Connect with us

file clearing mission

പതിവ് തെറ്റാതെ ഫയൽ തീര്‍പ്പാക്കാന്‍ "യജ്ഞം'

പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുകയെന്നത് ഇടത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. എന്നാലിപ്പോഴും സര്‍ക്കാറിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്ന് കെട്ടിക്കിടക്കുന്ന ഫയലുകളാണ്.

Published

|

Last Updated

ഴിഞ്ഞ ഞായറാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അവധി ദിനവും കനത്ത മഴയുമായിരുന്നിട്ടും കലക്ടറേറ്റ്, വില്ലേജ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, ട്രഷറി എന്നിവിടങ്ങളിലെ എഴുപത് ശതമാനത്തോളം ജീവനക്കാരും ജോലിക്കെത്തി. കുടുംബത്തോടൊപ്പമുള്ള അവധി ദിനാഘോഷം മാറ്റിവെച്ച് അന്നവര്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക്, ചുവപ്പുനാടയില്‍ നിന്ന് മോചനം നല്‍കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ മുഴുകി. വിവിധ വകുപ്പുകളിലെ ആയിരക്കണക്കിനു ഫയലുകള്‍ അന്ന് തീര്‍പ്പാക്കി. സര്‍ക്കാറിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഈ അവധി ദിന പ്രവൃത്തി. സെപ്തംബര്‍ 30നകം കെട്ടിക്കിടക്കുന്ന ഫയലുകളെല്ലാം തീര്‍പ്പാക്കാനാണ് തീരുമാനം.
കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ഫയലുകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കാന്‍ ഇടയായതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ കൊവിഡ് വരുന്നതിന്റെ തൊട്ടുമുമ്പത്തെ വര്‍ഷം 2019ലും സര്‍ക്കാറിനു നടത്തേണ്ടി വന്നിരുന്നു ആഗസ്റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 31 വരെ 92 ദിവസം നീളുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞം. കൊവിഡല്ല, ജീവനക്കാരുടെ ഉദാസീനതയും അവരെ “കാണേണ്ടത് പോലെ കാണാത്തതും’ നിയമത്തിന്റെ നൂലാമാലകളുമെല്ലാമാണ് ഫയലുകള്‍ കുന്നുകൂടിയതിനു പിന്നില്‍. മുന്‍ കാലങ്ങളില്‍ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം ഇടക്കിടെ പുറത്തു വിടാറുണ്ടായിരുന്നു. നിലവില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി മുഴുവന്‍ ഫയലുകളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കണക്ക് പുറത്തുവിടേണ്ടെന്നാണ് നിര്‍ദേശം. എത്ര ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നു എന്ന് നിയമസഭയില്‍ ചോദ്യം വരുമ്പോഴും “വിവരം ശേഖരിച്ചു വരുന്നു’ എന്ന സ്ഥിരം പല്ലവിയായിരിക്കും മറുപടി. എണ്ണം വെളിപ്പെടുത്താറില്ല. ജീവനക്കാരുടെ അനാസ്ഥ മൂലം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്ന ഫയലുകളുടെ എണ്ണം പുറത്തു വിട്ടാല്‍ പൊതുസമൂഹത്തില്‍ നിന്ന് വിമര്‍ശം ഏല്‍ക്കേണ്ടി വരുമെന്ന ഭയമായിരിക്കണം ഒഴിഞ്ഞുമാറ്റത്തിനു കാരണം.

കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 1.48 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നും പൊതുഭരണ വകുപ്പില്‍ മാത്രം 11,415 ഫയലുകളും ധനകാര്യവകുപ്പില്‍ 1,700ഓളം ഫയലുകളും തീര്‍പ്പാകാതെയുണ്ടെന്നുമാണ് അനൗദ്യോഗിക വിവരം. സെക്രട്ടേറിയറ്റില്‍ നിലവില്‍ 4,700ഓളം ജീവനക്കാരുണ്ട്. ഇവര്‍ മനസ്സുവെച്ചാല്‍ ഫയല്‍ അദാലത്തും തീവ്ര യജ്ഞവും നടത്താതെ തന്നെ ഫയലുകളെല്ലാം തീര്‍പ്പാക്കാവുന്നതേയുള്ളൂ. പക്ഷേ, സര്‍ക്കാര്‍ ജോലികളെല്ലാം ചട്ടപ്പടിയാണല്ലോ. 1957ല്‍ ഇ എം എസ് സര്‍ക്കാറിന്റെ കാലത്ത് 858 ജീവനക്കാരാണ് സെക്രട്ടേറിയറ്റിലുണ്ടായിരുന്നത്. എന്നിട്ടും ഇന്നത്തേക്കാള്‍ വേഗമുണ്ടായിരുന്നു അന്ന് ഫയല്‍ നീക്കത്തിന്. സര്‍ക്കാര്‍ സര്‍വീസിലെ ചട്ടപ്പടി ജോലിക്ക് മാറ്റം വരുത്തി സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും പോലെ ജോലിക്കു കൃത്യതയും വേഗതയും വരുത്താനുള്ള ശ്രമങ്ങള്‍ നടക്കാതെയല്ല. യൂനിയനുകളുടെയും അധികാരത്തിന്റെ വഴിവിട്ട ഇടങ്ങള്‍ തേടുന്ന മധ്യവര്‍ത്തി നേതാക്കളുടെയും ഇടപെടല്‍ മൂലം അത് പരാജയപ്പെടാറാണ് പതിവ്.

ചുവപ്പുനാടക്കുരുക്ക് അഴിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ആറ് വര്‍ഷം മുമ്പ് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയത്. “നിങ്ങളുടെ മുമ്പില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരുടെ ജീവിതമാണുള്ളതെന്നും ആ ഫയലുകളില്‍ നിങ്ങളെഴുതുന്ന കുറിപ്പാവും ഒരുപക്ഷേ അവരില്‍ അപൂര്‍വം ചിലരെങ്കിലും തുടര്‍ന്ന് ജീവിക്കണോ മരിക്കണോ എന്ന് പോലും നിശ്ചയിക്കുന്നതെ’ന്നും അധികാരമേറ്റ ഉടനെ ജീവനക്കാരെ വിളിച്ചു കൂട്ടി മുഖ്യമന്ത്രി ഓര്‍മിപ്പിച്ചതാണ്. ജനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തേടി എത്തലല്ല, സേവനങ്ങളുമായി ജനങ്ങളിലേക്ക് എത്തുകയാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഉദ്യോഗസ്ഥ അലംഭാവം തുടച്ചു നീക്കുകയെന്നത് ഇടത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയവുമാണ്. എന്നാലിപ്പോഴും സര്‍ക്കാറിന്റെ മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്ന് കെട്ടിക്കിടക്കുന്ന ഫയലുകളാണ്. മൂന്ന് മാസത്തിലൊരിക്കല്‍ സാദാ അദാലത്തും ഇടക്കിടെ മെഗാ അദാലത്തുകളും ഉദ്യോഗസ്ഥ വിന്യാസവുമെല്ലാം നടത്തിയിട്ടും ഫയല്‍ക്കൂമ്പാരങ്ങള്‍ക്ക് കാര്യമായ കുറവ് വരുത്താനായില്ല.

സെക്രട്ടേറിയറ്റിലെ 44 വകുപ്പ് ഓഫീസുകളിലുമായി മാസം ശരാശരി 20,000 ഫയലുകളാണ് ഉണ്ടാകുന്നത്. അസിസ്റ്റന്റ് മുതല്‍ വകുപ്പ് സെക്രട്ടറി വരെയുള്ളവരുടെ പരിശോധനക്കു ശേഷമാണ് ഒരു ഫയല്‍ തീര്‍പ്പാക്കുന്നത്. അഥവാ അഞ്ച് തലങ്ങളെങ്കിലും കടന്നു വേണം ഫയലുകളുടെ കാര്യത്തില്‍ തീരുമാനം കാണാന്‍. ചില ഫയലുകളുടെ പരിശോധന ചീഫ് സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസുകളിലേക്കു വരെ നീളും. അതോടെ ഫയലുകള്‍ എത്തിപ്പെടേണ്ട തലങ്ങളുടെ എണ്ണം പിന്നെയും വര്‍ധിക്കും. അതിവേഗം തീര്‍പ്പാക്കാവുന്ന ഫയലുകള്‍ പോലും പല ഓഫീസുകളിലായി മാസങ്ങള്‍ കെട്ടിക്കിടക്കാന്‍ ഇതിടയാക്കുന്നു. ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ ഫയല്‍ പരിശോധിക്കേണ്ട തലങ്ങള്‍ കുറച്ചുകൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ അവസാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള്‍ മാത്രം സെക്രട്ടറി തലത്തില്‍ വിശദമായി പരിശോധിച്ചാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇതോടെ ഫയല്‍ പരിശോധന അഞ്ചില്‍ നിന്ന് മൂന്ന് തലത്തിലേക്കു കുറയും. എന്നാല്‍ ഫയല്‍ പരിശോധനകളുടെ എണ്ണം കുറക്കുന്നതോടൊപ്പം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകുക കൂടി ചെയ്‌തെങ്കിലേ ഫയല്‍ നീക്കത്തിന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വേഗം കൈവരികയുള്ളൂ. ജീവനക്കാരെല്ലാം കൃത്യമായി ഓഫീസില്‍ എത്തുകയും ഓഫീസ് സമയം ഔദ്യോഗിക ജോലികള്‍ക്കായി മാത്രം വിനിയോഗിക്കുകയുമാണ് ഇതിനാദ്യമായി വേണ്ടത്. വൈകി ഓഫീസിലെത്തുകയും രജിസ്റ്ററില്‍ ഒപ്പിട്ട് സംഘടനാ പ്രവര്‍ത്തനത്തിനോ മറ്റാവശ്യങ്ങള്‍ക്കോ കറങ്ങിനടക്കുകയും ചെയ്താല്‍ ഫയലുകള്‍ നീങ്ങുകയില്ല. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിതമായിട്ടും ഉഴപ്പിനടക്കുന്ന ജീവനക്കാര്‍ ഇപ്പോഴുമുണ്ട് ഓഫീസുകളില്‍. ഇത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്.