National
എസ് ഐ ആര്‍: നിയമസാധുത ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്
എസ് ഐ ആര്‍ പ്രക്രിയക്ക് ഭരണഘടനയുടെ 326-ാം അനുച്ഛേദ പ്രകാരവും, 1950ലെ ജനപ്രാതിനിധ്യ നിയമ പ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്ന പ്രധാന വിഷയം.
ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിശോധന (എസ് ഐ ആര്‍) യുടെ നിയമസാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക.
എസ് ഐ ആര്‍ പ്രക്രിയക്ക് ഭരണഘടനയുടെ 326-ാം അനുച്ഛേദ പ്രകാരവും, 1950ലെ ജനപ്രാതിനിധ്യ നിയമ പ്രകാരവും തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് കോടതി പരിശോധിക്കുന്ന പ്രധാന വിഷയം. വോട്ടര്‍മാരുടെ പൗരത്വം തെളിയിക്കുന്നതിനായി കമ്മീഷന്‍ സ്വീകരിച്ച നടപടികളില്‍ പൗരാവകാശ ലംഘനമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലും കോടതി വ്യക്തത വരുത്തും.
കഴിഞ്ഞ ജനുവരി 29ന് വാദം പൂര്‍ത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, എം പിമാരായ മഹുവ മൊയ്ത്ര, മനോജ് ഝാ, കെ സി വേണുഗോപാല്‍, സുപ്രിയ സുലെ തുടങ്ങിയവരാണ് എസ് ഐ ആര്‍ പ്രക്രിയയെ ചോദ്യം ചെയ്തുകൊണ്ട് കോടതിയെ സമീപിച്ചത്.







