Connect with us

International

ബ്രസീല്‍ തിരഞ്ഞെടുപ്പ് പരാജയം; അമേരിക്കയിലേക്ക് കടന്ന് തീവ്രവലതുപക്ഷ നേതാവ് ഫ്‌ലാവിയോ ബോള്‍സോനാരോ

രാജ്യം വിടുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെയാണിത്. 'ലജ്ജാകരമായ' പ്രവൃത്തി എന്ന് നിലവിലെ പ്രസിഡന്റ് ലുല ഡാ സില്‍വ.

Published

|

Last Updated

ബ്രസീലിയ/വാഷിങ്ടണ്‍ | ബ്രസീല്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ അമേരിക്കയിലേക്ക് പലായനം ചെയ്ത് തീവ്രവലതുപക്ഷ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായിരുന്ന ഫ്‌ലാവിയോ ബോള്‍സോനാരോ. രാജ്യം വിടുന്നതില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെയാണിത്. യു എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ജയിലില്‍ കഴിയുന്ന മുന്‍ നേതാവ് ജെയര്‍ ബോള്‍സോനാരോയുടെ മകനായ ഫ്‌ലാവിയോ ബോള്‍സോനാരോ ഞായറാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ ഫ്‌ലാവിയോ തയ്യാറായിട്ടില്ല.

തന്റെ പാസ്പോര്‍ട്ടുകള്‍ കൈമാറാന്‍ സുപ്രീം കോടതി ജഡ്ജി ഉത്തരവിട്ടതായി ഈ തീവ്രവലതുപക്ഷ സെനറ്റര്‍ തിങ്കളാഴ്ച വെളിപ്പെടുത്തിയിരുന്നു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ ആരോപണങ്ങളില്‍ ബോള്‍സോനാരോ അന്വേഷണം നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പിലെ പരാജയത്തോടെ, അദ്ദേഹത്തിന് ലഭിച്ചിരുന്ന പാര്‍ലിമെന്ററി പരിരക്ഷയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

അതിനിടെ, ബോള്‍സോനാരോക്കും കുടുംബത്തിനും വിസ അനുവദിക്കുമെന്ന് യു എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ യാത്രാ പദ്ധതികളെക്കുറിച്ച് സ്ഥിരീകരണം നല്‍കിയില്ല. സെനറ്ററുടെ ബ്രസീലിയന്‍ പാസ്പോര്‍ട്ടും നയതന്ത്ര പാസ്പോര്‍ട്ടും റദ്ദാക്കിയതായി പോലീസ് വൃത്തങ്ങള്‍ എ എഫ് പിയോട് പറഞ്ഞു. ഫ്‌ലാവിയോ ബോള്‍സോനാരോ രാജ്യം വിട്ടുപോയതായി ഔദ്യോഗിക രേഖകളൊന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്‌ലാവിയോ രാജ്യം വിട്ടുപോയതിനെ ‘ലജ്ജാകരമായ’ പ്രവൃത്തി എന്നാണ് നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വ വിശേഷിപ്പിച്ചത്. ‘ഒരാള്‍ തന്റെ രാജ്യത്തുനിന്ന് രഹസ്യമായി കടന്നുകളയുന്നുണ്ടെങ്കില്‍, അയാള്‍ക്ക് എന്തോ മറച്ചുവെക്കാനുണ്ട് എന്നാണര്‍ഥം. ബ്രസീല്‍ വിട്ടുപോകുന്നത് ലജ്ജാകരമായ കാര്യമാണ്.’- ബ്രസീലിയയില്‍ നടന്ന തന്റെ 81-ാം ജന്മദിനാഘോഷത്തിനിടെ അദ്ദേഹം പറഞ്ഞു.

ബ്രസീലില്‍ നിന്ന് പുറത്തുപോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് തന്നെ ഭയപ്പെടുത്താനുള്ള ഒരു തന്ത്രമാണെന്നും രാജ്യം വിട്ടുപോകാന്‍ തനിക്ക് ഒരിക്കലും ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും ബോള്‍സോനാരോ തിങ്കളാഴ്ച പ്രതികരിച്ചിരുന്നു.

Content Highlights:Far-right leader Flavio Bolsonaro reportedly fled Brazil for the United States following his defeat in the presidential election against Lula da Silva. The Brazilian senator left the country despite facing legal troubles and a travel ban. Incumbent President Lula condemned the flight as shameful.

 

 

 

 

---- facebook comment plugin here -----

Latest