Uae
ദുബൈയിൽ "ഹവി ദുബൈ' പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ
പദ്ധതിയുടെ നിർമാണം ദുബൈ മുനിസിപ്പാലിറ്റിയുടെയും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെയും മേൽനോട്ടത്തിലാണ് നടക്കുക.

ദുബൈ|ദുബൈയിലെ ഫർജാൻ (പരമ്പരാഗത പരിസരങ്ങൾ) പ്രദേശങ്ങളിൽ പുതിയ സാമൂഹിക ഇടങ്ങൾ സൃഷ്ടിക്കുന്നതിനുള്ള “ഹവി ദുബൈ’ പദ്ധതി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ ഐക്യവും ദൈനംദിന ആശയവിനിമയവും ശക്തിപ്പെടുത്തുന്നതിനും ഒത്തുചേരലുകൾ, ആഘോഷങ്ങൾ, പരിപാടികൾ എന്നിവ സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ നടത്തുന്നതിനാണ് ഈ മേഖല ലക്ഷ്യമിടുന്നത്. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായ “ഹവി നദ് അൽ ശീബ 4′ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.
“സമൂഹത്തിന്റെ വർഷം’ ആചരിക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ആദ്യ പദ്ധതിയുടെ നിർമാണം ദുബൈ മുനിസിപ്പാലിറ്റിയുടെയും ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെയും മേൽനോട്ടത്തിലാണ് നടക്കുക. ഇമാറാത്തി കുടുംബങ്ങളുടെ തലമുറകളായി പിന്തുടർന്നുവന്ന സാമൂഹിക ഐക്യത്തിന്റെ മൂല്യങ്ങൾ പുതിയ തലമുറയിൽ ഊട്ടിയുറപ്പിക്കാൻ “ഹവി ദുബൈ’ പ്രയോജനപ്പെടും. കുട്ടികൾക്ക് അവരുടെ മാതാപിതാക്കളും മുത്തശ്ശിമാരും അനുഭവിച്ച സാമൂഹിക ബന്ധങ്ങളുടെ സൗന്ദര്യം പകർന്നുനൽകും. സമൂഹങ്ങളെ കൂടുതൽ ശക്തമാക്കാൻ സഹായിക്കുന്നതാവും ഈ സംരഭം.