Eduline
ഗവേഷണം ഇനി മോഡേൺ ബയോടെക്‌നോളജിയിൽ
ആദ്യവർഷം (രണ്ട് സെമസ്റ്ററുകളിൽ) ലൈഫ് സയൻസസ്, ബയോടെക്‌നോളജി എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലാസ്സ് റൂം ടീച്ചിംഗ്, ലബോറട്ടറി പരീക്ഷണങ്ങൾ എന്നിവയടങ്ങുന്ന പഠനങ്ങളാണ്.
മോഡേൺ ബയോടെക്‌നോളജിയിൽ ഗവേഷണം ചെയ്യാൻ താത്പര്യമുള്ളവർക്കായി റീജ്യനൽ സെന്റർ ഫോർ ബയോടെക്‌നോളജി (ആർ സി ബി-ഹരിയാന, ഫരീദാബാദ്) നടത്തുന്ന 2026 ലെ എം എസ്- പിഎച്ച് ഡി പ്രവേശനത്തിന് അപേക്ഷിക്കാം. ഇന്റർ-ഡിസിപ്ലിനറി രീതിയിലുള്ള പഠനസൗകര്യമാണ് ആർ സി ബി ഒരുക്കുന്നത്. കുറഞ്ഞത് അഞ്ച് വർഷം, പരമാവധി എഴ് വർഷം എന്നിങ്ങനെയാണ് കോഴ്സ് കാലാവധി. ആദ്യവർഷം (രണ്ട് സെമസ്റ്ററുകളിൽ) ലൈഫ് സയൻസസ്, ബയോടെക്‌നോളജി എന്നിവ കേന്ദ്രീകരിച്ചുള്ള ക്ലാസ്സ് റൂം ടീച്ചിംഗ്, ലബോറട്ടറി പരീക്ഷണങ്ങൾ എന്നിവയടങ്ങുന്ന പഠനങ്ങളാണ്.
രണ്ടാം വർഷം ഒരു റിസർച്ച് ലാബിൽ സൂപ്പർവൈസറുടെ മേൽനോട്ടത്തിൽ, രണ്ട് പേർക്കും ശാസ്ത്രതാത്പര്യമുള്ള ഒരു മേഖലയിൽ പ്രവർത്തിച്ച് നാലാം സെമസ്റ്റർ അവസാനം മാസ്റ്റേഴ്‌സ് ഡെസർട്ടേഷൻ തയ്യാറാക്കി നൽകണം.
രണ്ടാം വർഷം മാസ്റ്റേഴ്‌സ് ഡെസർട്ടേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേണമെങ്കിൽ എം എസ് ബിരുദത്തോടെ കോഴ്‌സിൽ നിന്ന് പുറത്തിറങ്ങാം. രണ്ടാം വർഷത്തെ പ്രകടനം വിലയിരുത്തി അതേ ലാബിൽ തന്നെ പിഎച്ച് ഡി ഗവേഷണം തുടരാനും അനുവാദം ലഭിക്കും.
യോഗ്യത
സയൻസ്/എൻജിനീയറിംഗ്/മെഡിസിൻ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ, 60 ശതമാനം മാർക്കോടെ (പട്ടിക/ഒ ബി സി/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡോടെയുള്ള ബാച്ചിലർ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാം അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- ബയോടെക്‌നോളജി (ജി എ ടി-ബി) അഭിമുഖീകരിച്ചിരിക്കണം. ഈ പരീക്ഷയിലെ സ്‌കോർ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ ഉണ്ടാകും. അതിലെ മികവ് പരിഗണിച്ച് അന്തിമ തിരഞ്ഞെടുപ്പ് നടത്തും. പരമാവധി 20 പേർക്ക് സംവരണതത്ത്വം പാലിച്ച് പ്രവേശനം നൽകാം.
ഫെലോഷിപ്പ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ രണ്ട് വർഷം പ്രതിമാസം 16,000 രൂപ (ആർ സി ബി-രാമചന്ദ്രൻ ഫെലോഷിപ്പ്) ലഭിക്കും. തുടർന്ന് പഠിക്കാൻ സി എസ് ഐ ആർ/ഐ സി എം ആർ/ഡി ബി ടി തുടങ്ങിയ ഏജൻസികളുടെ ജെ ആർ എഫ് യോഗ്യത നേടേണ്ടതുണ്ട്.
അപേക്ഷ
20 സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. rcb.res.in വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അവസാന തീയതി മേയ് നാല്. കൂടുതൽ വിവരങ്ങൾക്ക് 129 – 2848817, rcbadmissions@rcb.res.in.




