Editorial
ചികിത്സ തേടുന്ന ആരോഗ്യ പൊതുമേഖല
കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളും സത്പേരും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വകുപ്പ് മേധാവികളുടെ സജീവ ശ്രദ്ധയും യഥാസമയം പോരായ്മകള്‍ നികത്താനുള്ള നടപടികളും ആവശ്യമാണ്.

ഓപറേഷന്‍ തിയേറ്ററുകളില്‍ ഉപകരണക്ഷാമം, ഡോക്ടര്‍മാരുടെ കുറവ്, രോഗികള്‍ പുറമെ നിന്ന് മരുന്നുകള്‍ വാങ്ങേണ്ട അവസ്ഥ, ചികിത്സാ പിഴവുകള്‍ തുടങ്ങി സുഖകരമല്ലാത്ത വാര്‍ത്തകളാണ് സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മെഡി. കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം കാരണം ഡോക്ടര്‍മാരും രോഗികളും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ- സാമൂഹിക മണ്ഡലങ്ങളില്‍ വലിയ ചര്‍ച്ചയായി. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ മുടങ്ങിയ സാഹചര്യം ഉണ്ടായെന്നും പലപ്പോഴും രോഗികള്‍ വാങ്ങിത്തരുന്ന ഉപകരണങ്ങള്‍ കൊണ്ടാണ് ഓപറേഷന്‍ നടത്തുന്നതെന്നും തുറന്നു പറഞ്ഞ ഡോ. ഹാരിസ്, ഇതൊക്കെ കാരണം രോഗികളുടെ മുമ്പില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്നതിനാല്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും പറയുന്നു. വിഷയം നേരത്തേ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പൊതുസമൂഹത്തിനു മുമ്പാകെ അദ്ദേഹത്തിന് കാര്യങ്ങള്‍ പറയേണ്ടി വന്നത്. ഇക്കാര്യത്തില്‍ മന്ത്രിയല്ല ബ്യൂറോക്രസിയാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മറ്റു മെഡി. കോളജുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. കോട്ടയം മെഡി. കോളജില്‍ ഡോക്ടര്‍മാരുടെ കുറവ് കാരണം പലപ്പോഴും ശസ്ത്രക്രിയക്ക് താമസം നേരിടുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. ന്യൂറോ, കാര്‍ഡിയോളജി, മെഡിസിന്‍ വിഭാഗങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഇവിടെ ലേസര്‍ മെഷീന്‍ കേടായി കിടന്നത് ഒരു വര്‍ഷത്തോളമാണ്. കണ്ണിലെ പ്രഷര്‍, ഡയപറ്റിക് റെറ്റിനോപ്പതി തുടങ്ങിയ നേത്രരോഗ പരിശോധനകള്‍ക്ക് അനിവാര്യമാണ് ലേസര്‍ മെഷീന്‍. കോട്ടയത്തിനു പുറമെ, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നും രോഗികള്‍ ചികിത്സക്കെത്തുന്ന പ്രമുഖ ചികിത്സാ കേന്ദ്രമാണിത്.
തൃശൂര്‍ മെഡി. കോളജില്‍ ഒരു മാസത്തോളമായി ഹൃദയശസ്ത്രക്രിയ നടക്കുന്നില്ല. അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാകേണ്ട 50 രോഗികളെ ഇത് പ്രയാസത്തിലാക്കി. കാര്‍ഡിയോളജി പെര്‍ഫ്യൂഷ്യനിസ്റ്റുകളുടെ കാര്യക്ഷമതയെക്കുറിച്ചുള്ള സന്ദേഹമാണ് കാരണമായി പറയപ്പെടുന്നത്. ശസ്ത്രക്രിയ സമയത്ത് രോഗികളുടെ ഫിസിയോളജിക്കല്‍ കണ്ടീഷന്‍ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന കാര്‍ഡിയോപള്‍മോണറി ബൈപാസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന വിഭാഗമാണ് കാര്‍ഡിയോളജി പെര്‍ഫ്യൂഷ്യനിസ്റ്റുകള്‍. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് വിദഗ്ധരെത്തി പെര്‍ഫ്യൂഷ്യനിസ്റ്റുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തിയ ശേഷമേ ശസ്ത്രക്രിയ പുനരാരംഭിക്കുകയുള്ളൂ എന്ന നിലപാടിലാണ് കോളജ് സൂപ്രണ്ട്.
ഫണ്ടിന്റെ അഭാവമാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം. കേന്ദ്രത്തിന്റെ നിസ്സഹകരണം മൂലം സംസ്ഥാന സര്‍ക്കാര്‍ അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആരോഗ്യ മേഖലക്ക് ബജറ്റില്‍ മതിയായ തുക നീക്കിവെക്കാന്‍ സാധിക്കാറില്ല. ബജറ്റില്‍ പ്രഖ്യാപിച്ച തുക തന്നെ വെട്ടിക്കുറക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. മെഡി. കോളജുകള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ 146 കോടിയുടെയും ജില്ലാ ജനറല്‍ ആശുപത്രികള്‍ തൊട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ച തുകയില്‍ 63 കോടിയുടെയും വെട്ടിക്കുറവ് വരുത്തിയതായി ഇതിനിടെ വാര്‍ത്ത വന്നിരുന്നു. മെഡി. കോളജ് വിഭാഗങ്ങള്‍ക്ക് 2024-25 വര്‍ഷത്തെ ബജറ്റില്‍ 401.25 കോടി അനുവദിച്ചത് 254.35 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. താഴേക്കിട ആശുപത്രികള്‍ക്ക് വകയിരുത്തിയ 153.12 കോടി 90.02 കോടിയായും വെട്ടിക്കുറച്ചു.
ഉപകരണ ക്ഷാമത്തോടൊപ്പം മരുന്ന് ക്ഷാമവും കൂടിയാകുമ്പോള്‍ ചികിത്സാ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ മിക്ക ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളുണ്ടാകുന്ന സമയം വിരളമാണ്. മെഡി. കോളജിലേക്ക് മരുന്നുകള്‍ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് സമയത്തിന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഏജന്‍സികള്‍ മരുന്ന് വിതരണം നിര്‍ത്തിവെച്ചതാണ് മരുന്ന് ക്ഷാമത്തിനു കാരണം. കഴിഞ്ഞ ആഗസ്റ്റ് മുതല്‍ വിതരണം ചെയ്ത മരുന്നിന്റെ തുക കുടിശ്ശികയായി അവശേഷിക്കുന്നു. ഈയിനത്തില്‍ 2,000 കോടിയോളം കുടിശ്ശികയുണ്ടെന്നാണ് വിവരം.
ഡോ. ഹാരിസ് അറക്കലിനെക്കുറിച്ച് നല്ല അഭിപ്രായമാണ് ആരോഗ്യ മന്ത്രി പ്രകടിപ്പിച്ചത്. അറിഞ്ഞിടത്തോളം അദ്ദേഹം സത്യസന്ധനും കഠിനാധ്വാനിയുമാണെന്ന് മന്ത്രി പറയുന്നു. ഈയൊരു സാഹചര്യത്തില്‍ തീര്‍ത്തും സദുദ്ദേശ്യപരമായിരിക്കണം മെഡി. കോളജ് ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാതികള്‍. ആരോഗ്യവകുപ്പ് ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവായിരിക്കാം ആശുപത്രി ഉപകരണങ്ങളുടെ ക്ഷാമത്തിനു കാരണമെന്നാണ് മന്ത്രിയുടെ കാഴ്ചപ്പാട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന വിധം പൊതു ആരോഗ്യ മേഖല വളര്‍ന്നിരിക്കെ നേരത്തേ കണക്കാക്കിയ ഉപകരണങ്ങളും മരുന്നുകളും തികയാതെ വരിക സ്വാഭാവികമാണ്. എങ്കിലും ഡോ. ഹാരിസിന്റെ പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ആലപ്പുഴ മെഡി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ ചെയര്‍മാനായി നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട് മന്ത്രി. ഇത് സ്വാഗതാര്‍ഹമാണ്. റിപോര്‍ട്ട് ലഭ്യമായാല്‍ ഉടനെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങളും സത്പേരും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വകുപ്പ് മേധാവികളുടെ സജീവ ശ്രദ്ധയും യഥാസമയം പോരായ്മകള്‍ നികത്താനുള്ള നടപടികളും ആവശ്യമാണ്.