്ന് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തുന്നതോടെ മേളക്ക് തുടക്കമാകും. രാവിലെ പത്ത് മുതല്‍ സെന്റ് ജോസഫ് എച്ച് എസ് എസില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും.

ഇത്തവണ മുതല്‍ സംസ്ഥാനസ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് എജ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള 5,000 വിദ്യാര്‍ഥികള്‍ 180 ഇനങ്ങളിലായി പങ്കെടുക്കും. മേള 18ന് സമാപിക്കും. ശാസ്ത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ കരിയര്‍ എക്സ്പോയും സംഘടിപ്പിക്കുന്നുണ്ട്. ലോകത്ത് അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഉപരിപഠനത്തിന്റെയും ജോലി സാധ്യതകളുടെയും വാതായനങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു നല്‍കാനാണ് കരിയര്‍ എക്സ്പോ സംഘടിപ്പിക്കുന്നത്.

16, 17 തീയതികളില്‍ ലിയോ തേര്‍ട്ടീന്ത് എച്ച് എസ് എസില്‍ നടക്കുന്ന കരിയര്‍ സെമിനാറും കരിയര്‍ എക്സ്പോയും ഇത്തവണത്തെ സ്‌കൂള്‍ ശാസ്ത്രമേയുടെ പ്രധാന ആകര്‍ഷണമാകും. കരിയര്‍ സെമിനാര്‍ നാളെ രാവിലെ 10.30ന് മന്ത്രി വി ശിവന്‍കുട്ടിയും കരിയര്‍ എക്സ്പോ 11ന് മന്ത്രി സജി ചെറിയാനും ഉദ്ഘാടനം ചെയ്യും.

പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഭക്ഷണ ശാലയുടെ പ്രവര്‍ത്തനം ഇന്നലെ വൈകിട്ടോടെ ലജ്‌നത്തുല്‍ മുഹമ്മദിയ്യ സ്‌കൂളില്‍ ആരംഭിച്ചു.

 

---- facebook comment plugin here -----

Latest