Kerala
ട്വന്റി 20 സ്ഥാനാർഥിയുടെ പേര് മാറ്റണമെന്ന അപേക്ഷ വരണാധികാരി തള്ളി
സിനിമയിലും പ്രചാരണ പോസ്റ്ററുകളിലും വോട്ടര്‍മാര്‍ക്ക് സുപരിചിതമായ 'അഞ്ജലി നായര്‍' എന്ന പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം
തൃപ്പൂണിത്തുറ| തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍ തന്റെ പേര് വോട്ടിങ് യന്ത്രത്തിലും ബാലറ്റിലും മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ വരണാധികാരി തള്ളി. സിനിമയിലും പ്രചാരണ പോസ്റ്ററുകളിലും വോട്ടര്‍മാര്‍ക്ക് സുപരിചിതമായ ‘അഞ്ജലി നായര്‍’ എന്ന പേര് ബാലറ്റില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, നിലവില്‍ രേഖപ്പെടുത്തിയിട്ടുള്ള ‘പിവി അഞ്ജലി’ എന്ന പേര് തന്നെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഔദ്യോഗിക രേഖകളിലെ പേരായ ‘അഞ്ജലി പി വി’ എന്നത് വോട്ടര്‍മാര്‍ക്കിടയില്‍ അത്ര പരിചിതമല്ലെന്നും ഇത് വോട്ട് കുറയാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ജലി നായര്‍ അധികൃതരെ സമീപിച്ചത്. ഈ വിഷയത്തില്‍ അവര്‍ നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയുടെ ഭാഗം കേട്ട ശേഷം ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി വരണാധികാരിയോട് നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് വിശദമായ പരിശോധന നടന്നത്.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് പേര് മാറ്റം ആവശ്യപ്പെടാത്തതും നിലവില്‍ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതും അപേക്ഷ തള്ളാന്‍ കാരണമായി വരണാധികാരി ചൂണ്ടിക്കാട്ടി. ഹോം വോട്ടിങ് ഉള്‍പ്പെടെയുള്ള പ്രക്രിയകള്‍ ആരംഭിച്ചുകഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി മാറ്റം വരുത്തുന്നത് പ്രായോഗികമല്ലെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിലപാട്.



