Kerala
സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേടെന്ന് പ്രസിഡന്റ് പൊന്‍താമര
സഹകരണ സംഘത്തില്‍ 75 ലക്ഷത്തിന്റെക്രമക്കേട് നടന്നതായാണ് ആരോപണം.
അടൂര്‍ | അടൂര്‍ സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട് എന്ന ആരോപണവുമായി സംഘം പ്രസിഡന്റ് തന്നെ രംഗത്ത്. അഴിമതിക്ക് കൂട്ടുനില്‍ക്കാനാകാത്തതിനാല്‍ രാജിവയ്ക്കുന്നുവെന്നും പ്രസിഡന്റ് പൊന്‍താമര പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന്റെ മഹിളാ അസോസിയേഷന്‍ നേതാവായ പൊന്‍താമര പിള്ള മുന്‍ എംഎല്‍എ ഉണ്ണികൃഷ്ണ പിള്ളയുടെ ഭാര്യയാണ്.
സഹകരണ സംഘത്തില്‍ 75 ലക്ഷത്തിന്റെക്രമക്കേട് നടന്നതായാണ് ആരോപണം. ക്രമക്കേടിന് താന്‍ കൂട്ടുനിന്നില്ലെന്നും ഇവര്‍ പറയുന്നു. 30 ലക്ഷം രൂപ നിക്ഷേപിച്ച ആള്‍ അറിയാതെ പിന്‍വലിച്ചു, മാത്രമല്ല ഈ നിക്ഷേപത്തിന്റെ പലിശ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി എന്ന് കരുവാറ്റ സ്വദേശി പരാതി നല്‍കി. വ്യാജരേഖ ചമച്ച് മറ്റൊളുടെ പേരില്‍ വായ്പയെടുത്തെന്നും അത് നേതാക്കള്‍ വീതിച്ചെടുത്തെന്നും പൊന്‍താമര ആരോപിച്ചു.
താന്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ സഹകരണ വകുപ്പിന്റെ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.ഇതിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി പരിശോധിച്ചപ്പോഴാണ് തന്റെ ഒപ്പുപോലും വ്യാജമായി ഇട്ട് തട്ടിപ്പ് നടന്നുവെന്ന് വ്യക്തമായതെന്ന് പൊന്‍താമര പിള്ള പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതാക്കളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല. പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇത് തന്റെ മേല്‍ കെട്ടിവയ്ക്കുമെന്ന ഭീതിയിലാണ് പൊന്‍താമര പിള്ള വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്.
മുന്‍ പ്രസിഡന്റും നിലവില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമായ രവീന്ദ്രനെതിരെയാണ് ഇവര്‍ പ്രധാനമായും ആരോപണങ്ങളുന്നയിക്കുന്നത്. ബേങ്കില്‍ കംപ്യൂട്ടര്‍ വത്കരണം കൊണ്ടുവരുന്നതിന് മുമ്പുള്ള രേഖകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.2024 നവംബര്‍ ഒന്നിനാണ് പൊന്‍താമര പിള്ള സഹകരണ സംഘത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. സിപിഎം നേതൃത്വത്തിലുള്ളവര്‍ ഏറെക്കാലമായി ഭരണസമിതിയിലുള്ളതാണ് അടൂര്‍ സഹകരണ സംഘം.





