Kerala
അമീബിക്ക് മസ്തിഷ്‌ക്കജ്വരം സംശയിക്കുന്ന റാന്നി സ്വദേശിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
നിലവില്‍ രോഗി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പത്തനംതിട്ട | അമീബിക്ക് മസ്തിഷ്‌ക്കജ്വരം സംശയിക്കുന്ന റാന്നി-പെരുന്നാട് സ്വദേശിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഈ മാസം അഞ്ചിനാണ് പെരുനാട് സ്വദേശി കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.ഇവിടെ നിന്ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചു. പിന്നീട് പത്തനംതിട്ട ജനറലാശുപത്രിയിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെക്കും രോഗിയെ മാറ്റി. രോഗം വന്ന സാഹചര്യം വിലയിരുത്താന്‍ രോഗിയുടെ വീട്ടിലെയും ജോലിസ്ഥലത്തെയും വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരത്തെ റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബിലേക്ക് അയച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന റാന്നി രോഗിയുടെ നില മെച്ചപ്പെട്ടുവെന്നും ഇന്നലെ രോഗി ബന്ധുക്കളുമായി സംസാരിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.