Connect with us

Ongoing News

സഊദി ഇഹ്‌സാന്‍ പദ്ധതി;10 ലക്ഷം റിയാല്‍ നല്‍കി എം എ യൂസഫലി

Published

|

Last Updated

അബൂദബി | സഊദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ ‘ഇഹ്‌സാന്‍’ – ലേക്കായി പത്ത് ലക്ഷം റിയാല്‍ നല്‍കി (രണ്ട് കോടി രൂപ) ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി വികസിപ്പിച്ച ഇഹ്‌സാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിയാണ് യൂസഫലി തുക കൈമാറിയത്. ഔദ്യോഗിക ട്വിറ്റര്‍ വഴി ഇഹ്‌സാന്‍ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റമസാനില്‍ ആരംഭിച്ച ഈ പദ്ധതിയില്‍ ഇതുവരെയായി 200 കോടി റിയാല്‍ സമാഹരിച്ചതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് മൂന്നു കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് കോടി റിയാലും നല്‍കിയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 50 ലക്ഷത്തോളം ആളുകള്‍ക്ക് ഈ പദ്ധതി പ്രകാരം സഹായമെത്തിച്ചു.

ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനവുമായി സഹകരിക്കാനായതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് റമസാനിലെ അവസാന ദിനങ്ങള്‍ ചെലവഴിക്കാനായി മക്കയിലെത്തിയ യൂസഫലി പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആരംഭിച്ച പദ്ധതി ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള സത്പ്രവൃത്തിയായാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

 

Latest