Saudi Arabia
സഊദി ദേശീയ ദിനം: ജിദ്ദ ഐ സി എഫ് റീജ്യണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി, സഊദി നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്
ജിദ്ദ | സഊദി അറേബ്യയുടെ 96-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ജിദ്ദ റീജ്യണല്‍ കമ്മിറ്റി വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടന്നു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ജിദ്ദയിലും ക്യാമ്പ് ഒരുക്കിയത്.
കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി, സഊദി നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. പ്രവാസി സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നുമുള്ള നിരവധി സന്നദ്ധ പ്രവര്‍ത്തകര്‍ മാതൃകാപരമായ ഈ സംരംഭത്തില്‍ പങ്കാളികളായി രക്തം ദാനം ചെയ്തു.
സമൂഹത്തില്‍ രക്തദാനത്തിന്റെ സന്ദേശം വ്യാപിപ്പിക്കുക എന്നതോടൊപ്പം, അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍രക്ഷാ ഔഷധമായ രക്തത്തിന്റെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യവുമാണ് ക്യാമ്പിന് പിന്നിലുണ്ടായിരുന്നത്. സഊദി ദേശീയ ദിനം മുന്നോട്ടു വെക്കുന്ന മാനവികതാബോധവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു പരിപാടി.
ക്യാമ്പിന്റെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ഹോസ്പിറ്റല്‍ അധികൃതര്‍ക്കും, അവശ്യഘട്ടത്തില്‍ രക്തദാനത്തിനെത്തിയ എല്ലാ പ്രവര്‍ത്തകര്‍ക്കും ഐ സി എഫ് ജിദ്ദ റീജ്യണല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രത്യേക നന്ദിയും അഭിനന്ദനവും അറിയിച്ചു. ബഷീര്‍ മാസ്റ്റര്‍ പറവൂര്‍, യഹ്യ ഖലീല്‍ നൂറാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബു മിസ്ബാഹ് ഐക്കരപ്പടി, യാസര്‍ എ ആര്‍ നഗര്‍, ഹനീഫ ബെര്‍ക, ഇബ്‌റാഹീം മുസ്‌ലിയാര്‍ കോതമംഗലം ക്യാമ്പിന് നേതൃത്വം നല്‍കി.
Content Highlights:
Jeddah ICF regional committee organized a blood donation camp to mark Saudi National Day. The event saw active participation from community members highlighting civic responsibility. The campaign successfully contributed to local blood bank reserves in Jeddah.




