Saudi Arabia
ഒട്ടക മൂത്രത്തില്‍ നിന്ന് കാന്‍സറിന് മരുന്ന്; വ്യാജ പ്രചാരണങ്ങള്‍ തള്ളി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ഈ ഉത്പന്നം ഒരുവിധത്തിലുമുള്ള കാന്‍സര്‍ മരുന്നായല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അതോറിറ്റി.
ദമാം | കാന്‍സര്‍ ചികിത്സക്കായി ഒട്ടക മൂത്രത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത മരുന്നിന് തങ്ങള്‍ അംഗീകാരം നല്‍കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (SFDA) പൂര്‍ണമായും നിഷേധിച്ചു. സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ഇത്തരം അവകാശവാദങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അതോറിറ്റി ഔദ്യോഗികമായി വ്യക്തമാക്കി.
ഒട്ടക മൂത്രത്തിലെ സജീവ പദാര്ഥത്തില് നിന്ന് വേര്‍തിരിച്ചെടുത്ത ഔഷധത്തിന് എസ് എഫ് ഡി എയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇത് കാന്‍സറിന്റെ വിപുലമായ അഥവാ അവസാന ഘട്ടങ്ങള്‍ വരെ സുഖപ്പെടുത്തുന്നതില്‍ ഫലപ്രദമാണെന്നുമായിരുന്നു പ്രചാരണം. എന്നാല്‍ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതിന്റെ യഥാര്‍ഥ വസ്തുത വെളിപ്പെടുത്തി അതോറിറ്റി രംഗത്തെത്തുകയായിരുന്നു
ഈ ഉത്പന്നം ഒരുവിധത്തിലുമുള്ള കാന്‍സര്‍ മരുന്നായല്ല രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മിശ്രിതം അടങ്ങിയ ഒരു സാധാരണ ഭക്ഷണ സപ്ലിമെന്റ് (Dietary Supplement) മാത്രമാണിത്. ഇതിന് ഏതെങ്കിലും തരത്തിലുള്ള രോഗശാന്തി അവകാശങ്ങളോ കാന്‍സര്‍ ചികിത്സക്കുള്ള ലൈസന്‍സോ നല്‍കിയിട്ടില്ല
അതോറിറ്റിയുടെ ഔദ്യോഗിക ‘റൂമര്‍ ആന്‍ഡ് ഫാക്റ്റ്’ (Rumor and Fact) എന്ന പ്രത്യേക വിഭാഗത്തിലൂടെയാണ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജ മെഡിക്കല്‍ വാര്‍ത്തകള്‍ക്കെതിരെ എസ് എഫ് ഡി എ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ശാസ്ത്രീയമായ തെളിവുകളോ ഔദ്യോഗിക അംഗീകാരങ്ങളോ ഇല്ലാത്ത ഇത്തരം വ്യാജ ചികിത്സാ രീതികളെ വിശ്വസിച്ച് വഞ്ചിതരാകരുതെന്നും, ആരോഗ്യ കാര്യങ്ങളില്‍ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
Content Highlights:
Saudi Food and Drug Authority denied social media rumors regarding camel urine as a cancer cure. The authority clarified that no scientific evidence supports these medical claims. Public health officials warned against relying on unverified remedies and urged adherence to approved medical care.





