kerala sahityolsav 22
സ്വതന്ത്ര മാധ്യമപ്രവർത്തനം സങ്കീർണ അവസ്ഥയിലെന്ന് സെമിനാർ
എസ് എസ് എഫ് കേരള സാഹിത്യോത്സവിൽ നടന്ന മാധ്യമ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രമുഖ മാധ്യമപ്രവർത്തകൻ പി ദാമോദർ പ്രസാദ്.
മൂവാറ്റുപുഴ | വലതുപക്ഷ മുതലാളിത്തവത്കരണവും സംഘ്പരിവാർ ഏകാധിപത്യ പ്രവർത്തനങ്ങളും ഇന്ത്യയിലെ സ്വതന്ത്ര മാധ്യമപ്രവർത്തനങ്ങളെ അതിസങ്കീർണ ഘട്ടത്തിൽ എത്തിച്ചിരിക്കുകയാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പി ദാമോദർ പ്രസാദ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളെ മുതലാളിത്തം വിഴുങ്ങിക്കഴിഞ്ഞു. ഭരണകൂടം സ്വതന്ത്ര മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഇല്ലായ്മ ചെയ്യുന്നു. മലയാള മാധ്യമങ്ങൾ പോലും പക്ഷപാതത്തിലും കോർപറേറ്റ് താത്പര്യങ്ങൾക്ക് വഴങ്ങിയുമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ് എസ് എഫ് കേരള സാഹിത്യോത്സവിൽ നടന്ന മാധ്യമ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി എൻ ഹർഷൻ, ഇ സനീഷ്, രാംമോഹൻ പാലിയത്ത്, ടി എ അലി അക്ബർ സംസാരിച്ചു. പരമ്പരാഗത മാധ്യമങ്ങളുടെ കാലം കഴിഞ്ഞുവെന്നു പറയാനാകില്ല. സോഷ്യൽ മീഡിയകൾ സേവനദാതാക്കളുടെ താത്പര്യത്തിനൊത്ത് മാത്രമാണ് പ്രവർത്തിക്കുന്നത്. നവമാധ്യമങ്ങളുടെ സ്വാധീനങ്ങൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.
പുതിയ പരീക്ഷണങ്ങൾ നടക്കുന്നുവെങ്കിലും സാമ്പത്തികമായി അവർക്ക് അതിജയിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. സംഘ്പരിവാർ ആശയങ്ങളുടെ സ്വാധീനവും മൂലധന താത്പര്യങ്ങളും മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെ വരെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞുവെങ്കിലും എല്ലാ മാധ്യമങ്ങളിലും കൃത്യമായ മതനിരപേക്ഷ നിലപാടുള്ള മാധ്യമപ്രവർത്തകർ ഉണ്ട് എന്നും മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു.



