Kerala
വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യത നടപടിക്ക് സ്റ്റേ
അപ്പീലില്‍ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും സ്റ്റേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
കൊച്ചി | എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. അപ്പീലില്‍ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും സ്റ്റേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി
കമ്പനി നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയാണ് ഭാരവാഹിത്വത്തില്‍ നിന്നും സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്.ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
കേസില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു മാസത്തിനകം മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജൂണ്‍ 20 ന് അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടപടിയെടുത്തിരുന്നത്





