Connect with us

DRUG MAFIA

നോട്ടമിടുന്നത് കൗമാരക്കാരെ

വിദ്യാലയങ്ങൾ തുറന്നതിന് ശേഷമുള്ള ആദ്യ രണ്ട് മാസത്തിനുള്ളിൽ മാത്രം കേരളത്തിൽ നിന്ന് ഒരു കിലോയിലധികം സിന്തെറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്. പതിനായിരക്കണക്കിനാളുകളെ ലഹരിയുടെ കാണാക്കയത്തിലേക്ക് വലിച്ചെറിയാൻ ഈ അളവിലുള്ള മയക്കുമരുന്നിന് കഴിയുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുമ്പോൾ ആശങ്കക്കപ്പുറം ഭീതി കൊണ്ട് നമ്മുടെ ഉള്ളൊന്ന് പിടക്കുമെന്ന് ഉറപ്പ്.

Published

|

Last Updated

പോലീസോ നാട്ടുകാരോ പരിസരത്തെവിടെയുമില്ലെന്ന് ഉറപ്പുവരുത്തിയാണ് ആൾത്തിരക്ക് കുറഞ്ഞ പാതയോരങ്ങളിൽ ഇവരെത്തുക. ആവശ്യക്കാരായ കുട്ടികളെ വിളിച്ചുവരുത്തും. പിന്നീട് ചെറു പൊതികൾ കൈമാറും. വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിറ്റതിന് പിടിയിലായ മൂന്നംഗ സംഘത്തെ എക്‌സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ കൂസലേതുമില്ലാതെയായിരുന്നു മറുപടി. 19 വയസ്സുകാരനുൾപ്പടെയുള്ള നാലംഗ സംഘത്തെ ഏതാനും മാസം മുമ്പാണ് പെരിന്തൽമണ്ണക്കടുത്ത് വെച്ച് എക്‌സൈസുകാർ വിദഗ്ധമായി കുടുക്കിയത്. വാടകക്ക് റൂമെടുത്തായിരുന്നു ഇവരുടെ മയക്കുമരുന്ന് കച്ചവടം. നൂറ് മില്ലിഗ്രാം മുതലുള്ള ചെറു പൊതികളാക്കി വാഹനത്തിൽ കറങ്ങി നടന്നായിരുന്നു വിൽപ്പന. മാരക മയക്കുമരുന്നായ എം ഡി എം എയും കഞ്ചാവുമായിരുന്നു പിടിച്ചെടുത്തത്. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് ചെറുപ്പക്കാരെ തൃശൂരിൽ നിന്ന് അടുത്തിടെ പിടികൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളും കലാലയങ്ങളെ നോട്ടമിട്ട് വിൽപ്പന നടത്തുന്നുണ്ട്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാടാനപ്പള്ളിയിൽ നടത്തിയ റെയ്ഡിൽ ഒഡീഷ സ്വദേശിയെയാണ് പിടികൂടിയത്. സ്വാഗത് സിംഗ് എന്നു പേരുള്ള ഇയാൾ എക്‌സൈസിന്റെ ചോദ്യം ചെയ്യലിലാണ് സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിറ്റിരുന്നതെന്ന് വെളിപ്പെടുത്തിയത്. സ്‌കൂൾ, കോളേജ് പരിസരങ്ങളിലെ കടകളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ഹാൻസ് വിറ്റഴിക്കാനായി കോട്ടയം വിജയപുരത്ത് പ്രവർത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ നിർമാണ യൂനിറ്റ് തന്നെ അടുത്ത കാലത്ത് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് പുകയില ഉത്പന്നങ്ങൾ എത്തിച്ചാൽ പിടിക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് വാടകക്ക് താമസിക്കുന്ന വീട്ടിൽ സ്വന്തമായി നിർമാണ യൂനിറ്റ് ആരംഭിച്ചത്. ഹാൻസ് പാക്ക് ചെയ്യുന്നതിനായി ലക്ഷങ്ങൾ വിലയുള്ള യന്ത്രവും ഹാൻസ് ചാക്കുകളിലാക്കി തയ്ക്കുന്നതിനുള്ള റെവോ ബാഗ് ക്ലോസർ യന്ത്രവുമെല്ലാം ഇവിടെ നിന്ന് കണ്ടെടുത്തു. ഒരു മാരുതി 800 കാറിൽ കറങ്ങിയായിരുന്നു കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള വിൽപ്പന.

ഇത് എതെങ്കിലുമൊരിടത്ത് എപ്പോഴെങ്കിലും സംഭവിക്കുന്ന ഒരത്യപൂർവ സംഭവമല്ല. അടുത്ത നാളുകളായി നഗര, ഗ്രാമ വ്യത്യാസമില്ലാതെ സ്‌കൂളുകളെയും കോളജുകളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ നടത്തുന്ന ലഹരിക്കച്ചവടത്തിന്റെ ചെറിയ ചില ദൃഷ്ടാന്തങ്ങൾ മാത്രം. സ്‌കൂളിനും കോളജിനും പുറത്ത് നടക്കുന്ന ഇത്തരം ചില സംഭവങ്ങൾ മാത്രമേ പുറംലോകം അറിയുന്നുള്ളൂ. വിദ്യാർഥികളായതിനാൽ മാനഹാനി ഭയന്ന് ഒട്ടേറെ സംഭവങ്ങൾ പുറത്തറിയാതെ പോകുന്നുണ്ട്. വിദ്യാലയങ്ങൾ തുറന്നതിന് ശേഷമുള്ള ആദ്യ രണ്ട് മാസത്തിനുള്ളിൽ മാത്രം കേരളത്തിൽ നിന്ന് ഒരു കിലോയിലധികം സിന്തെറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്. പതിനായിരക്കണക്കിനാളുകളെ ലഹരിയുടെ കാണാക്കയത്തിലേക്ക് വലിച്ചെറിയാൻ മാത്രം ഈ അളവിലുള്ള മയക്കുമരുന്നിന് കഴിയുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുമ്പോൾ ആശങ്കക്കപ്പുറം ഭീതി കൊണ്ട് നമ്മുടെ ഉള്ളൊന്ന് പിടക്കുമെന്ന് ഉറപ്പ്. സ്‌കൂളുകളുകളെയും കോളജുകളെയും ലക്ഷ്യമിട്ട് കേരളത്തിലേക്ക് സിന്തെറ്റിക് മയക്കുമരുന്നിന്റെ ഒഴുക്ക് വൻതോതിൽ വർധിക്കുന്നുണ്ടെന്നത് കൗമാരക്കാരെ മയക്കുമരുന്ന് മാഫിയ വിടാതെ പിന്തുടരുന്നുവെന്നതിന്റെ തെളിവായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ബന്ധങ്ങളിൽ കരുതൽ വേണം
തമാശക്കോ കൗതുകത്തിന്റെ പേരിലോ സമപ്രായക്കാരുടെ പ്രേരണയിലോ ആകും കൗമാരക്കാരുടെ ലഹരി ശീലം തുടങ്ങുന്നത്.സിനിമയിലും മറ്റും കണ്ട നായകരുടെ ലഹരി ഉപയോഗത്തിന്റെ അനുകരണവും ചിലപ്പോഴൊക്കെ ഇവർക്ക് പ്രേരണയാകാറുണ്ടെന്നാണ് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്. ഒരു തവണ ഉപയോഗിച്ചു നോക്കാമെന്ന് ആഗ്രഹിച്ച് ലഹരിയുടെ ചതിക്കുഴിയിൽ വീണുപോയവർ ഏറെയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കുടുംബത്തിലാരെങ്കിലും ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഇതിൽ ആകൃഷ്ടരായി ലഹരി വലയിൽ കുടുങ്ങുന്നവരുമുണ്ട്. കൂട്ടുകാരുടെ മുന്നിൽ ഹീറോ ചമയാനോ, മുതിർന്ന ആളായി മാറാനുള്ള വ്യഗ്രതയിലോ ഇത്തരം ശീലങ്ങൾ തുടങ്ങുന്നവരുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ, ഇത് പിന്നീട് ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത വിധമാണ് അവരെ കീഴ്‌പ്പെടുത്തുക. വൈവിധ്യമാണ് കൗമാരക്കാരെ ലഹരിയിലേക്കാകർഷിക്കുന്ന പ്രധാന ഘടകം. ചോക്ലേറ്റ് പോലെ അല്ലെങ്കിൽ മറ്റേതെങ്കിലും മധുര പലഹാരം പോലെയോ ആകർഷിപ്പിച്ചും ലഹരിയിലേക്ക് അടുപ്പിക്കുന്നു. ഇത്തരം ഉത്പന്നങ്ങൾ തുടക്കത്തിൽ ലഹരിയാണെന്നറിയാതെയാണ് പലരും ഉപയോഗിക്കുന്നത്. ആദ്യം സൗജന്യമായി നൽകും. പിന്നീട് വിതരണക്കാർ ഉദ്ദേശിക്കുന്ന വഴിയിലേക്ക് പതിയെ അവരെ കൊണ്ടുവരും. ലഹരിക്കടിമപ്പെട്ടെന്നുറപ്പായാലാണ് പണം ഈടാക്കിത്തുടങ്ങുക. വീട്ടിൽ നിന്ന് ലഭിക്കുന്ന പോക്കറ്റ് മണി ഇതിന് തികയാതെവരുമ്പോൾ അവർ മോഷണത്തിലേക്ക് വഴിതിരിയും. പണത്തിന് വേണ്ടി ഇത്തരക്കാർ ആക്രമണത്തിലേക്ക് തിരിയുന്ന സംഭവങ്ങളടക്കം ഉണ്ടായിട്ടുണ്ടന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ലഹരിക്കടിമപ്പെടുന്ന കൗമാരക്കാർ കുറ്റകൃത്യങ്ങൾക്കും ഇരകളാകാറുണ്ട്. എം ഡി എം എയും സ്റ്റാമ്പ് പോലുള്ള രാസ ലഹരിമരുന്നും ഉപയോഗിക്കുന്നവരാണ് വിമുക്തി കേന്ദ്രങ്ങളിലെത്തുന്നവരിൽ കൂടുതലുമെന്നാണ് അധികൃതർ പറയുന്നത്. നിറമോ മണമോ രുചിയോ ഇല്ലാത്ത സിന്തെറ്റിക് മയക്കുമരുന്നുകൾ മില്ലിഗ്രാം അളവിൽ ഉള്ളിൽ പോയാൽ പോലും അത് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. മാനസിക വിഷമങ്ങൾ മറക്കാൻ സഹായിക്കുമെന്നും കൂടുതൽ ഉന്മേഷം തോന്നുമെന്നും ഉറക്കം വരില്ലെന്നുമൊക്കെയുള്ള മോഹന വാഗ്ദാനങ്ങൾ നൽകിയാണ് പലരും ഇത് മുന്നിൽ എത്തിക്കുന്നത്. ഒരിക്കലെങ്കിലും ഇവ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നെയൊരു മടങ്ങിവരവ് ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ട് തന്നെ വെറുതെ ഒരു രസത്തിന് വേണ്ടി പോലും ഇതൊന്നും പരീക്ഷിച്ചു നോക്കരുതെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

മയക്കു ഗുളികകളും വ്യാപകം
തലച്ചോറിനെ മാരകമായി ബാധിക്കുന്നതും ഡോക്ടറുടെ മേൽനോട്ടത്തിൽ ചില പ്രത്യേക തരം രോഗങ്ങൾക്ക് കുറഞ്ഞ അളവിൽ കഴിക്കേണ്ടതുമായ ഗുളികകൾ മയക്കുമരുന്നിന് പകരമായി ഉപയോഗിക്കുന്ന രീതിയും കൗമാരക്കാർക്കിടയിൽ കൂടിയിട്ടുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ മാസം ആലപ്പുഴയിലെ കുത്തിയതോട് തുറവൂർ ജംഗ്ഷനിൽ മയക്കുമരുന്നായി ഉപയോഗിക്കുന്ന 80 ഗുളികകളുമായി രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മയക്കുമരുന്നായി ഗുളികൾ ഉപയോഗിക്കുന്ന പ്രവണത കൂടിയിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടത്. ഡോക്ടറുടെ കുറിപ്പുകൾ വ്യാജമായി ഉണ്ടാക്കിയാണ് വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇവരടങ്ങിയ സംഘം ഗുളികകൾ വാങ്ങി ശേഖരിച്ചിരുന്നത്. പിന്നീട് അവ ആവശ്യക്കാർക്ക് വിലകൂട്ടി വിൽപ്പന നടത്തുകയായിരുന്നു. ഇവർക്ക് പിന്നിൽ വലിയ സംഘം ഉണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതോടെ എക്‌സൈസ് സംഘം അന്വേഷണം വിപുലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും ഇത്തരത്തിലുള്ള സംഘത്തിൽപ്പെട്ടയാളെ ഒരു മാസം മുമ്പ് പിടികൂടിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ്, പേരൂർക്കട ജില്ലാ മോഡൽ ഹോസ്പിറ്റൽ, ശാസ്തമംഗലം ശ്രീരാമകൃഷ്ണ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ഒ പി ടിക്കറ്റുകൾ തരപ്പെടുത്തി ഡോക്ടറുടെ വ്യാജ സീലും ഒപ്പും ഉപയോഗിച്ച് വ്യാജക്കുറിപ്പടി തയ്യാറാക്കിയാണ് ഇയാൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഗുളികകൾ വാങ്ങി വിൽപ്പന നടത്തിയിരുന്നത്. പുളിയറക്കോണം സ്വദേശിയായ ഇയാളിൽ നിന്ന് നിരവധി വ്യാജ ഒ പി ടിക്കറ്റുകൾ, ഡോക്ടറുടെ വ്യാജ സീൽ, പാഡ് എന്നിവയെല്ലാം കണ്ടെടുത്തിരുന്നു.

വില്ലനായി സിനിമകളും
പുകവലി, മദ്യപാനം എന്നിവയെപ്പോലെ പെട്ടെന്ന് പ്രകടമാകുന്ന ലക്ഷണങ്ങൾ ലഹരിമരുന്നുകൾക്കില്ല. ഇവ സ്വകാര്യമായി ഉപയോഗിച്ചാൽ പെട്ടെന്നാരും അറിയില്ലെന്ന ധാരണയും കൗമാരക്കാരെ ലഹരിമരുന്നിലേക്ക് അടുപ്പിക്കാൻ കാരണമാകുന്നുണ്ടെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ലഹരി ഉപയോഗം ചിത്രീകരിക്കുന്ന സിനിമകളും ഗാനങ്ങളുമെല്ലാം കുട്ടികളെ ചിലപ്പോഴൊക്കെ സ്വാധീനിക്കാറുണ്ട്. ഇന്റർനെറ്റിലും മൊബൈലിലും കാണുന്ന സിനിമകളിൽ കഞ്ചാവ് പുകച്ച സൂപ്പർ താരം സകലരെയും അടിച്ച് നിലംപരിശാക്കുകയും കൈയിൽ മദ്യക്കുപ്പിയുമായി ആടിപ്പാടുകയും ചെയ്യുന്നത് കാണുമ്പോൾ കൗമാരക്കാർക്ക് അനുകരിക്കാൻ തോന്നിയേക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ പക്ഷം.
രാസ ലഹരി ഉപയോഗിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങൾ ജനപ്രിയ സിനിമകളിൽ ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവിൽ ഒരു വിഹിതം നൽകി സഹകരിക്കാൻ ലഹരി സംഘങ്ങൾ തയ്യാറാണെന്ന ഞെട്ടിക്കുന്ന വിവരവും അടുത്തിടെയാണ് പുറത്തുവന്നത്.

ചില യൂട്യൂബ് വ്ലോഗർമാരും കുട്ടികളെ ലഹരി ഉപയോഗത്തിന് സ്വാധീനിക്കുന്നുണ്ട്. പെൺകുട്ടിക്ക് വീഡിയോ കോൾ വഴി “പൊകയടിക്കാൻ’ ക്ലാസ്സ് എടുത്ത് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു യൂട്യൂബ് വ്ലോഗറെ ഏതാനും നാളുകൾക്ക് മുമ്പാണ് എക്‌സൈസ് കഞ്ചാവുമായി പിടികൂടിയത്. പിടിയിലാകുന്ന സമയത്തും ഇയാൾ കഞ്ചാവിന്റെ ലഹരിയിൽ ആയിരുന്നത്രെ. നേരത്തേ കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്താൻ വിദ്യാലയങ്ങളിൽ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ദന്തപരിശോധന നടത്തിയിരുന്നു. ദന്തപരിശോധനയിലൂടെ കുട്ടികൾക്ക് പാൻമസാലയുടെ ഉപയോഗമോ പുകവലിയോ ഉണ്ടോയെന്ന് കണ്ടെത്താനായിരുന്നു ശ്രമം. പല്ലിനും മോണക്കും പുറമെ വായ്ക്കുളളിലും വിശദമായി പരിശോധന നടത്തി. ആദ്യഘട്ടം ഇത്തരം ശ്രമങ്ങൾ സജീവമായെങ്കിലും തുടർ പരിപാടികളുണ്ടായില്ല. അതേസമയം, സംസ്ഥാനത്തെ ലഹരിവിമുക്തികേന്ദ്രങ്ങളിൽ ചികിത്സതേടിയെത്തുന്ന 21 വയസ്സിൽ താഴെയുള്ളവരുടെ എണ്ണത്തിലും വർധനവുണ്ടെന്നാണ് ഇതുസംബന്ധിച്ച കണക്കുകൾ പറയുന്നത്.

(നാളെ: വലവിരിച്ച് സൈബറിടങ്ങളും…)

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest