Eduline
ഡിപ്ലോമ, പി ജി ഡിപ്ലോമ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് വർഷത്തിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. മേയിൽ പ്രവേശന പരീക്ഷ നടക്കും.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്‌സ് മുതൽ പി എച്ച് ഡി വരെയുള്ള എട്ട് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31. ജൂലൈയിൽ ആരംഭിക്കുന്ന അക്കാദമിക് വർഷത്തിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിട്ടുള്ളത്. മേയിൽ പ്രവേശന പരീക്ഷ നടക്കും.
◆ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം പി എച്ച്)
ആകെ 28 ഒഴിവുകൾ. കോഴ്‌സ് കാലാവധി രണ്ട് വർഷം.
യോഗ്യത: എം ബി ബി എസ്/ ബി ഡി എസ്/ ബി ടെക്/ ബി വി എസ് സി/ ബി എസ് സി നഴ്‌സിംഗ്/ ബി പി ടി/ ബി ഫാം/ ഒക്യുപേഷനൽ തെറാപ്പി ബിരുദം എന്നിവയോ സ്റ്റാറ്റിസ്റ്റിക്‌സ്/ ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഡെമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രീഷൻ, സോഷ്യോളജി, ഇക്കണോമിക്‌സ്, സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്‌മെന്റ്, ലോ എന്നിവയിൽ പി ജിയോ ഉള്ളവർക്ക് അപേക്ഷിക്കാം. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി: 40 വയസ്സ്. പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
◆ ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്
കാലാവധി: ഒരു വർഷം (ജൂലൈ 2026 മുതൽ ജൂൺ 2027 വരെ). ആകെ 11 സീറ്റുകൾ.
എം ബി ബി എസിന് ശേഷം സർക്കാർ സർവീസിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ആവശ്യമാണ്. പ്രായപരിധി: 50 വയസ്സ്. പത്തിൽ കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ, പരീക്ഷയും അഭിമുഖവും നടത്തിയായിരിക്കും പ്രവേശനം.
◆ എം ടെക് ബയോമെഡിക്കൽ
യോഗ്യത: ബയോമെഡിക്കൽ, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങളിലെ ബി ടെക്, കെമിസ്ട്രി, ഫിസിക്‌സ് എന്നീ വിഷയങ്ങളിൽ ഉള്ള എം എസ് സി, എം ബി ബി എസ്, ബി ഡി എസ്, ബിഫാം തുടങ്ങിയ ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ആകെ പത്ത് സീറ്റുകൾ. നാല് സീറ്റിൽ ശ്രീചിത്ര നടത്തുന്ന പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം. ബാക്കിയുള്ള ആറ് സീറ്റിൽ ഗേറ്റ് സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് പ്രവേശനം. കോഴ്‌സ് കാലയളവ്: നാല് സെമസ്റ്റർ, രണ്ട് വർഷം.
◆ പിഎച്ച് ഡി
യു ജി സി/ സി എസ് ഐ ആർ/ ഐ സി എം ആർ/ ഡി ബി ടി/ ഡി എച്ച് ആർ- ബി ആർ ഇ ടി ജെ ആർ എഫ് ഉള്ളവർക്കും ശ്രീചിത്രയിൽ നിന്നുള്ള എം ഫിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ഹെൽത്ത് സയൻസ്, ബയോമെറ്റീരിയൽ സയൻസ് ആൻഡ് ടെക്‌നോളജി, മെഡിക്കൽ സയൻസ്, ബയോ എൻജിനീയറിംഗ്, ബയോ മെഡിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ അപേക്ഷിക്കാം.
◆ പി ജി ഡിപ്ലോമ
(കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ക്ലിനിക്കൽ പെർഫ്യൂഷൻ, ട്രാൻസ്ഫ്യൂഷൻ ടെക്‌നോളജി കോഴ്‌സുകൾ)
◆ കാർഡിയാക് ലബോറട്ടറി ടെക്‌നോളജിയിൽ പി ജി ഡിപ്ലോമ
ഫിസിക്‌സ് പ്രധാന വിഷയമായോ അനുബന്ധ വിഷയമായോ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി എസ്്സിബിരുദം അല്ലെങ്കിൽ മൊത്തം 50 ശതമാനം മാർക്കോടെ കാർഡിയാക് ലബോറട്ടറി ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ സ്‌പെഷ്യാലിറ്റി.
◆ ക്ലിനിക്കൽ പെർഫ്യൂഷനിൽ പി ജി ഡിപ്ലോമ (പി ജി ഡി സി പി).
അംഗീകൃത സർവകലാശാലയിൽ സുവോളജിയിൽ പ്രധാന വിഷയമായോ അനുബന്ധ വിഷയമായോ ബി എസ്്സി ബിരുദം അല്ലെങ്കിൽ ‘ക്ലിനിക്കൽ പെർഫ്യൂഷനിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ സ്‌പെഷ്യാലിറ്റി’. കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്.
◆ ട്രാൻസ്ഫ്യൂഷൻ ടെക്‌നോളജിയിൽ
പി ജി ഡിപ്ലോമ
ബയോളജിക്കൽ സയൻസിലെ ഏതെങ്കിലും ശാഖയിൽ ബി എസ്്സി അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ട്രാൻസ്ഫ്യൂഷൻ ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ സ്‌പെഷ്യാലിറ്റിയിൽ ഈ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയിരിക്കണം. കോഴ്‌സ് കാലയളവ്: രണ്ട് വർഷം. പ്രായപരിധി: 25 വയസ്സ്.
◆ ഡിപ്ലോമ: ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്‌നോളജി ഡിപ്ലോമ
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇലക്ട്രോണിക്‌സ്/ ബയോ മെഡിക്കൽ എൻജിനീയറിംഗ്/ ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ഓപറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജിയിൽ ബിരുദം അല്ലെങ്കിൽ തത്തുല്യമായ സ്‌പെഷ്യാലിറ്റി ഉള്ള മികച്ച അക്കാദമിക് റെക്കോർഡ്. കോഴ്‌സ് കാലയളവ്: രണ്ട് വർഷം. പ്രായപരിധി: 25 വയസ്സ്.
◆ ഫിസിയോതെറാപ്പി അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി. അംഗീകൃത സർവകലാശാലാ ക്യാമ്പസിൽ നാല് വർഷത്തെ റെഗുലർ ബിരുദവും ഫിസിയോതെറാപ്പിയിൽ ഇന്റേൺഷിപ്പും. കോഴ്‌സ് കാലയളവ്: ഒരു വർഷം. പ്രായപരിധി 25 വയസ്സ്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31.





