Kerala
നിയമസഭാ തിരഞ്ഞെടുപ്പ്: 1269 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; സൂക്ഷ്മ പരിശോധന നാളെ
അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആവസാനിച്ചു. ഇന്ന് വൈകിട്ട് മൂന്ന് വരെയായിരുന്നു പത്രിക സമര്‍പ്പണത്തിനുള്ള സമയം. ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 1269 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. അവസാന കണക്കുകളില്‍ ഇതില്‍ നേരിയ മാറ്റത്തിന് സാധ്യതയുണ്ട്.
പറവൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പാലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാര്‍ഥി മേജര്‍ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുല്‍ത്താന്‍ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണന്‍, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥന്‍, ഗുരുവായൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍, മാനന്തവാടിയിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രന്‍, ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍, അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി വി എസ് ശിവകുമാര്‍, തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സുധീര്‍ കരമന, എന്‍ ഡി എ സ്ഥാനാര്‍ഥി കരമന ജയന്‍ തുടങ്ങിയവരടക്കം പത്രിക നല്‍കി. പയ്യന്നൂരിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നല്‍കി.
പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വരെ സമയമുണ്ട്. അതേ സമയം സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും.




