From the print
"ഓഫര്‍ വോട്ടെടുപ്പ്': കഫേ കോഫിയില്‍ കിഴിവും യൂബറില്‍ സൗജന്യ യാത്രയും
വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്താൻ യൂബർ സൗജന്യയാത്ര ഒരുക്കുന്നുമുണ്ട്.
പാലക്കാട് | ജനാധിപത്യത്തിന്റെ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഇത്തവണ ആകർഷകമായ ഓഫറുകളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. നാളെ നടക്കുന്ന വോട്ടെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്കായി വിവിധ ഇളവുകളും സൗജന്യ സേവനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പദ്ധതിയുടെ ഭാഗമായാണ് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവ് നൽകുന്ന ഈ നീക്കം. വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വോട്ട് രേഖപ്പെടുത്തി വിരലിലെ മഷി അടയാളവുമായി എത്തുന്നവർക്ക് പ്രമുഖ കഫേ ശൃംഖലയായ കഫേ കോഫി ഡേ ഔട്ട്‌ലെറ്റുകളിൽ പ്രത്യേക ഇളവ് ലഭിക്കും. ഓരോ ഔട്ട്‌ലെറ്റിലെയും ആദ്യ 15 പേർക്ക് ബില്ലുകളിൽ 25 ശതമാനം വരെ കിഴിവ് നൽകുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഈ ആനുകൂല്യം ലഭ്യമാക്കും.
അതേസമയം, വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്താൻ യൂബർ സൗജന്യയാത്ര ഒരുക്കുന്നുമുണ്ട്. കൂടാതെ, വോട്ട് ചെയ്തതിന് തെളിവായി വിരലിലെ മഷി കാണിക്കുന്നവർക്ക് ഒരു കിലോ പുട്ടുപൊടി വെറും ഒരു രൂപക്ക് നൽകുന്ന “വോട്ട് ആന്‍ഡ് എൻജോയ് പുട്ട്’ പദ്ധതി സപ്ലൈകോ പ്രഖ്യാപിച്ചിട്ടുണ്ട്. കന്നി വോട്ടർമാരെ വരവേൽക്കുന്നതിനായി “വോട്ട് സ്വീറ്റൻഡ് കേരള’ ക്യാമ്പയിന്റെ ഭാഗമായി ഹൽവ വിതരണം ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. യുവജനങ്ങളെയും നഗരവാസികളെയും കൂടുതൽ സജീവമായി പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കാനാണ് ഇത്തരം സംരംഭങ്ങൾ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരും സജീവമായി പങ്കാളികളാകണമെന്ന സന്ദേശം ശക്തമായി ഉയർത്തിപ്പിടിക്കുന്നതാണ് ഇത്തവണത്തെ സ്വീപ് പ്രവർത്തനങ്ങളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതർ അറിയിച്ചു.



