Kerala
'കോണ്‍ഗ്രസിന്റെ സ്വഭാവം വെച്ച് സിപിഎമ്മിനെ അളക്കാനും മാര്‍ക്കിടാനും വരേണ്ട; ആക്ഷേപം അജ്ഞതയും അധികപ്രസംഗവും'
കന്യാസ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ
തിരുവനന്തപുരം | ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയില്‍ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ എന്ന് അദ്ദേഹം ചോദിച്ചു. ചത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ബിജെപിക്കെതിരെ അന്നുതന്നെ ഇടതുപക്ഷം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അന്നും കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത് എന്ന രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം മിതമായ ഭാഷയില്‍ അജ്ഞതയും അധിക പ്രസംഗവും ആണ്. കന്യാസ്ത്രീകളെ ഉള്‍പ്പെടെ അന്യായമായി അറസ്റ്റുചെയ്യാന്‍ ബിജെപി സര്‍ക്കാരിന് എക്കാലവും ആയുധമായത് കോണ്‍ഗ്രസിന്റെ സംഭാവനകളാണ് എന്നത് രാഹുല്‍ ഗാന്ധി മറന്നുപോയോ? 2022-23 ലെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ നിന്ന് ആയിരക്കണക്കിന് ഗോത്ര വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരെ സംഘപരിവാര്‍ പ്രേരണയാല്‍ ആട്ടിയോടിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണമായിരുന്നില്ലേ അവിടെ? അന്ന് രാഹുല്‍ ഗാന്ധി പാര്‍ടി നേതൃത്വത്തില്‍ നിന്ന് അവധിയെടുത്തിരുന്നുവോ?
ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പു പ്രകാരമാണ് കന്യാസ്ത്രീകളെ ബിജെപി സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്. 2000 ല്‍ മധ്യപ്രദേശിനെ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാരാണ് മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഛത്തീസ്ഗഡിലും അതേപടി നിലനിര്‍ത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ട ഈ നിയമം റദ്ദാക്കാന്‍ പലഘട്ടങ്ങളില്‍ വര്‍ഷങ്ങളോളം സംസ്ഥാനത്തു ഭരണത്തിലിരുന്ന കോണ്‍ഗ്രസ്സ് തയ്യാറായില്ല. ഭരണഘടനാവിരുദ്ധവും മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെ അടിച്ചമര്‍ത്താനുപയോഗിച്ചു വരുന്നതുമായ ഈ നിയമം റദ്ദുചെയ്യണമെന്നാണ് ഇടതുപക്ഷത്തിന്റെ സുവ്യക്തമായ നിലപാട്. ഏറ്റവുമൊടുവില്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടെ അതുണ്ട്.
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ബിജെപിക്കെതിരെ ശക്തമായി തന്നെ ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ അഖിലേന്ത്യാ നേതാക്കള്‍ അവിടെ ചെന്ന് ഇടപെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ഇടപെടലുകള്‍ ആത്മാര്‍ത്ഥതയില്ലാത്തതായിരുന്നു. കേരളത്തിലെ ചില നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനിന്നു. എന്തേ ഈ വിഷയത്തില്‍ രണ്ടു നീതിയാണോ കോണ്‍ഗ്രസിന് ?
ഇനി രാഹുല്‍ ഗാന്ധിയോട് ഒരു ചോദ്യം: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഹിമാചല്‍ പ്രദേശിലെങ്കിലും ഇതേ നിയമം റദ്ദുചെയ്യാന്‍ തയ്യാറുണ്ടോ?
എന്തായാലും കോണ്‍ഗ്രസിന്റെ സ്വഭാവം വെച്ച് സിപിഐഎമ്മിനെ അളന്നു നോക്കാനും മാര്‍ക്കിടാനും അദ്ദേഹം വരേണ്ടതില്ല.




