Connect with us

UAE

ഷാര്‍ജ പുസ്തകോത്സവം; ഡോ. സഈദ് യഖ്തീന്‍ സാംസ്‌കാരിക വ്യക്തിത്വം

നാല് പതിറ്റാണ്ടിലേറെ നീണ്ട സംഭാവന നല്‍കിയ മൊറോക്കന്‍ പണ്ഡിതന്‍.

Published

|

Last Updated

ഷാര്‍ജ | നാല്‍പ്പത്തിയഞ്ചാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിലെ ഈ വര്‍ഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി പ്രമുഖ മൊറോക്കന്‍ പണ്ഡിതനും സാഹിത്യകാരനുമായ ഡോ. സഈദ് യഖ്തീനെ തിരഞ്ഞെടുത്തു. അറബി സാഹിത്യത്തിനും നിരൂപണത്തിനും നല്‍കിയ നാല് പതിറ്റാണ്ടിലേറെ നീണ്ട സമഗ്ര സംഭാവനകള്‍ മാനിച്ചാണ് സുപ്രധാന അംഗീകാരം. ക്ലാസിക്കല്‍, ആധുനിക അറബി സാഹിത്യം, ഡിജിറ്റല്‍ സാഹിത്യം എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ വിലപ്പെട്ട ഗവേഷണങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി വ്യക്തമാക്കി.

അറബി സാഹിത്യ നിരൂപണ മേഖലയെ സമ്പന്നമാക്കുന്നതില്‍ ഡോ. സഈദ് യഖ്തീന്റെ സംഭാവനകള്‍ നിര്‍ണായകമാണെന്ന് സി ഇ ഒ. അഹ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. 1955ല്‍ മൊറോക്കോയിലെ കാസബ്ലാങ്കയില്‍ ജനിച്ച അദ്ദേഹം മുഹമ്മദ് വി സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. അറബ് ഇന്റര്‍നെറ്റ് റൈറ്റേഴ്സ് യൂണിയന്‍ പ്രസിഡന്റായിരുന്ന യഖ്തീന്‍ സാഹിത്യവുമായി ബന്ധപ്പെട്ട് ഇരുപതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ശൈഖ് സായിദ് ബുക്ക് അവാര്‍ഡ്, കത്താറ പ്രൈസ്, കുവൈത്ത് പ്രൈസ് തുടങ്ങി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ഈ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ 124 രാജ്യങ്ങളില്‍ നിന്നായി 2,673 പ്രസാധകരും പ്രദര്‍ശകരുമാണ് പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിലായി ആയിരത്തഞ്ഞൂറോളം സാംസ്‌കാരിക, കലാപരിപാടികള്‍ മേളയുടെ ഭാഗമായി നടക്കും. ഒമാനാണ് അതിഥി രാജ്യം.

Content Highlights: Renowned Moroccan critic and scholar Dr Said Yaktine has been named the Cultural Personality of the Year for the upcoming Sharjah International Book Fair. The announcement recognizes his significant contributions to Arabic literature and narrative studies. The prestigious honor highlights the event’s global literary impact.

 

Latest