Connect with us

cyber attack

യുവ കലാകാരന്‍മാര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

പ്രസീത ചാലക്കുടിയെ ക്ഷേത്രത്തില്‍ കയറ്റില്ലെന്ന്; സൂരജ് സന്തോഷിനെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തെ രണ്ടു യുവ കലാകാരന്‍മാര്‍ക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം. ഡി വൈ എഫ് ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ച നാടന്‍പാട്ട് ഗായിക പ്രസീത ചാലക്കുടിക്കും അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ എസ് ചിത്രയുടെ പ്രതികരണത്തെ വിമര്‍ശിച്ച ഗായകന്‍ സൂരജ് സന്തോഷിനെതിരെയുമാണ് സൈബര്‍ ആക്രമണം ശക്തമായത്. സൂരജ് സന്തോഷിനെതിരെ കനത്ത ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍, കേരളത്തോട് കാണിക്കുന്ന പകപോക്കലിനെതിരായ പ്രസീത ചാലക്കുടിയുടെ വീഡിയോ പോസ്റ്റ് ചെയ്ത ഡി വൈ എഫ് ഐയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളായും സന്ദേശങ്ങളായുമാണ് ഭീഷണി. ‘ക്ഷേത്രങ്ങ ളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളില്‍ ഇടമില്ല’ എന്നിങ്ങനെയാണ് ഭീഷണി. ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പോസ്റ്റര്‍ പ്രചാരണം നടത്തുന്നതായി പ്രസീത പറഞ്ഞു.

സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ട വീഡിയോയില്‍ പ്രസീത പറഞ്ഞു. ഈശ്വര വിശ്വാസം തീപന്തമാണ് അതെടുത്ത് തലചൊറിയരുത് എന്നാണ് വിമര്‍ശകരോട് പ്രസീത പറയുന്നത്. എല്ലാ വര്‍ഷവും ഭര്‍ത്താവും മകനും ശബരിമലക്കു പോകാറുണ്ട്. വിശ്വാസ ങ്ങളെ അങ്ങേയറ്റം മാനിക്കുന്നയാളാണ് തനെന്നും പ്രസീത വീഡിയോയില്‍ പറയുന്നു. തന്നെയും തന്റെ പാട്ടുകളെയും ഇഷ്ടമുള്ളവര്‍ എന്നും കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പ്രസീത ഫേസ്ബുകില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ വ്യക്തമാക്കി.

ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതി എറണാകുളം സ്വദേശി ഉണ്ണികൃഷ്ണനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിനുമാണ് കേസ്. അപകീര്‍ത്തിപ്പെടുത്തലിന് എതിരെയുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ.എസ് ചിത്രയുടെ പ്രതികരണത്തിനു പിന്നാലെ ഗായകന്‍ സൂരജ് സന്തോഷ് വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന് സൂരജ് സന്തോഷിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണു നടന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ നല്‍കുന്ന പിന്തുണയാണു തന്റെ ധൈര്യവും പ്രതീക്ഷയുമെന്നു സൂരജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. താന്‍ തളരില്ല, തളര്‍ത്താന്‍ പറ്റുകയില്ലെന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

Latest